ക്വീനിൻ്റെ മൃതദേഹവും വഹിച്ചുള്ള ഫ്ളൈറ്റ് ലണ്ടനിലേയ്ക്ക്... നാളെ മുതൽ പൊതുദർശനം... പ്രതീക്ഷിക്കുന്നത് 20 മണിക്കൂർ നീളുന്ന ക്യൂ.

സ്കോട്ട്ലൻഡിലെ പൊതുദർശനത്തിനു ശേഷം എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് വൈകിട്ട് ലണ്ടനിലെത്തിയ്ക്കും. കിംഗ് ചാൾസും ക്വീൻ കൺസോർട്ട് കാമില്ലയും ഇതിനു മുന്നോടിയായി ലണ്ടനിലേയ്ക്ക് തിരിച്ചു. പ്രിൻസസ് ആൻ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. എഡിൻബറോ എയർപോർട്ടിൽ നിന്നും റോയൽ എയർ ഫോഴ്സിൻ്റെ വെസ്റ്റ് ലണ്ടനിലെ നോർത്തോൽട്ടിലുള്ള ബേസിലേയ്ക്കാണ് ഫ്ളൈറ്റ് ഏഴു മണിയോടെ എത്തുന്നത്.

തുടർന്ന് രാജ്ഞിയുടെ മൃതദേഹം ബക്കിംഗാം പാലസിലേയ്ക്ക് കൊണ്ടു പോകും. കിംഗ് ചാൾസും കുടുംബാംഗങ്ങളും പ്രൈവറ്റ് വ്യൂവിംഗിൽ പങ്കെടുക്കും. പാലസിൽ ഗാർഡ് ഓഫ് ഓണറും നല്കപ്പെടും. നാളെ മുതൽ വെസ്റ്റ് മിൻസ്റ്റർ ഹാളിൽ രാജ്ഞിയ്ക്ക് അന്ത്യാജ്ഞലിയർപ്പിക്കാൻ പൊതു ജനങ്ങൾക്ക് സൗകര്യം ഒരുക്കും. നാലു ദിവസത്തേയ്ക്കാണ് പൊതുദർശനം സജ്ജീകരിക്കുന്നത്. മൃതദേഹം കാണുന്നതിനായി 20 മണിക്കൂറിലധികം ക്യൂ നിൽക്കേണ്ടി വരുമെന്നാണ് കരുതുന്നത്.

സെപ്റ്റംബർ 19 തിങ്കളാഴ്ചയാണ് ഫ്യൂണറൽ നടക്കുന്നത്.  നൂറിലേറെ രാഷ്ട്രത്തലവന്മാർ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും. കർശനമായ സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. എയർപോർട്ടുകളിലേതിനു സമാനമായ പരിശോധനാ സംവിധാനങ്ങൾ അന്നേ ദിവസം ഉണ്ടാവും. ക്വീനിൻ്റെ ഫൂണറൽ ദിനം ബാങ്ക് ഹോളിഡേയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Other News