കോവിഡിനെ പ്രതിരോധിക്കുന്ന ഇരട്ട വാക്സിന് ബ്രിട്ടൺ അംഗീകാരം നല്കി. ഒറിജിനൽ കോവിഡ് വൈറസിനെതിരെയും പുതിയ ഒമിക്രോൺ വേരിയൻ്റിനെതിരെയും ഫലപ്രദം.
കോവിഡിനെതിരായ പോരാട്ടത്തിൽ ഡ്യൂവൽ വാക്സിനുമായി ബ്രിട്ടൺ. വൈറസിനെ പ്രതിരോധിക്കുന്ന ഇരട്ട വാക്സിന് അംഗീകാരം നല്കുന്ന ആദ്യ ലോക രാഷ്ട്രമായി ബ്രിട്ടൺ മാറി. ഒറിജിനൽ കോവിഡ് വൈറസിനെതിരെയും പുതിയ ഒമിക്രോൺ വേരിയൻ്റിനെതിരെയും ഇത് ഫലപ്രദമാണ്.
കോവിഡിൻ്റെ ഒറിജിനൽ സ്ട്രെയിനെയും കഴിഞ്ഞ വിൻ്ററിൽ വ്യാപിച്ചു തുടങ്ങിയ ആദ്യ ഒമിക്രോൺ വേരിയൻ്റായ BA.1 നെയും ലക്ഷ്യമിട്ടാണ് മോഡേണ വാക്സിൻ വികസിപ്പിച്ചത്. കോവിഡ് വൈറസിൻ്റെ രണ്ടു വിഭാഗങ്ങളെ പ്രതിരോധിക്കുന്നതിനാൽ ഇതിനെ ബൈവാലൻ്റ് വാക്സിൻ എന്നാണ് അറിയപ്പെടുന്നത്. യുകെയിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി ആണ് ഇരട്ട വാക്സിന് അപ്രൂവൽ നല്കിയത്. മുതിർന്നവരിൽ ഉപയോഗിക്കാനാണ് അനുമതി ലഭ്യമാക്കിയത്.
437 പേരിൽ ഇരട്ട വാക്സിനുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടന്നു. ഈ വാക്സിൻ സുരക്ഷിതവും പുതിയ വേരിയൻ്റുകൾക്കെതിരെ കൂടുതൽ പ്രതിരോധശേഷി നല്കുന്നതായി തെളിഞ്ഞതായും റിസർച്ച് ഡേറ്റ വെളിപ്പെടുത്തി. 1.7 മടങ്ങ് കൂടുതൽ ആൻ്റി ബോഡിയും ഒമിക്രോൺ BA.1 നെ നിഷ്പ്രഭമാക്കാനുള്ള കഴിവും പുതിയ വാക്സിനുള്ളതായി തെളിഞ്ഞു. നിലവിൽ യുകെയിൽ പടരുന്ന BA.4, BA.5 എന്നിവയ്ക്കെതിരെയും വാക്സിൻ ഫലപ്രദമാണ്.
പുതിയ ഡ്യുവൽ വാക്സിൻ്റെ 13 മില്യൺ ഡോസുകൾ ഈ വർഷം ലഭ്യമാകുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മോഡേർണ അറിയിച്ചു. ഈ വാക്സിൻ ബൂസ്റ്റർ ഡോസായി നല്കാനാണ് ബ്രിട്ടൺ പദ്ധതിയിടുന്നത്. 26 മില്യൺ ആളുകൾക്ക് ബൂസ്റ്റർ ഡോസിന് യോഗ്യതയുണ്ട്. യുകെയിലെ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സ്റ്റാഫുകൾ, 50 വയസിൽ കൂടുതൽ പ്രായമുള്ളവർ, 16 വയസിൽ കൂടുതൽ പ്രായമുളള കെയറർമാർ, ഗൗരവകരമായ ആരോഗ്യ പ്രശ്നമുളള 5 വയസിൽ കൂടുതലുള്ളവർ, ഗർഭിണികൾ, ദുർബലമായ പ്രതിരോധശേഷിയുള്ളവർക്കൊപ്പം കഴിയുന്ന അഞ്ച് വയസിനു മേൽ പ്രായമുള്ളവർ എന്നിവർക്ക് പുതിയ ഡ്യൂവൽ വാക്സിൻ ബൂസ്റ്റർ ഡോസായി നല്കണമെന്ന് ദി ജോയിൻ്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ യുകെ ഗവൺമെൻ്റിന് ശുപാർശ നല്കിയിട്ടുണ്ട്.