ദുഃഖസാന്ദ്രമായി ലണ്ടൻ.. പ്രിയ രാജ്ഞിയ്ക്ക് ആദരമർപ്പിക്കാൻ വെസ്റ്റ് മിൻസ്റ്റർ ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത് ജനസഹസ്രങ്ങൾ... ക്യൂ മൂന്നു മൈലിലേറെ.
ഗ്രേറ്റ് ബ്രിട്ടൻ്റെ പ്രിയ രാഞ്ജിയ്ക്ക് ആദരവുമായി ആയിരങ്ങൾ ലണ്ടനിലേയ്ക്ക് ഒഴുകിയെത്തുന്നു. നിശബ്ദവും എന്നാൽ പ്രൗഡവുമായ അന്തരീക്ഷത്തിൽ, രാജ്ഞിയുടെ ശവമഞ്ചം ഒരു നോക്കു കാണാൻ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. വെസ്റ്റ് മിൻസ്റ്റർ ഹാളിൽ പ്രത്യേകം സജ്ജമാക്കിയ ഉയർന്ന പീഠത്തിലാണ് രാജ്ഞിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്നത്. 70 വർഷം രാജ്ഞിയുടെ പദവിയലങ്കരിച്ച ക്വീൻ എലിസബത്തിൻ്റെ ഓർമ്മകളാൽ വിതുമ്പിയാണ് മിക്കവരും വെസ്റ്റ് മിൻസ്റ്റർ ഹാൾ വിടുന്നത്.
ഇന്ന് വൈകുന്നേരം 5 മണിയ്ക്കാണ് വെസ്റ്റ് മിൻസ്റ്റർ ഹാളിൽ രാജ്ഞിയുടെ മൃതദേഹം ഔദ്യോഗിക പൊതുദർശനത്തിനായി ജനങ്ങൾ അനുമതി നല്കിയത്. ബക്കിംഗാം പാലസിൽ നിന്ന് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ഗൺ കാര്യേജ് ഉച്ചയ്ക്ക് ശേഷം 2.22 ന് പുറപ്പെട്ടു. ഹൈഡ് പാർക്കിൽ ഓരോ മിനിട്ടിലും ആദരസൂചകമായി വെടിയൊച്ച മുഴങ്ങി. ബിഗ് ബെന്നും രാജ്ഞിയ്ക്കായി മുഴങ്ങിക്കൊണ്ടിരുന്നു. കിംഗ് ചാൾസും പ്രിൻസ് വില്യമും ഹാരിയും രാജകുടുംബവും ശവമഞ്ചത്തെ അനുഗമിച്ചു.
വെസ്റ്റ് മിൽസ്റ്റർ ആബേയിലെയും ഹിസ് മജസ്റ്റിസ് ചാപ്പൽ റോയൽ, സെൻറ് ജെയിംസ് പാലസ് ക്വയറുകളുടെ സംഗീതത്താൽ സാന്ദ്രമായ വെസ്റ്റ് മിനിസ്റ്റർ ഹാളിലേയ്ക്ക് രാജ്ഞിയുടെ ശവമഞ്ചം 3 മണിയോടെ എത്തിച്ചേർന്നു. കാൻ്റർബറി ആർച്ച് ബിഷപ്പ് പ്രാരംഭ പ്രാർത്ഥന നടത്തി. കിംഗ് ചാൾസിനൊപ്പം രാജകുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഒരു മില്യണാളുകൾ രാജ്ഞിയുടെ മൃതദേഹം കാണാനും ആദരാജ്ഞലിയർപ്പിക്കുവാനും എത്തുമെന്നാണ് കരുതുന്നത്. മിക്കവർക്കും 30 മണിക്കൂറെങ്കിലും ക്യൂവിൽ കഴിയേണ്ടി വരും. നിലവിൽ ക്യൂ മൂന്നു മൈലിലധികം നീണ്ടു കഴിഞ്ഞു. ടവർ ബ്രിഡ്ജ് വരെ ജനങ്ങൾ കാത്തു നിൽക്കുകയാണ്. തിങ്കളാഴ്ച രാവിലെ വരെയാണ് പൊതുദർശനം അനുവദിക്കുന്നത്.