Wednesday, 22 January 2025

ജനസഹസ്രങ്ങളെ സാക്ഷിയാക്കി പരമോന്നത ബഹുമതികളോടെ എലിസബത്ത് രാജ്ഞിയ്ക്ക് ബ്രിട്ടൻ വിട നല്കി.

കിംഗ് ജോർജ് VI മെമ്മോറിയൽ ചാപ്പലിൽ വച്ച് ക്വീൻ എലിസബത്തിൻ്റെ ഭൗതിക ശരീരമടങ്ങുന്ന പേടകത്തിൽ വച്ചിരുന്ന ഇംപീരിയൽ ക്രൗണും മറ്റ് ഔദ്യോഗിക സ്ഥാനചിഹ്നങ്ങളും അൾത്താരയിലേയ്ക്ക് മാറ്റി... കിംഗ് ചാൾസ് ഗ്രെനേഡിയർ ഗാർഡ്സിൻ്റെ പതാക പേടകത്തിനുമേൽ ബഹുമാനത്തോടെ അണിയിച്ചു... സീനിയർ റോയൽ സിവിൽ സേർവ്വൻ്റായ ലോർഡ് ചേംബർലയിൻ 'വാൻഡ് ഓഫ് ഓഫീസ് ' രണ്ടായി ഒടിച്ച് ശവമഞ്ചത്തിനു മുകളിൽ വച്ചു. പ്രാർത്ഥനാ ഗീതങ്ങളുയരവെ ബ്രിട്ടനെ 70 വർഷക്കാലം ഭരിച്ച ക്വീൻ എലിസബത്ത് II ചാപ്പലിൻ്റെ വാൾട്ടിലേയ്ക്ക് മറഞ്ഞു.

ലോകം കണ്ടതിൽ വച്ചേറ്റവും പ്രൗഡഗംഭീരമായ വിടവാങ്ങലാണ് ബ്രിട്ടീഷ് ജനത ക്വീനിനായി ഒരുക്കിയത്. പതിനായിരങ്ങളാണ് ഫ്യൂണറൽ പ്രൊസഷൻ നടന്ന ലണ്ടനിലെ വീഥികളിൽ അണിനിരന്നത്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് തലസ്ഥാനത്ത് ഒരുക്കിയിരുന്നത്. ഹീത്രൂവിൽ നിന്നുള്ള ഫ്ളൈറ്റ് സർവീസുകളും നിറുത്തി വച്ചിരുന്നു. നൂറു കണക്കിന് രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന ചടങ്ങായതിനാൽ കർശന സുരക്ഷാ ക്രമീകരണങ്ങൾക്ക് ലണ്ടൻ സാക്ഷിയായി. ഉയർന്ന ബിൽഡിംഗുകളുടെ മുകളിൽ ബൈനോക്കുലർ വാച്ചിംഗ് ടീം അണിനിരന്നു. ലോക നേതാക്കൾ വെസ്റ്റ് മിൻസ്റ്റർ ഹാളിലേയ്ക്ക് പുറപ്പെടാനായി ഒരുമിച്ച പ്രത്യേക സുരക്ഷാ മേഖലയിൽ സ്നൈപ്പേഴ്സിനെയും വിന്യസിച്ചിരുന്നു.

വെസ്റ്റ് മിൻസ്റ്റർ ഹാളിൽ നാല് ദിവസമായി തുടർന്നു വരുന്ന ക്വീനിൻ്റെ ഭൗതികദേഹത്തിൻ്റെ പൊതുദർശനം ഇന്ന് രാവിലെ 6.30 ന് അവസാനിപ്പിച്ചു. എട്ടു മണി മുതൽ ഫ്യൂണറൽ ചടങ്ങു നടക്കുന്ന വെസ്റ്റ് മിനിസ്റ്റർ ആബേയുടെ വാതിലുകൾ ക്ഷണിക്കപ്പെട്ടവർക്കായി തുറന്ന് കൊടുത്തു.

രാവിലെ 10.44 വെസ്റ്റ് മിൻസ്റ്റർ ഹാളിൽ നിന്ന് ക്വീനിൻ്റെ ഭൗതിക ശരീരമടങ്ങുന്ന പേടകം വെസ്റ്റ് മിൻസ്റ്റർ ആബേയിലേയ്ക്ക് കൊണ്ടുവന്നു. റോയൽ നേവിയുടെ സ്റ്റേറ്റ് ഗൺ കാര്യേജിൽ 142 സെയിലർമാർ ചേർന്ന് പേടകം ആബേയിലേയ്ക്ക് എത്തിച്ചത്. കിംഗ് ചാൾസ്, പ്രിൻസ് വില്യം,  പ്രിൻസ് ഹാരി എന്നിവരെ കൂടാതെ സീനിയർ റോയൽ ഫാമിലി മെമ്പേഴ്സും ഗൺ കാര്യേജിനെ അനുഗമിച്ചു. പ്രിൻസ് വില്യമിൻ്റെ മക്കളായ പ്രിൻസ് ജോർജും പ്രിൻസസ് ഷാർലറ്റും പ്രൊസഷനിൽ പങ്കെടുത്തു.

സ്കോട്ട്ലൻഡിൻ്റെയും അയർലണ്ടിൻ്റെയും ദി പൈപ്സ് ആൻഡ് ഡ്രംസ്  റെജിമെൻ്റുകളും റോയൽ എയർഫോഴ്സും ഗൂർഖകളും സെറമണികൾക്ക് നേതൃത്വം നൽകി. റോയൽ എയർഫോഴ്സും റോയൽ മറീൻസും പ്രൊസഷൻ റൂട്ടിൽ അണിനിരന്നു. റോയൽ മറീൻ ബാൻഡിൻ്റെ പശ്ചാത്തലത്തിൽ മൂന്നു സേനകളും സംയുക്തമായി പാർലമെൻ്റ് സ്ക്വയറിൽ ഗാർഡ് ഓഫ് ഓണർ നല്കി.

11 മണിയ്ക്ക് സ്റ്റേറ്റ് ഫ്യൂണറൽ വെസ്റ്റ് മിൻസ്റ്റർ ആബേയിൽ ആരംഭിച്ചു. 1947 ക്വീൻ പ്രിൻസ് ഫിലിപ്പിനെ വിവാഹം ചെയ്തതും 1953 ൽ രാജ്ഞിയായി കിരീടധാരണം നടത്തിയതും ആബേയിൽ ആയിരുന്നു. 70 വർഷം രാജകീയ സിംഹാസനം അലങ്കരിച്ച ക്വീൻ എലിസബത്തിൻ്റെ അന്ത്യയാത്രയുടെ പ്രധാന ചടങ്ങുകൾക്കും ആബേ സാക്ഷ്യം വഹിച്ചു. സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നല്കിയത് ഡീൻ ഓഫ് വെസ്റ്റ് മിൻസ്റ്റർ ഡേവിഡ് ഹൊയിൽ ആണ്. കാൻ്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി ക്വീനിനെ അനുസ്മരിച്ചു ഫ്യൂണറൽ മധ്യേ സന്ദേശം നല്കി.

11.55 ന് ഫ്യൂണറലിൻ്റെ അവസാന നിമിഷങ്ങളിൽ ലാസ്റ്റ് പോസ്റ്റ് ആലപിക്കപ്പെട്ടു. രണ്ടു മിനിട്ട് നേരത്ത് ബ്രിട്ടൺ നിശബ്ദമായി. തുടർന്ന്  ക്വീൻസ് പൈപ്പേഴ്സ് ദേശീയ ഗാനം പ്ളേ ചെയ്തു. 12.15 ന് ക്വീനിൻ്റെ ദൗതികദേഹം ആബേയിൽ നിന്ന് ഹൈഡ് പാർക്കിനടുത്തുള്ള വെല്ലിംഗ്‌ടൺ ആർച്ചിലേയ്ക്ക് വാക്കിംഗ് പ്രൊസഷനായി കൊണ്ടു പോയി. കിംഗ് ചാൾസും റോയൽ ഫാമിലിയും അനുഗമിച്ചു. മിലിട്ടറിയും പോലീസും റൂട്ടിൽ ലൈനപ്പ് ചെയ്തു. ഈ സമയത്ത് ബിഗ് ബെൻ ഓരോ മിനിട്ടിലും മുഴങ്ങിക്കൊണ്ടിരുന്നു. ഹൈഡ് പാർക്കിൽ ഗൺ സല്യൂട്ടും ഇതോടൊപ്പം നടന്നു. വെല്ലിംഗ്ടൺ ആർച്ചിൽ നിന്ന് ശവമഞ്ചം ഒരു മണിക്ക് വിൻഡ്സർ കാസിലിലേയ്ക്ക് കൊണ്ടു പോയി.

മൂന്നു മണിയോടെ പ്രൊസഷൻ വിൻഡ്സർ കാസിലിൽ എത്തി. നാലു മണിയ്ക്ക് സെൻ്റ് ജോർജ് ചാപ്പലിൽ ഭൗതിക ശരീരം സംസ്കാര ശുശ്രൂഷയ്ക്കായി എത്തിച്ചു. ഇതിൽ 800 പേർ പങ്കെടുത്തു. ഡീൻ ഓഫ് വിൻഡ്സർ ഡേവിഡ് കോണർ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി.  രാത്രി 7.30 ന് പ്രൈവറ്റ് ഫാമിലി സർവീസ് നടക്കും. ക്വീനിൻ്റെ ഭൗതികദേഹം കിംഗ് ജോർജ് VI മെമ്മോറിയൽ ചാപ്പലിലെ പ്രിൻസ് ഫിലിപ്പിൻ്റെ ശവകുടീരത്തിൽ അടക്കും. തുടർന്ന് മാർബിൾ സ്ളാബിൽ എലിസബത്ത് II 1926 - 2022 എന്ന് ആലേഖനം ചെയ്യും.

Other News