ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു യുഗത്തിന് അന്ത്യം... പ്രിയപ്പെട്ട ക്വീൻ എലിസബത്ത് II നാടുനീങ്ങി.
ക്വീൻ എലിസബത്ത് II നാടുനീങ്ങി. ബ്രിട്ടീഷ് രാജ്ഞിയുടെ മരണം ബക്കിംഗാം പാലസ് സ്ഥിരീകരിച്ചു. ഇന്ന് സ്കോട്ട്ലൻഡിലെ ബാൽമോറാൽ പാലസിൽ വച്ചായിരുന്നു അന്ത്യം. 96 വയസായിരുന്നു. 1926 ഏപ്രിൽ 21 നാണ് ക്വീൻ എലിസബത്ത് ലണ്ടനിലെ മേഫെയറിൽ ജനിച്ചത്. 1952 ഫെബ്രുവരി 6 ന് രാജ്ഞിയായി കിരീടധാരണം നടത്തിയ ക്വീൻ 70 വർഷം ബ്രിട്ടീഷ് രാജ്ഞിയുടെ പദവിയിൽ തുടർന്നു. ക്വീനിൻ്റെ ഭർത്താവ് പ്രിൻസ് ഫിലിപ്പ് കഴിഞ്ഞ വർഷമാണ് മരണമടഞ്ഞത്. ക്വീനിന് നാല് മക്കളാണുള്ളത്, പ്രിൻസ് ചാൾസ്, പ്രിൻസസ് ആൻ, പ്രിൻസ് ആൻഡ്രു, പ്രിൻസ് എഡ്വാർഡ്. ബ്രിട്ടൻ്റെയും മറ്റു 14 പരമാധികാര രാജ്യങ്ങളുടെയും ഹെഡ് ഓഫ് സ്റ്റേറ്റാണ് ക്വീൻ.
ക്വീൻ മെഡിക്കൽ സൂപ്പർ വിഷനിലെന്ന് ബക്കിംഗാം പാലസ് ഇന്ന് രാവിലെ വെളിപ്പെടുത്തിയിരുന്നു. ആരോഗ്യനില ആശങ്കാജനകമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാലസിൻ്റെ ഹെൽത്ത് ന്യൂസ് ബുള്ളറ്റിൻ പുറത്തു വിടുന്ന അസാധാരണ നടപടി ഉണ്ടായത്. ഇന്നു രാവിലെ ക്വീനിനെ പരിശോധിച്ച ഡോക്ടർമാരുടെ സംഘം മെഡിക്കൽ സൂപ്പർ വിഷന് നിർദ്ദേശിച്ചെന്നാണ് ബുള്ളറ്റിൻ വെളിപ്പെടുത്തിയത്. ക്വീൻ സ്കോട്ട്ലൻഡിലെ ബാൽ മോറാലിൽ ആരോഗ്യ കാരണങ്ങളാൽ വിശ്രമത്തിലായിരുന്നു.
ക്വീനിൻ്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതിനെ തുടർന്ന് പ്രിൻസ് ചാൾസും കാമില്ലയും പ്രിൻസ് വില്യവും അടിയന്തിരമായി സ്കോട്ട്ലൻഡിലേയ്ക്ക് തിരിച്ചിരുന്നു. തുടർന്ന് മറ്റ് രാജകുടുംബാംഗങ്ങളും പാലസിലേയ്ക്ക് എത്തിച്ചേർന്നു. തുടർന്നാണ് ക്വീനിൻ്റെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.