Thursday, 21 November 2024

ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ റിഷി സുനാക്കിന് പരാജയം.

ബിനോയി ജോസഫ്

ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ റിഷി സുനാക്കിന് പരാജയപ്പെട്ടു. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്ഥാനമൊഴിയുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. പാർട്ടിയുടെ എം പിമാർ വോട്ടിംഗിലൂടെ ഷോർട്ട് ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളിൽ നിന്ന് കൺസർവേറ്റീവ് പാർട്ടിയുടെ അംഗങ്ങളാണ് അടുത്ത പ്രധാനമന്ത്രിയെ നിശ്ചയിച്ചത്. നിലവിലെ ഫോറിൻ സെക്രട്ടറിയായ ലിസ് ട്രസും ബോറിസ് മന്ത്രിസഭയിൽ ചാൻസലറായിരുന്ന ഇന്ത്യൻ വംശജനായ റിഷി സുനാക്കും തമ്മിലായിരുന്നു പ്രധാനമന്ത്രി പദത്തിനായുള്ള മത്സരം നടന്നത്.

ഇന്ന് ഉച്ചയ്ക്കാണ് പ്രധാനമന്ത്രി പദത്തിലേയ്ക്ക് നടന്ന മത്സരത്തിലെ വിജയിയെ കൺസർവേറ്റീവ് പാർട്ടിയുടെ റിട്ടേണിംഗ് ഓഫീസറായ 1922 കമ്മിറ്റിയുടെ ചെയർമാൻ സർ ഗ്രഹാം ബ്രേഡി പ്രഖ്യാപിച്ചത്. 172,000 ത്തോളം വരുന്ന കൺസർവേറ്റീവ് പാർട്ടി മെമ്പർമാർ ബാലറ്റിലൂടെയാണ് രാജ്യത്തിൻ്റെ പുതിയ പ്രധാനമന്ത്രിയെ തീരുമാനിച്ചത്. പ്രധാനമന്ത്രി പദത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസ് 81,326  വോട്ടു നേടി. റിഷി സുനാക്കിന് 60,399 വോട്ടാണ് ലഭിച്ചത്. ബ്രിട്ടൻ്റെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുന്ന മൂന്നാമത്തെ വനിതയാണ് ലിസ് ട്രസ്.

അബർദീൻഷയറിലെ ബാൽമോറാലിൽ ആരോഗ്യ കാരണങ്ങളാൽ വിശ്രമിക്കുന്ന ക്വീനിനെ സന്ദർശിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തൻ്റെ രാജി കൈമാറും. തുടർന്ന് നിയുക്ത പ്രധാനമന്ത്രി ലിസ് ട്രസ് ക്വീനിൽ നിന്നും പ്രധാനമന്ത്രി പദവി ഏറ്റെടുക്കും. എനർജി നിരക്ക് വർദ്ധന മൂലം ബ്രിട്ടൺ വൻ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പുതിയ പ്രധാനമന്ത്രി എന്തു നടപടികൾ സ്വീകരിക്കുമെന്നറിയാൻ രാജ്യം ആകാംഷയോടെ കാത്തിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ക്രൈസിസിനു സമാനമായ സ്ഥിതിയെയാണ് പുതിയ പ്രധാനമന്ത്രിയ്ക്ക് നിലവിൽ നേരിടേണ്ടി വരുന്നത്.

പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി ഹെൽത്ത് സെക്രട്ടറിയായിരുന്ന സാജിദ് ജാവേദൂം ചാൻസലായിരുന്ന റിഷി സുനാക്കും രാജിവച്ചതോടെയാണ് രാഷ്ട്രീയ സമ്മർദ്ദം മൂലം ബോറിസ് ജോൺസൺ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നടന്ന മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും എം.പി സ്ഥാനത്ത് തുടരുമെന്നും ഭാവിയിൽ വീണ്ടുമൊരു മത്സരത്തിന് തയ്യാറാണെന്നുമുള്ള സൂചനയാണ് റിഷി സുനാക്ക് നല്കുന്നത്.

മേരി എലിസബത്ത് ട്രസ് എന്നാണ് ലിസ് ട്രസ് എന്നറിയപ്പെടുന്ന നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുഴുവൻ പേര്. 2010 മുതൽ സൗത്ത് വെസ്റ്റ് നോർഫോൾക്കിൽ നിന്നുള്ള പാർലമെൻറ് അംഗമാണ്. നേരത്തെ ഡേവിഡ് കാമറോൺ, തെരേസ മേ മന്ത്രിസഭകളിലും ക്യാബിനറ്റ് പദവി വഹിച്ചിട്ടുണ്ട്. 

Other News