Monday, 23 December 2024

എനർജി പ്രൈസ് ക്യാപ്പ് ഒക്ടോബറിൽ വീണ്ടും ഉയർത്തും. 80 ശതമാനം വർദ്ധന പ്രഖ്യാപിച്ചു. ശരാശരി ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകൾ 3,500 പൗണ്ടാകുമെന്ന് സൂചന

എനർജി പ്രൈസ് ക്യാപ്പ് ഒക്ടോബറിൽ വീണ്ടും ഉയർത്തും.  ഇത് സംബന്ധിച്ചുള്ള തീരുമാനം എനർജി റെഗുലേറ്ററായ ഓഫ് ജെം സ്ഥിരീകരിച്ചു. 80 ശതമാനം വർദ്ധനയാണ്  പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ശരാശരി വാർഷിക ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകൾ 3,500 പൗണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലിൽ നേരത്തെ പ്രൈസ് ക്യാപ്പ് ഓഫ് ജെം ഉയർത്തിയിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ഗ്യാസ് വില ഉയർന്നതിനെ തുടർന്നാണ് പ്രൈസ് ക്യാപ്പ് ഉയർത്താൻ എനർജി റെഗുലേറ്റർ കമ്പനികൾക്ക് അനുമതി നല്കിയത്. പെട്രോൾ, ഡീസൽ വില വർദ്ധനയും എനർജി നിരക്ക് ഉയർത്തിയതും മൂലം നാണ്യപ്പെരുപ്പം രൂക്ഷമായ സാഹചര്യമാണ് ബ്രിട്ടൺ അഭിമുഖീകരിക്കുന്നത്.

എനർജി നിരക്ക് ഉയരുന്നത് ബ്രിട്ടണിലെ ഓരോ കുടുംബ ബഡ്ജറ്റും താളം തെറ്റുന്ന സ്ഥിതിയിലേയ്ക്കാണ് നയിക്കുന്നത്. ഗവൺമെൻ്റ് അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൺസർവേറ്റീറ്റ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥികളായ റിഷി സുനാക്കും ലിസ് ട്രസ്സും, എനർജി നിരക്കു വർദ്ധന മൂലം സാമ്പത്തിക പ്രതിസന്ധിയിലാകുന്ന സാധാരണ ജനങ്ങളെ സംരക്ഷിക്കാനുതകുന്ന പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സെപ്റ്റംബർ അഞ്ചിനാണ് കൺസർവേറ്റീവ് പാർട്ടി പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നത്.

പ്രൈസ് ക്യാപ്പ് ഉയർത്തുന്നതു മൂലമുളള പ്രതിസന്ധി ഗവൺമെൻറ് മനസിലാക്കുന്നതായും ഇത് മറികടക്കാനുള്ള ശ്രമം ഗവൺമെൻ്റ് നടത്തുമെന്ന് ചാൻസലർ നാദിം സഹാവി പറഞ്ഞു. നേരത്തെ ഗവൺമെൻ്റ് 400 പൗണ്ടിൻ്റെ എനർജി റിബേറ്റ് ഓരോ വീടുകൾക്കും നല്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ വരുമാനക്കാർക്ക് 650 പൗണ്ടുവരെയും ഇതു പ്രകാരം ലഭിക്കും

Other News