Sunday, 24 November 2024

മറുപടിയെഴുത്താൻ ക്വീൻ ഇനിയില്ല.... ബർത്ത്ഡേ ആഘോഷവും വേണ്ടെന്ന് വച്ച് പ്രസ്റ്റണിലെ കൃപമോൾ. ബുക്ക് ഓഫ് കൺഡോളൻസിൽ ദു:ഖം പങ്കുവെച്ചു.

പ്ളാറ്റിനം ജൂബിലിയാഘോഷിച്ച ക്വീൻ എലിസബത്ത് II ന് സ്നേഹപൂർവ്വം ആശംസകൾ അറിയിച്ച പ്രസ്റ്റണിലെ കൃപമോൾ ഇപ്പോൾ തീർത്തും ദു:ഖാർത്തയാണ്. താനയച്ച കത്തിന് മറുപടി തന്ന പ്രിയ ക്വീൻ വിട ചൊല്ലിയതോർത്ത്. ഏറെ സന്തോഷത്തോടെയാണ് ക്വീനയച്ച കത്ത് കൃപ വായിച്ചതും അമൂല്യ നിധിയായി സൂക്ഷിച്ചു വച്ചതും. എന്നാൽ ക്വീനിൻ്റെ അപ്രതീക്ഷിതമായ വിയോഗം ഈ കുരുന്നിനെയും വേദനിപ്പിച്ചു. ക്വീനിൻ്റെ മരണത്തിൽ അനുശോചനക്കുറിപ്പ് രേഖപ്പെടുത്താനും കൃപ സമയം കണ്ടെത്തി. പ്രസ്റ്റണിലെ ടൗൺ ഹാളിൽ സൂക്ഷിച്ചിരിക്കുന്ന  ബുക്ക് ഓഫ് കൺഡോളൻസിൽ തൻ്റെ ദുഃഖം കൃപ പങ്കുവെച്ചു.

പ്രിയ ക്വീനിനോടുള്ള ആദരസൂചകമായി ഇത്തവണത്തെ തൻ്റെ ജന്മദിനം ആഘോഷമാക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കൃപമോൾ. ബ്രിട്ടീഷ് ജനതയുടെ ദു:ഖത്തിനൊപ്പം പങ്കുചേരുന്നത് തികച്ചും ഉചിതമാണെന്ന നിലപാടിലാണ് ഈ നാലാം ക്ലാസുകാരി. നൃത്തരംഗത്ത് എന്നും സ്റ്റേജിൽ നിറഞ്ഞു നിൽക്കുന്ന പ്രതിഭയാണ് കൃപ. തൊടുപുഴ സ്വദേശിയായ തങ്കച്ചൻ എബ്രാഹാം - ലിസമ്മ ദമ്പതികളുടെ മകളാണ് കൃപാ തങ്കച്ചൻ എന്ന ഈ കൊച്ചു മിടുക്കി. പ്രസ്റ്റൺ സെൻ്റ് ഗ്രിഗറി സ്കൂളിലാണ് കൃപ തങ്കച്ചൻ പഠിക്കുന്നത്. സഹോദരങ്ങളായ നവീൻ മറൈൻ എഞ്ചിനീയറിംഗും ക്രിസ്റ്റീൻ എലെവലിലും പഠിക്കുന്നു.

റഷ്യ - യുക്രെയിൻ സംഘർഷത്തിൽ നിരവധി കുരുന്നുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്ന വാർത്തയും കൃപയെ അത്യധികം വേദനിപ്പിച്ചു. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനോട് യുദ്ധമവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു കൊണ്ട് കത്ത് എഴുതിയ കൃപ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. താൻ പഠിക്കുന്ന സ്കൂളിൻ്റെ പരിസര പ്രദേശങ്ങളിലെ വേസ്റ്റ് മാനേജ്മെൻറുമായി ബന്ധപ്പെട്ട് കൃപയും കൂട്ടുകാരും പ്രസ്റ്റൺ കൗൺസിലിനും കത്തെഴുതിയിരുന്നു. ഇതിൽ അടിയന്തിര നടപടി കൗൺസിൽ സ്വീകരിക്കുകയും ചെയ്തു. സാമൂഹിക രംഗത്ത് തൻ്റെ ചെറിയ ഇടപെടലുകളിലൂടെ ശ്രദ്ധേയയാകുകയാണ് കൃപ തങ്കച്ചൻ.

Other News