Wednesday, 22 January 2025

പന്ത്രണ്ടുകാരനായ ആർച്ചി ബാറ്റർസ്ബീ വിടവാങ്ങി... ലൈഫ് സപ്പോർട്ട് ഇന്ന് സ്വിച്ച് ഓഫ് ചെയ്തു... ഹൃദയവേദനയോടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും

പന്ത്രണ്ടുകാരനായ ആർച്ചി ബാറ്റർസ്ബീ ഈ ലോകത്തോടു വിട പറഞ്ഞു. റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്ന ആർച്ചിയുടെ ലൈഫ് സപ്പോർട്ട് ഇന്ന് സ്വിച്ച് ഓഫ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12.15ന് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആർച്ചിയുടെ ലൈഫ് സപ്പോർട്ട് തുടരുന്നതുമായി ബന്ധപ്പെട്ട നീണ്ട നിയമയുദ്ധം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ലൈഫ് സപ്പോർട്ട് തുടരണമെന്ന അഭ്യർത്ഥനയുമായി ബ്രിട്ടണിലെ ഹൈകോർട്ടിലും യൂറോപ്യൻ ഹ്യൂമൻ റൈറ്റ്സ് കോർട്ടിലും വരെയെത്തിയ കുടുംബാംഗങ്ങളുടെ ശ്രമം പരാജയപ്പെട്ടു. ഹൃദയവേദനയോടെയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആർച്ചിയുടെ മരണത്തോട് പ്രതികരിച്ചത്. "എൻ്റെ പ്രിയപ്പെട്ട ആർച്ചി വിടവാങ്ങി.... അവൻ അവസാനം വരെ പൊരുതി." ആർച്ചിയുടെ അമ്മ ഹോളി ഡാൻസ് വിതുമ്പലോടെ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് ആർച്ചിയെ എസക്സിലെ സൗത്ത് എൻഡിലുള്ള വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മാരകമായ പരിക്ക് ബ്രെയിനിൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അബോധാവസ്ഥയിലായ ആർച്ചി വെൻ്റിലേറ്ററിൻ്റെയും ഡ്രഗ് ട്രീറ്റ്മെൻറിൻ്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തി വന്നത്. 2022 ഏപ്രിൽ 7 ന് സൗത്ത് എൻഡ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ആർച്ചിയെ പിറ്റേന്ന് ദി റോയൽ ലണ്ടൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. ഏപ്രിൽ 26 ന് ആർച്ചിയ്ക്ക് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗ് നടത്താൻ ഹോസ്പിറ്റൽ അധികൃതർ ഹൈകോർട്ടിൻ്റെ അനുമതി തേടി.

മെയ് 13 ന് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗിനുള്ള അനുമതി ജഡ്ജ് നല്കി. രണ്ടു സ്പെഷ്യലിസ്റ്റുകൾ ആർച്ചിക്ക് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗ് നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെരിഫെറൽ നെർവ് സ്റ്റിമുലേഷൻ ടെസ്റ്റിനോട് ആർച്ചി പ്രതികരിക്കാതിരുന്നതാണ് ഈ ശ്രമം പരാജയപ്പെടാൻ കാരണമായത്. ആർച്ചിയുടെ ശരീരത്തിന് ചലനമുണ്ടായാൽ അത് ദോഷകരമായി ഭവിക്കുമെന്ന വാദമുയർത്തി എം.ആർ.ഐ സ്കാനിനുള്ള നിർദ്ദേശം ആർച്ചിയുടെ കുടുംബം നിരാകരിച്ചെങ്കിലും കോടതിയുടെ ഉത്തരവ് അനുസരിച്ച് മെയ് 31 ന് സ്കാൻ നടത്തി. എം.ആർ.ഐ സ്കാൻ അനുസരിച്ച് ആർച്ചി മരണപ്പെട്ടു എന്നു സ്ഥിരീകരിച്ചതിനാൽ ട്രീറ്റ്മെൻറ് തുടരേണ്ടതില്ലെന്ന് ജൂൺ 13 ന് ഹൈക്കോർട്ട് ജഡ്ജ് റൂളിംഗ് നല്കി. തുടർന്ന് ഈ ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് ആർച്ചിയുടെ കുടുംബം ഉന്നത കോടതികളെ സമീപിച്ചെങ്കിലും അനുകൂലമായ ഉത്തരവുകൾ ലഭിച്ചില്ല. 
 

Other News