Monday, 23 December 2024

ബ്രിട്ടീഷ് പൗണ്ടിൻ്റെ മൂല്യം 37 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ. യുകെ റീട്ടെയിൽ സെയിൽസ് താഴോട്ട്

ബ്രിട്ടീഷ് പൗണ്ടിൻ്റെ മൂല്യം 37 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. അമേരിക്കൻ ഡോളറുമായുള്ള വിനിമയ നിരക്കിലാണ് റെക്കോർഡ്‌ കുറവ് രേഖപ്പെടുത്തിയത്. യുകെ റീട്ടെയിൽ സെയിൽസ് താഴോട്ടാണെന്ന ട്രെൻഡാണ് ദൃശ്യമാകുന്നത്. യുകെ സാമ്പത്തിക മാന്ദ്യത്തെ നേരിടുകയാണെന്ന കാര്യം സ്ഥിരീകരിക്കുന്നതാണ് കഴിഞ്ഞ മാസത്തെ കണക്കുകൾ. സെയിൽസിൽ 1.6% കുറവുണ്ടായി. ഒരു ഘട്ടത്തിൽ ഒരു പൗണ്ടിന് 1.1351 അമേരിക്കൻ ഡോളർ എന്ന നിലയിൽ നിന്ന് 1.14 അമേരിക്കൻ ഡോളർ എന്ന മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് പൗണ്ട് എത്തിയിട്ടുണ്ട്.

പൗണ്ടിന് അമേരിക്കൻ ഡോളറുമായുള്ള വിനിമയ നിരക്ക് ഈ വർഷം മുഴുവൻ കുറഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. യുഎസ് ഡോളർ കൂടുതൽ കരുത്താർജിച്ചതും ഇതിന് കാരണമായി. ബ്രിട്ടണിൽ നിന്ന് ഹോളിഡേയ്ക്ക് പോകുന്നവർക്ക് പൗണ്ടിൻ്റെ ദുർബലത ദോഷകരമായി മാറുകയാണ്.

യുകെയിലെ നാണ്യപ്പെരുപ്പ നിരക്കിൽ നേരിയ കുറവുണ്ടായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സർവേ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റിൽ അവസാനിച്ച 12 മാസത്തിൽ 9.9 ശതമാനമാണ് നാണ്യപ്പെരുപ്പം. കഴിഞ്ഞ 40 വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ജൂലൈയിൽ ഇത് 10.1 ശതമാനം ആയിരുന്നു. പെട്രോൾ, ഡീസൽ വിലയിൽ ഉണ്ടായ കുറവാണ് നാണ്യപ്പെരുപ്പ നിരക്ക് കുറയാൻ കാരണം. പെട്രോൾ വില ശരാശരി 14.3 പെൻസ് ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കുറഞ്ഞു. ഡീസൽ വിലയിലും സമാനമായ കുറവുണ്ടായിട്ടുണ്ട്.

നാണ്യപ്പെരുപ്പം 13 ശതമാനത്തിൽ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരിക്കുന്നത്. യുകെയിൻ പ്രതിസന്ധിയും റഷ്യയിൽ നിന്നും ഗ്യാസ് വാങ്ങുന്നത് കഴിയുന്നതും പരിമിതപ്പെടുത്താനുമുള്ള യൂറോപ്പിൻ്റെ നീക്കവുമാണ് ഗ്യാസ് വില ഉയർത്തിയത്. ജീവിതച്ചെലവുകൾ വർദ്ധിച്ചെങ്കിലും അതിനനുസരിച്ച് ശമ്പള വർദ്ധന ലഭിക്കാത്തത് സാധാരണക്കാരെ വൻ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുകയാണ്.

ഫ്യൂവൽ വിലയിൽ കുറവുണ്ടായെങ്കിലും ഫുഡ് ഐറ്റങ്ങളുടെ വില കഴിഞ്ഞ മാസത്തിൽ വർദ്ധിച്ചു. ഫുഡ്, സോഫ്റ്റ് ഡ്രിങ്ക് എന്നിവയുടെ വില 1.5 ശതമാനം ഉയർന്നു. അടിസ്ഥാന പലിശ നിരക്ക് ഉയർത്തി നാണ്യപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശ്രമിച്ചു വരികയാണ്. സെപ്റ്റംബർ 22 ന് ബാങ്കിൻ്റെ മോണിട്ടറി പോളിസി കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി യോഗം ചേരുന്നുണ്ട്.

Other News