Tuesday, 03 December 2024

13-ാമത് യുക്മ ദേശീയ കലാമേള - 2022 നവംബർ 5ന് ചെൽറ്റൻഹാമിൽ; ലോഗോ രൂപകല്പപനക്കും "നഗർ " നാമകരണത്തിനും അപേക്ഷകൾ ക്ഷണിക്കുന്നു.ലോഗോ സമർപ്പിക്കേണ്ട അവസാന തീയ്യതി സെപ്റ്റംബർ 20

അലക്സ് വർഗ്ഗീസ്

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

പതിമൂന്നാമത് യുക്മ ദേശീയ കലാമേള  നവംബർ 5ന് ചെൽറ്റൻഹാറിൽ സംഘടിപ്പിക്കുവാൻ യുക്മ ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചു. മുൻ വർഷങ്ങളിലേത് പോലെത്തന്നെ ദേശീയ മേളക്ക് മനോഹരമായ  ലോഗോകൾ രൂപകൽപ്പന ചെയ്യുവാനും,  (കലാമേള നഗർ) അനുയോജ്യമായ പേര് നിർദ്ദേശിക്കുവാനും യുക്മ ദേശീയ കമ്മറ്റി അപേക്ഷകൾ ക്ഷണിക്കുന്നു. യുക്മ നാഷണൽ കലാമേളയിലും കലാമേളയുമായി ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഉപയോഗിക്കുന്നതാണ്.

ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾ ഒക്ടോബർ 8 മുതൽ 29 വരെ നടക്കുന്നതാണ്. യുക്മ റീജിയണൽ കലാമേളകൾ വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങളിലാണ് റീജിയണൽ കമ്മിറ്റി നേതൃത്വങ്ങൾ. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും മുടക്കം വരാതെ ഓൺലൈനായി നടത്തേണ്ടി

വന്ന കലാമേളകൾ പൂർവ്വാധികം ഭംഗിയായി വേദികളിൽ നടത്തുവാനുള്ള നടപടികൾ പുതിയ ദേശീയ നേതൃത്വത്തിൻ്റെ കീഴിൽ പുരോഗമിക്കുകയാണ്. യുക്മയുടെ പത്ത് റീജിയണുകളിലായി നടക്കുന്ന കലാ മത്സരങ്ങളിലെ വിജയികളാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ യോഗ്യരാകുന്നത്.

ഭാരതീയ സാഹിത്യ - സാംസ്ക്കാരിക വിഹായസ്സിലെ മണ്‍മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുൻ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുന്നാളും, അഭിനയ തികവിന്റെ പര്യായമായിരുന്ന പത്മശ്രീ തിലകനും, സംഗീത കുലപതികളായ  ദക്ഷിണാമൂർത്തി സ്വാമികളും, എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി  ഒ.എൻ.വി.കുറുപ്പും, ജനകീയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും, തെന്നിന്ത്യൻ ചലച്ചിത്ര വിസ്മയം ശ്രീദേവി, സർവ്വകലാവല്ലഭനായിരുന്ന എസ്.പി ബാലസുബ്രഹ്മണ്യൻ, മലയാളത്തിൻ്റെ അഭിനയ സാമ്രാട്ട് നെടുമുടി വേണു എന്നിവർ  അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.

മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യു കെ മലയാളിക്കും നഗർ - ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകല്പനചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ. സെപ്റ്റംബർ 20 വരെ  secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു.     

നഗർ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക്  ക്യാഷ് അവാർഡും മെമൻ്റോയും നൽകുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപ്പന ചെയ്യുന്ന വ്യക്തിക്കും ക്യാഷ് അവാർഡും മെമൻ്റോയും  നൽകുന്നതാണ്.   

നൂപുരധ്വനികളും രാഗതാളങ്ങളും വിസ്മയം തീർക്കുന്ന യുക്മ കലാമേളകൾ എക്കാലത്തും പ്രതിഭയുടെ മാറ്റുരക്കലാകുകൾ ആയിരുന്നു. നാല്പതിലധികം മത്സര ഇനങ്ങളിലായി ആയിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന യുക്മ കലാമേള, ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കമാണ്. കലയെ സ്നേനേഹിക്കുന്ന യു കെ മലയാളികളായ ആയിരങ്ങൾ കാണികളായി എത്തിച്ചേരുമ്പോൾ കേരളത്തിലെ സ്കൂൾ യുവജനോത്സവത്തിൻ്റെ പ്രതീതിയാണ് യുക്മ കലാമേള നഗർ ഉണർത്തുന്നത്.

‌ യു കെ മലയാളികളുടെ ദേശീയോത്സസവത്തിൻ്റെ പ്രൗഡിയും ആവേശവും ഒട്ടും തന്നെ ചോർന്നു പോകാത്ത വിധം നടക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേള വൻ വിജയമാക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ  അഭ്യർത്ഥിച്ചു. 

 

Other News