Wednesday, 22 January 2025

ഇന്ന് രാത്രി 8 മണിയ്ക്ക് ഒരു മിനിട്ട് മൗനാചരണം... ക്വീനിൻ്റെ സംസ്കാരത്തിൽ പങ്കെടുക്കാൻ ഇന്ത്യ, അമേരിക്കൻ പ്രസിഡൻ്റുമാർ ലണ്ടനിലെത്തി.

ക്വീൻ എലിസബത്ത് II ൻ്റെ സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ലണ്ടനിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ക്വീനിൻ്റെ സംസ്കാരത്തിൽ പങ്കെടുക്കാൻ ഇന്ത്യ, അമേരിക്കൻ പ്രസിഡൻ്റുമാർ ലണ്ടനിലെത്തി. ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മർമുവും ഒഫീഷ്യൽ ഡെലിഗേഷനും സംസ്കാര ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി ലിസ് ട്രസിനും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയിരിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികൾക്കും കിംഗ് ചാൾസ് ബക്കിംഗാം പാലസിൽ ഇന്ന് ആതിഥ്യമരുളും. സ്കോട്ട്ലൻഡിൽ ക്വീനിന് ആദരമർപ്പിച്ച് 96 റാന്തൽ വിളക്കുകൾ ആകാശത്ത് വിരിയും. ഇന്ന് രാത്രി 8 മണിയ്ക്ക് രാജ്ഞിയോടുള്ള ആദരസൂചകമായി ഒരു മിനിട്ട് മൗനാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വെസ്റ്റ് മിൽസ്റ്റർ ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന ക്വീനിൻ്റെ ദൗതിക ശരീരം കാണാനുള്ള ക്യൂ ഇപ്പോഴും തുടരുകയാണ്. രാത്രിയിലെ കുറഞ്ഞ താപനിലയെ അവഗണിച്ച് ആയിരങ്ങളാണ് ക്യൂവിൽ തുടരുന്നത്. വെസ്റ്റ് മിൻസ്റ്റർ ഹാളിലെത്താൻ 12 മണിക്കൂറിലേറെ ക്യൂവിൽ നിൽക്കേണ്ടി വരുന്നുണ്ട്. കനേഡിയൻ പ്രൈംമിനിസ്റ്റർ ജസ്റ്റിൻ ട്രൂഡു, ഓസ്ട്രേലിയൻ പ്രൈംമിനിസ്റ്റർ ആൻറണി അൽബനീസ്, ന്യൂസിലൻഡ് പ്രൈംമിനിസ്റ്റർ ജസീന്ത ആർഡൻ എന്നിവർ വെസ്റ്റ് മിൻസ്റ്റർ ഹാളിലെത്തി ക്വീനിന് ആദരാജ്ഞലിയർപ്പിച്ചു.

ക്വീനിൻ്റെ എട്ടു കൊച്ചു മക്കൾ ഇന്നലെ മിലിട്ടറി യൂണിഫോമിൽ വെസ്റ്റ് മിൻസ്റ്റർ ഹാളിലെത്തി ലൈ ഇൻ സ്റ്റേറ്റ് വിജിലിൽ പങ്കെടുത്തു. ക്വീനിൻ്റെ ഭൗതിക ശരീരം വച്ചിരിക്കുന്ന പീഠത്തിനു ചുറ്റും ജനാഭിമുഖമായി നിന്നാണ് ഇവർ തങ്ങളുടെ ആദരമർപ്പിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് കൊച്ചു മക്കൾ വിജിലിൽ പങ്കെടുക്കുന്നത്. പ്രിൻസ് വില്യം, പ്രിൻസ് ഹാരി, പ്രിൻസസ് ബീയാട്രിസ്, പ്രിൻസസ് യൂജീൻ, സാറാ റ്റിൻഡൽ, പീറ്റർ ഫിലിപ്സ്, ലേഡി ലൂയിസ് വിൻഡ്സർ ആൻഡ് ജയിംസ്, വിസ്കൗണ്ട് സെവേൺ എന്നിവരാണ് വിജിലിൽ പങ്കെടുത്ത ക്വീനിൻ്റെ കൊച്ചു മക്കൾ. പതിനഞ്ച് മിനിട്ടു നേരം മിലിട്ടറി യൂണിഫോമിൽ ആദരപൂർവ്വം തലകുനിച്ച് അവർ നിന്നു.  ഇന്നലെ വൈകുന്നേരം 6 മണിയ്ക്കാണ് കൊച്ചു മക്കൾ വിജിലിനായെത്തിയത്. വർക്കിംഗ്‌ റോയൽ റോളിൽ നിന്ന് മാറിയ പ്രിൻസ് ഹാരിയ്ക്ക് വിജിലിനായി മിലിട്ടറി യൂണിഫോം അണിയാൻ കിംഗ് ചാൾസ് പ്രത്യേക അനുമതി നൽകി.

വെള്ളിയാഴ്ച ക്വീനിൻ്റെ നാലു മക്കൾ ലൈ ഇൻ സ്റ്റേറ്റ് വിജിലിൽ പങ്കെടുത്തിരുന്നു. ക്വീനിൻ്റെ മൂത്ത മകനായ കിംഗ് ചാൾസാണ് ഇതിന് നേതൃത്വം നല്കിയത്. അദ്ദേഹത്തെ കൂടാതെ പ്രിൻസ് ആൻഡ്രൂ, പ്രിൻസ് എഡ്‌വേർഡ്, പ്രിൻസസ് ആൻ എന്നിവരും വിജിലിൻ്റെ ഭാഗമായി.

Other News