Thursday, 21 November 2024

അടിയന്തിര മിനി ബഡ്ജറ്റ് വെള്ളിയാഴ്ച. 30 ബില്യൺ പൗണ്ടിൻ്റെ ടാക്സ് ഇളവുകൾ ചാൻസലർ പ്രഖ്യാപിക്കുമെന്ന് സൂചന.

യുകെ ഗവൺമെൻ്റിൻ്റെ മിനി ബഡ്ജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. 30 ബില്യൺ പൗണ്ടിൻ്റെ ടാക്സ് ഇളവുകൾ ചാൻസലർ പ്രഖ്യാപിക്കുമെന്നാണ് സൂചന. ജീവിതച്ചിലവുകൾ വർദ്ധിച്ചതു മൂലം പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്തും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് അടിയന്തിര മിനി ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.

ഈയിടെ വർദ്ധിപ്പിച്ച നാഷണൽ ഇൻഷുറൻസ് നിരക്ക് വർദ്ധന പിൻവലിക്കുമെന്ന് സൂചനയുണ്ട്. കൂടാതെ കോർപ്പറേഷൻ ടാക്സ് വർദ്ധനയും മരവിപ്പിച്ചേക്കും. ഇങ്ങനെ ചെയ്താൽ സാമ്പത്തിക വരുമാനവും ദേശീയ കടവും തമ്മിലുള്ള അനുപാതത്തിൽ നിർദ്ദേശക്കപ്പെട്ടിരിക്കുന്ന മാനദണ്ഡം പാലിക്കാൻ സാധിക്കാതെ വരുമോയെന്ന ആശങ്ക ഗവൺമെൻ്റിനുണ്ട്. സാമ്പത്തിക കമ്മിയുടെ ടാർജറ്റ് കാലാവധി നീട്ടി ഇത് മറികടക്കാൻ ചാൻസലർ ക്വാസി കാർട്ടെംഗ് ശ്രമിക്കാനാണ് സാധ്യത.

ക്വീനിൻ്റെ മരണം മൂലം പാർലമെൻറ് നടപടികൾ നിലവിൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വ്യാഴാഴ്ച മാത്രമേ ഇനി പാർലമെൻ്റ് ചേരുകയുള്ളൂ. ദേശീയ ദു:ഖാചരണം മൂലം ബഡ്ജറ്റ് അവതരിപ്പിക്കാനുള്ള തിയതി മാറ്റി വയ്ക്കുകയായിരുന്നു. പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള ക്യാമ്പയിനിടയിൽ നാഷണൽ ഇൻഷുറൻസ് വർദ്ധന പിൻവലിയ്ക്കുമെന്ന വാഗ്ദാനം ലിസ് ട്രസ് നല്കിയിരുന്നു.

എനർജി ബിൽ £2500 പൗണ്ടിൽ ക്യാപ്പ് ചെയ്യുമെന്ന് പ്രധാനമന്ത്രി പദമേറ്റയുടൻ ലിസ് ട്രസ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ മുതൽ രണ്ടു വർഷത്തേയ്ക്ക് എനർജി പ്രൈസ് ഗ്യാരണ്ടിയും നല്കും. കഴിഞ്ഞ ഏപ്രിലിൽ ശരാശരി എനർജി ബിൽ 1,700 പൗണ്ടിൽ നിന്ന് 2,500 പൗണ്ടിലേയ്ക്ക് ഉയർത്താൻ എനർജി റെഗുലേറ്ററായ ഓഫ് ജെം എനർജി കമ്പനികൾക്ക് അനുമതി നൽകിയിരുന്നു. ഈ ഒക്ടോബർ മുതൽ എനർജി ബിൽ 3,500 പൗണ്ടിലേയ്ക്ക് വീണ്ടും ഉയർത്താനുള്ള തീരുമാനമാണ് മരവിപ്പിച്ചിരിക്കുന്നത്. ഇതു വഴി ശരാശരി 1000 പൗണ്ടോളം ഓരോ വർഷവും ഓരോ വീടുകൾക്കും ലാഭിക്കാൻ കഴിയും.

എനർജി നിരക്ക് 2,500 പൗണ്ടിൽ ക്യാപ്പ് ചെയ്യാൻ 100 ബില്യൺ പൗണ്ട് സബ്സിഡിയായി ഗവൺമെൻ്റ് നല്കേണ്ടി വരും. നാണ്യപ്പെരുപ്പവും ഗ്യാസ്, ഇലക്ട്രിസിറ്റി, ഫ്യൂവൽ നിരക്കു വർദ്ധന മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണക്കാർക്കും ബിസിനസുകൾക്കും ആശ്വാസമേകുന്നതാണ് ഗവൺമെൻ്റിൻ്റെ പുതിയ ഇടപെടൽ. ഓരോ വീടുകൾക്കും 400 പൗണ്ട് എനർജി റിബേറ്റ് നൽകുമെന്ന് ഗവൺമെൻ്റ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പുറമേയാണ് എനർജി നിരക്കിൽ ക്യാപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.

Other News