Tuesday, 03 December 2024

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. എനർജി ബിൽ 2,500 പൗണ്ടിൽ ക്യാപ്പ് ചെയ്തേക്കുമെന്ന് സൂചന.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് ചുമതലയേറ്റു. കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവിനെ ക്വീൻ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ക്യാബിനറ്റിലെ ഏതാനും അംഗങ്ങളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിച്ച റിഷി സുനാക്കിനെയും അദ്ദേഹത്തെ പിന്തുണച്ച പ്രമുഖരെയും ക്യാബിനറ്റിൽ നിന്ന് ഒഴിവാക്കി.

ക്വാസി കാർട്ടെംഗിനെ പുതിയ ചാൻസലറായി നിയമിച്ചു. നിലവിലെ ഹോം സെക്രട്ടറി പ്രിതി പട്ടേലിന് സ്ഥാനം നഷ്ടമായി. സുല്ല ബ്രേവർമാനായിരിക്കും പുതിയ ഹോം സെക്രട്ടറി. ഡെപ്യൂട്ടി പ്രധാനമന്ത്രിയായി തെരേസ കോഫി നിയമിക്കപ്പെട്ടു. ഹെൽത്ത് സെക്രട്ടറിയുടെ ചുമതലയും തെരേസ കോഫി വഹിക്കും. ജെയിംസ് ക്ളവർലിയാണ് പുതിയ ഫോറിൻ സെക്രട്ടറി. നദീം സഹാവി ചാൻസലർ ഓഫ് ദി ഡച്ചി ഓഫ് ലങ്കാസ്റ്ററായി നിയമിതനായി. ക്യാബിനറ്റ് ഓഫീസിൻ്റെ സുഗമമായ നടത്തിപ്പായിരിക്കും സഹാവിയുടെ ചുമതല. ബ്രണ്ടൻ ലൂയിസ് ജസ്റ്റിസ് സെക്രട്ടറിയായി അവരോധിക്കപ്പെട്ടു. ബെൻ വാലസ് ഡിഫൻസ് സെക്രട്ടറിയായി തുടരും.

പുതിയ പ്രധാനമന്ത്രി എനർജി ബിൽ 2,500 പൗണ്ടിൽ ക്യാപ്പ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. ഇതിൻ്റെ കൂടുതൽ വിവരങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. ബില്ലുകൾക്ക് ഗവൺമെൻ്റ് സബ്സിഡി നല്കാനാണ് സാധ്യത കല്പിക്കുന്നത്. അതിനാൽ എനർജി സപ്പോർട്ട് തുക കസ്റ്റമേഴ്സ് തിരിച്ചടയ്ക്കേണ്ടതില്ല. എനർജി നിരക്ക് ക്യാപ്പ് ചെയ്യുന്നതിന് 100 ബില്യൺ പൗണ്ട് ആവശ്യമായി വരുമെന്നാണ് സൂചന.

Other News