Monday, 23 December 2024

ഗുഡ് ബൈ ഡിയർ ഗ്രാന്നി... ക്വീനിൻ്റെ എട്ടു കൊച്ചു മക്കൾ മിലിട്ടറി യൂണിഫോമിൽ ആദരാജ്ഞലിയുമായി വെസ്റ്റ് മിൻസ്റ്റർ ഹാളിൽ

പ്രിയപ്പെട്ട ഗ്രാന്നിയ്ക്ക് സ്നേഹാദരമർപ്പിക്കാൻ കൊച്ചുമക്കളെത്തി. ക്വീനിൻ്റെ എട്ടു കൊച്ചു മക്കളാണ് മിലിട്ടറി യൂണിഫോമിൽ വെസ്റ്റ് മിൻസ്റ്റർ ഹാളിലെ ലൈ ഇൻ സ്റ്റേറ്റ് വിജിലിൽ പങ്കെടുത്തത്. ക്വീനിൻ്റെ ഭൗതിക ശരീരം വച്ചിരിക്കുന്ന പീഠത്തിനു ചുറ്റും ജനാഭിമുഖമായി നിന്നാണ് ഇവർ തങ്ങളുടെ ആദരമർപ്പിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് കൊച്ചു മക്കൾ വിജിലിൽ പങ്കെടുക്കുന്നത്. പ്രിൻസ് വില്യം, പ്രിൻസ് ഹാരി, പ്രിൻസസ് ബീയാട്രിസ്, പ്രിൻസസ് യൂജീൻ, സാറാ റ്റിൻഡൽ, പീറ്റർ ഫിലിപ്സ്, ലേഡി ലൂയിസ് വിൻഡ്സർ ആൻഡ് ജയിംസ്, വിസ്കൗണ്ട് സെവേൺ എന്നിവരാണ് വിജിലിൽ പങ്കെടുത്ത ക്വീനിൻ്റെ കൊച്ചു മക്കൾ. പതിനഞ്ച് മിനിട്ടു നേരം മിലിട്ടറി യൂണിഫോമിൽ ആദരപൂർവ്വം തലകുനിച്ച് അവർ നിന്നു. ഇന്ന് വൈകുന്നേരം 6 മണിയ്ക്കാണ് കൊച്ചു മക്കൾ വിജിലിനായെത്തിയത്. വർക്കിംഗ്‌ റോയൽ റോളിൽ നിന്ന് മാറിയ പ്രിൻസ് ഹാരിയ്ക്ക് വിജിലിനായി മിലിട്ടറി യൂണിഫോം അണിയാൻ കിംഗ് ചാൾസ് പ്രത്യേക അനുമതി നൽകുകയായിരുന്നു.

ഇന്നലെ ക്വീനിൻ്റെ നാലു മക്കൾ ലൈ ഇൻ സ്റ്റേറ്റ് വിജിലിൽ പങ്കെടുത്തിരുന്നു. ക്വീനിൻ്റെ മൂത്ത മകനായ കിംഗ് ചാൾസാണ് ഇതിന് നേതൃത്വം നല്കിയത്. അദ്ദേഹത്തെ കൂടാതെ പ്രിൻസ് ആൻഡ്രൂ, പ്രിൻസ് എഡ്‌വേർഡ്, പ്രിൻസസ് ആൻ എന്നിവരും വിജിലിൻ്റെ ഭാഗമായി. നാല് ദിവസത്തെ പൊതുദർശനത്തിനായാണ് ക്വീനിൻ്റെ ഭൗതിക ശരീരം വെസ്റ്റ് മിൻസ്റ്റർ ഹാളിൽ കിടത്തിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ സംസ്കാരം നടക്കുന്നത്. ബ്രിട്ടൺ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സെക്യൂരിറ്റി ഓപ്പറേഷനാണ് ലണ്ടൻ തയ്യാറെടുക്കുന്നത്. നൂറിലേറെ രാഷ്ട്രത്തലവൻമാർ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും.

Other News