Wednesday, 22 January 2025

ബ്രിട്ടൻ്റെ പ്രിയപ്പെട്ട രാജ്ഞിയ്ക്ക് ലോകം ഇന്നു വിട നല്കും. ലണ്ടൻ്റെ ആകാശം നിശബ്ദമാകും. ലോക നേതാക്കൾ എത്തി. ലോക ജനസംഖ്യയുടെ പകുതിയും ഫ്യൂണറൽ ലൈവായി വീക്ഷിക്കും.

ജനങ്ങളുടെ രാജ്ഞി ഇനി ഓർമയിലേയ്ക്ക്... ബ്രിട്ടീഷ് ജനതയുടെ തലമുറകൾക്ക് പ്രചോദനമായ ക്വീൻ ഇനിയില്ല... ബ്രിട്ടൻ്റെ രാജകീയ സിംഹാസനത്തിൻ്റെ പ്രഭ ലോകമെമ്പാടും പരത്തിയ ക്വീൻ എലിസബത്ത് II ന് ഇന്ന് ലോകം വിട നല്കും. ലണ്ടൻ്റെ ആകാശം നിശബ്ദമാകും. ഹീത്രൂവിൽ നിന്നുള്ള ഫ്ളൈറ്റുകൾ ഫ്യൂണറൽ സമയത്ത് അരമണിക്കൂർ നിറുത്തിവയ്ക്കും. ഫ്യൂണറൽ പ്രൊസഷൻ നടക്കുന്ന വീഥിയിൽ ക്വീനിന് അവസാന ഗുഡ് ബൈ പറയാൻ ആയിരങ്ങൾ അണിനിരക്കും. ലോകത്തിൻ്റെ തലസ്ഥാനമായി ബ്രിട്ടൻ ഇന്നു മാറും. ലോകനേതാക്കളെല്ലാം ക്വീനിൻ്റെ ഫ്യൂണറലിൽ പങ്കെടുക്കാൻ എത്തിക്കഴിഞ്ഞു. ബ്രിട്ടൻ കണ്ടതിൽ വച്ചേറ്റവും ഉയർന്ന സുരക്ഷയാണ് ലണ്ടനിൽ ഇന്ന് ഒരുക്കിയിരിക്കുന്നത്. ലോക ജനസംഖ്യയുടെ പകുതിയും ഫ്യൂണറൽ ലൈവായി വീക്ഷിക്കും.

വെസ്റ്റ് മിൻസ്റ്റർ ഹാളിൽ നാല് ദിവസമായി തുടർന്നു വരുന്ന ക്വീനിൻ്റെ ഭൗതികദേഹത്തിൻ്റെ പൊതുദർശനം രാവിലെ 6.30 ന് അവസാനിയ്ക്കും. എട്ടു മണി മുതൽ ഫ്യൂണറൽ ചടങ്ങു നടക്കുന്ന വെസ്റ്റ് മിനിസ്റ്റർ ആബേയുടെ വാതിലുകൾ ക്ഷണിക്കപ്പെട്ടവർക്കായി തുറക്കും. ലോകനേതാക്കളും റോയൽ ഫാമിലി അംഗങ്ങളും യൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും ആബേയിലെത്തും. 2000 പേരാണ് ആബേയിലെ ചടങ്ങുകളിൽ പങ്കെടുക്കുക.

രാവിലെ 10.44 വെസ്റ്റ് മിൻസ്റ്റർ ഹാളിൽ നിന്ന് ക്വീനിൻ്റെ ഭൗതിക ശരീരമടങ്ങുന്ന പേടകം വെസ്റ്റ് മിൻസ്റ്റർ ആബേയിലേയ്ക്ക് കൊണ്ടുവരും. റോയൽ നേവിയുടെ സ്റ്റേറ്റ് ഗൺ കാര്യേജിൽ 142 സെയിലർമാർ ചേർന്ന് പേടകം ആബേയിലേയ്ക്ക് എത്തിയ്ക്കും. കിംഗ് ചാൾസ്, പ്രിൻസ് വില്യം,  പ്രിൻസ് ഹാരി എന്നിവരെ കൂടാതെ സീനിയർ റോയൽ ഫാമിലി മെമ്പേഴ്സും ഗൺ കാര്യേജിനെ അനുഗമിക്കും. പ്രിൻസ് വില്യമിൻ്റെ മക്കളായ പ്രിൻസ് ജോർജും പ്രിൻസസ് ഷാർലറ്റും പ്രൊസഷനിൽ പങ്കെടുക്കുമെന്ന് റോയൽ ഫാമിലി സ്ഥിരീകരിച്ചിട്ടുണ്ട്.

സ്കോട്ട്ലൻഡിൻ്റെയും അയർലണ്ടിൻ്റെയും ദി പൈപ്സ് ആൻഡ് ഡ്രംസ്  റെജിമെൻ്റുകളും റോയൽ എയർഫോഴ്സും ഗൂർഖകളും സെറമണികൾക്ക് നേതൃത്വം നല്കും. റോയൽ എയർഫോഴ്സും റോയൽ മറീൻസും പ്രൊസഷൻ റൂട്ടിൽ അണിനിരക്കും. റോയൽ മറീൻ ബാൻഡിൻ്റെ പശ്ചാത്തലത്തിൽ മൂന്നു സേനകളും സംയുക്തമായി പാർലമെൻ്റ് സ്ക്വയറിൽ ഗാർഡ് ഓഫ് ഓണർ നല്കും.

11 മണിയ്ക്ക് സ്റ്റേറ്റ് ഫ്യൂണറൽ വെസ്റ്റ് മിൻസ്റ്റർ ആബേയിൽ ആരംഭിക്കും. കിംഗിനും ക്വീനിനും മാത്രമാണ് സ്റ്റേറ്റ് ഫ്യൂണറലിന് അർഹതയുള്ളത്. 1947 ക്വീൻ പ്രിൻസ് ഫിലിപ്പിനെ വിവാഹം ചെയ്തതും 1953 ൽ രാജ്ഞിയായി കിരീടധാരണം നടത്തിയതും ആബേയിൽ ആയിരുന്നു. 70 വർഷം രാജകീയ സിംഹാസനം അലങ്കരിച്ച ക്വീൻ എലിസബത്തിൻ്റെ അന്ത്യയാത്രയുടെ പ്രധാന ചടങ്ങുകൾ നടക്കുന്നതും ആബേയിൽ തന്നെയാകും. സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നത് ഡീൻ ഓഫ് വെസ്റ്റ് മിൻസ്റ്റർ ഡേവിഡ് ഹൊയിൽ ആണ്. പ്രധാന പ്രാർത്ഥനകൾ കാൻ്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി പരികർമ്മം ചെയ്യും.

11.55 ന് ഫ്യൂണറലിൻ്റെ അവസാന നിമിഷങ്ങളിൽ ലാസ്റ്റ് പോസ്റ്റ് ആലപിക്കും. തുടർന്ന് രണ്ടു മിനിട്ട് നാഷണൽ സൈലൻസ് ആചരിക്കും. അതിനു ശേഷം ക്വീൻസ് പൈപ്പേഴ്സ് ദേശീയ ഗാനം പ്ളേ ചെയ്യും. 12.15 ന് ക്വീനിൻ്റെ ദൗതികദേഹം ആബേയിൽ നിന്ന് ഹൈഡ് പാർക്കിനടുത്തുള്ള വെല്ലിംഗ്‌ടൺ ആർച്ചിലേയ്ക്ക് വാക്കിംഗ് പ്രൊസഷനായി കൊണ്ടു പോകും. കിംഗ് ചാൾസും റോയൽ ഫാമിലിയും അനുഗമിക്കും. മിലിട്ടറിയും പോലീസും റൂട്ടിൽ ലൈനപ്പ് ചെയ്യും. ഈ സമയത്ത് ബിഗ് ബെൻ ഓരോ മിനിട്ടിലും മുഴങ്ങും. ഹൈഡ് പാർക്കിൽ ഗൺ സല്യൂട്ടും ഇതോടൊപ്പം നടക്കും. വെല്ലിംഗ്ടൺ ആർച്ചിൽ നിന്ന് ശവമഞ്ചം ഒരു മണിക്ക് വിൻഡ്സർ കാസിലിലേയ്ക്ക് കൊണ്ടു പോകും.

മൂന്നു മണിയോടെ പ്രൊസഷൻ വിൻഡ്സർ കാസിലിൽ എത്തും. നാലു മണിയ്ക്ക് സെൻ്റ് ജോർജ് ചാപ്പലിൽ ഭൗതിക ശരീരം സംസ്കാര ശുശ്രൂഷയ്ക്കായി എത്തിയ്ക്കും. ഇതിൽ 800 പേർ പങ്കെടുക്കും. ഡീൻ ഓഫ് വിൻഡ്സർ ഡേവിഡ് കോണർ നേതൃത്വം നല്കും. ക്വീനിൻ്റെ ഭരണം അവസാനിക്കുന്നതിൻ്റെ പ്രതീകമായി ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ പേടകത്തിൽ നിന്ന് ക്രൗൺ ജൂവലർ എടുത്തു മാറ്റും. തുടർന്ന് ഗ്രനേഡിയർ ഗാർഡ്സിൻ്റെ ഫ്ളാഗ് കിംഗ് ചാൾസ് പേടകത്തിൽ വയ്ക്കും. അതേ സമയത്ത് തന്നെ ലോർഡ് ചേംബർലയിൻ 'വാൻഡ് ഓഫ് ഓഫീസ്' ബ്രെയ്ക്ക് ചെയ്ത് പേടകത്തിൽ സമർപ്പിക്കും. ഏറ്റവും സീനിയറായ റോയൽ സേർവൻ്റിൻ്റെ സേവനം അവസാനിപ്പിക്കുന്നത് സൂചിപ്പിക്കുന്നതാണ് ഈ ചടങ്ങ്.

ഇതിനു ശേഷം ക്വീനിൻ്റെ ഭൗതിക ശരീര മടങ്ങുന്ന പേടകം റോയൽ വാൾട്ടിലേയ്ക്ക് താഴ്ത്തും. തുടർന്ന് പൈപ്പേഴ്സ് ഗോഡ് സേവ് ദി കിംഗ് ആലപിക്കും. 4.45 ന് സംസ്കാര ശുശ്രൂഷകൾ പൂർത്തിയാകും. കിംഗ് ചാൾസും റോയൽ ഫാമിലി അംഗങ്ങളും ചാപ്പൽ വിടും. രാത്രി 7.30 ന് പ്രൈവറ്റ് ഫാമിലി സർവീസ് നടക്കും. ക്വീനിൻ്റെ ഭൗതികദേഹം കിംഗ് ജോർജ് VI മെമ്മോറിയൽ ചാപ്പലിലെ പ്രിൻസ് ഫിലിപ്പിൻ്റെ ശവകുടീരത്തിൽ അടക്കും. തുടർന്ന് മാർബിൾ സ്ളാബിൽ എലിസബത്ത് II 1926 - 2022 എന്ന് ആലേഖനം ചെയ്യും.

ബ്രിട്ടൻ്റെ അഭിമാനമായ രാജകീയ സിംഹാസനത്തിൻ്റെ യശസുയർത്തിയ രാജ്ഞിയുടെ ഓർമ്മകൾക്കു മുന്നിൽ മലയാളം ടൈംസ് ന്യൂസ് ടീമിൻ്റെ പ്രണാമം.

Other News