Saturday, 23 November 2024

എനർജി ബിൽ £2500 പൗണ്ടിൽ ക്യാപ്പ് ചെയ്യുമെന്ന് പ്രധാനമന്ത്രി ലിസ് ട്രസ്. ഒക്ടോബർ മുതൽ രണ്ടു വർഷത്തേയ്ക്ക് എനർജി പ്രൈസ് ഗ്യാരണ്ടിയും പ്രഖ്യാപിച്ചു.

എനർജി ബിൽ £2500 പൗണ്ടിൽ ക്യാപ്പ് ചെയ്യുമെന്ന് പ്രധാനമന്ത്രി ലിസ് ട്രസ് അറിയിച്ചു. ഒക്ടോബർ മുതൽ രണ്ടു വർഷത്തേയ്ക്ക് എനർജി പ്രൈസ് ഗ്യാരണ്ടിയും നല്കും. ഇന്ന് പാർലമെൻ്റിലാണ് പ്രധാനമന്ത്രി ഇതു സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ശരാശരി എനർജി ബിൽ 1,700 പൗണ്ടിൽ നിന്ന് 2,500 പൗണ്ടിലേയ്ക്ക് ഉയർത്താൻ എനർജി റെഗുലേറ്ററായ ഓഫ് ജെം എനർജി കമ്പനികൾക്ക് അനുമതി നൽകിയിരുന്നു. ഈ ഒക്ടോബർ മുതൽ എനർജി ബിൽ 3,500 പൗണ്ടിലേയ്ക്ക് വീണ്ടും ഉയർത്താനുള്ള തീരുമാനമാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. ഇതു വഴി ശരാശരി 1000 പൗണ്ടോളം ഓരോ വർഷവും ഓരോ വീടുകൾക്കും ലാഭിക്കാൻ കഴിയും.

എനർജി നിരക്ക് 2,500 പൗണ്ടിൽ ക്യാപ്പ് ചെയ്യാൻ 100 ബില്യൺ പൗണ്ട് സബ്സിഡിയായി ഗവൺമെൻ്റ് നല്കേണ്ടി വരും. നാണ്യപ്പെരുപ്പവും ഗ്യാസ്, ഇലക്ട്രിസിറ്റി, ഫ്യൂവൽ നിരക്കു വർദ്ധന മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണക്കാർക്കും ബിസിനസുകൾക്കും ആശ്വാസമേകുന്നതാണ് ഗവൺമെൻ്റിൻ്റെ പുതിയ ഇടപെടൽ. ഓരോ വീടുകൾക്കും 400 പൗണ്ട് എനർജി റിബേറ്റ് നൽകുമെന്ന് ഗവൺമെൻ്റ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പുറമേയാണ് എനർജി നിരക്കിൽ ക്യാപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.

Other News