Saturday, 11 January 2025

ഇന്ത്യയുടെ ത്രിവർണ പതാക പാറിപ്പറന്ന മാൻവേഴ്സ് തടാക കരയിലേയ്ക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ... ഓർഗനൈസിംഗ് മികവിൻ്റെ പര്യായമായി യുക്മ കേരളപൂരം 2022... ബോട്ട് റേസിൽ ലിവർപൂൾ ടീം ചാമ്പ്യന്മാർ...

ബിനോയി ജോസഫ്

ഇന്ത്യയുടെ ത്രിവർണ പതാക പാറിക്കളിച്ച മാൻവേഴ്സ് തടാക കരയിലേയ്ക്ക് ഇന്നലെ ഒഴുകിയെത്തിയത് ആയിരങ്ങൾ... ഇന്ത്യൻ സ്വാതന്ത്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തെ അനുസ്മരിപ്പിച്ചു കൊണ്ട് 75 ദേശീയ പതാകകൾ മലയാളികൾ അഭിമാനത്തോടെ ഉയർത്തിപ്പിടിച്ചു... ബോട്ട് റേസിനുള്ള 27 ടീമുകൾ ജേഴ്സിയണിഞ്ഞ് ചിട്ടയായി അണിനിരന്നു... പുന്നമടക്കായലിലെ ജലോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന കമൻററി ടീമിൻ്റെ അത്യുജ്ജ്വല വിവരണങ്ങൾ... ഫ്യൂഷൻ ഡാൻസും സംഗീതവും ടാബ്ളോയും തനതു ശൈലിയിൽ അരങ്ങത്ത്... പ്രോഗ്രാം കമ്മിറ്റിയും സംഘടനാ നേതൃത്വവും കാഴ്ചവച്ച ചിട്ടയായ  പ്രവർത്തനം...  പച്ചപ്പണിഞ്ഞ അതി മനോഹരമായ തടാകക്കരയിൽ മറ്റൊരു കേരളം പിറന്നപ്പോൾ ജലത്തുള്ളികളെ കീറിമുറിച്ച് ബോട്ടുകൾ തടാകത്തിലൂടെ കുതിച്ചു പാഞ്ഞു... ആകാംഷയോടെ കരഘോഷങ്ങളുമായി കാണികളും... തെളിഞ്ഞ കാലാവസ്ഥയിൽ ഒരു കാർണിവൽ പ്രതീതിയിൽ തടാകക്കര... ബ്രിട്ടൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാവിലെ തന്നെ റോതർഹാമിലെ മാൻവേഴ്സ് ലേയ്ക്കിലേയ്ക്ക് മുതിർന്നവരും കുട്ടികളുമടക്കം എത്തിച്ചേർന്നു.

കാർ പാർക്കിംഗ് സൗകര്യങ്ങളും ഫുഡ് കൗണ്ടറുകളും ഒരുക്കി പ്രോഗ്രാമുകൾ കൃത്യതയോടെ നടത്തിയ ഓർഗനൈസിംഗ് ടീമിൻ്റെ പ്രശംസനീയമായ പ്രവർത്തനത്തിലൂടെ യുക്മയുടെ നേതൃത്വം ചരിത്രം കുറിച്ചു. യുക്മയുടെ മുന്നേറ്റത്തിന് പിന്തുണയുമായി യുകെയിലെ മലയാളി അസോസിയേഷനുകളും സ്പോൺസർമാരും നിരന്നപ്പോൾ യൂറോപ്പിൻ്റെ മണ്ണിൽ കേരളത്തിൻ്റെ യശസുയർത്തി യുക്മ കേരളപൂരം 2022 അരങ്ങേറി. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ബോട്ട് റേസിൻ്റെ ഹീറ്റ്സും ടീമുകളുടെ മാർച്ച് പാസ്റ്റും ഉച്ചയ്ക്ക് മുൻപ് നടന്നു.

യുക്മ പൂരത്തിനും കൾച്ചറൽ ഫെസ്റ്റിനും ആവേശമേകി പ്രശസ്ത ചലച്ചിത്ര താരം ഉണ്ണി മുകുന്ദനും പിന്നണി ഗായിക മാളവിക അനിൽകുമാറും ഷെഫ് സുരേഷ് പിള്ളയും വേദിയിലെത്തി. കേരളത്തിൻ്റെ സ്വന്തം ചെണ്ടമേളവും നൃത്തവും സംഗീതവും സ്റ്റേജിൽ അരങ്ങേറുമ്പോൾ ബോട്ടുകളുടെ സെമി ഫൈനൽ നടന്നു.  സെമികളിലെ വിജയികൾ  ഫൈനലിൽ അത്യന്തം വാശിയേറിയ പോരാട്ടം നടത്തിയപ്പോൾ ബോട്ട് റേസിൽ അജയ്യരായ ലിവർപൂൾ ടീം ഇത്തവണയും ചാമ്പ്യൻമാരായി. തോമസ് കുട്ടി ഫ്രാൻസിസ് നയിച്ച ലിവർപൂൾ ജവഹർ ബോട്ട് ക്ളബിൻ്റെ തായങ്കരി ചുണ്ടൻ മൂന്നാം തവണയും ട്രോഫിയിൽ മുത്തമിട്ടു. വനിതകളുടെ പ്രദർശന ബോട്ട് റേസും ഇത്തവണ യുക്മ പൂരത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

മതേതര ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും സംസ്കാരവും ബ്രിട്ടണിലെ പ്രവാസികൾക്കിടയിൽ ഉയർത്തിപ്പിടിക്കുന്നതിന് ശക്തമായ നേതൃത്വം നല്കാൻ യുക്മയ്ക്ക് സാധിക്കുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു നാലാമത് യുക്മ കേരള പൂരത്തിൻ്റെ വിജയം. യുക്മ പൂരത്തിന് വേണ്ട പിന്തുണയുമായി ലോക്കൽ പോലീസും ഫയർ ആൻഡ് റെസ്ക്യൂ  ടീമും, മാൻവേഴ്സ് ലേയ്ക്ക് മാനേജിംഗ് ടീമും സജീവമായി രംഗത്തുണ്ടായിരുന്നു.

Other News