Thursday, 07 November 2024

യൂറോപ്യൻ രാജ്യങ്ങളുടെ പൊളിറ്റിക്കൽ ക്ലബ്ബിൽ ചേരുന്ന കാര്യം ബ്രിട്ടൻ്റെ ഗൗരവകരമായ പരിഗണനയിൽ

യൂറോപ്യൻ രാജ്യങ്ങളുടെ ക്ലബ്ബിൽ ചേരുന്ന കാര്യം ബ്രിട്ടൻ്റെ ഗൗരവകരമായി പരിഗണിക്കുന്നു. ഒക്ടോബർ ആദ്യം യൂറോപ്യൻ  പൊളിറ്റിക്കൽ കമ്മ്യൂണിറ്റിയുടെ ആദ്യ സമ്മേളനം പ്രാഗിൽ നടക്കാനിരിക്കുകയാണ്. ഇതിൻ്റെ രൂപീകരണവും ഉദ്ദേശലക്ഷ്യങ്ങളും സംബന്ധിച്ച വിശദാംശങ്ങളായി ബ്രിട്ടൺ കാത്തിരിക്കുകയാണ്. ഇതിനു ശേഷം മാത്രമേ ഈ ഉച്ചകോടിയിൽ പ്രധാനമന്ത്രി ലിസ് ട്രസ് പങ്കെടുക്കുന്ന കാര്യം ബ്രിട്ടൺ തീരുമാനിക്കുകയുള്ളൂ.

യൂറോപ്യൻ  പൊളിറ്റിക്കൽ കമ്മ്യൂണിറ്റി എന്ന ആശയം പ്രഞ്ച് പ്രസിഡൻ്റ് എമ്മാനുവൽ മക്രോണാണ് മുന്നോട്ട് വച്ചത്. യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ സഹകരണത്തിൻ്റെ പുതിയ മേഖല തുറക്കുകയാണ് ഇതിൻ്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സെക്യൂരിറ്റി, എനർജി, ട്രാൻസ്പോർട്ട് എന്നിവ കൂടാതെ മാൻപവർ മൂവ്മെൻ്റ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഈ വേദി പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളുടെ സഹകരണത്തിനപ്പുറമുള്ള ഒരു കൂട്ടായ്മയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരമൊരു ആശയം നേരത്തെ രൂപപ്പെട്ടിരുന്നെങ്കിലും ബ്രെക്സിറ്റിനു ശേഷമാണ് ഇതിന് കൂടുതൽ പിന്തുണ ലഭിച്ചത്. എന്നാൽ യൂറോപ്യൻ  പൊളിറ്റിക്കൽ കമ്മ്യൂണിറ്റി എന്ന വേദിയെ യൂറോപ്യൻ രാജ്യങ്ങളുടെയോ യൂറോപ്യൻ സ്ഥാപനങ്ങളുടെയോ വരുതിയിൽ നിറുത്താൻ ശ്രമിക്കുന്ന ഒന്നാവരുതെന്ന നിർദ്ദേശം ബ്രിട്ടനുണ്ട്. യൂറോപ്പിനു പുറത്തു നിന്നുള്ള വൻശക്തികളുടെ സാന്നിധ്യവും ഇതിലുണ്ടാകണമെന്ന് ബ്രിട്ടൻ ആഗ്രഹിക്കുന്നു.

യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളെ കൂടാതെ യുകെ, യുക്രെയിൻ, നോർവേ, സ്വിറ്റ്സർലൻഡ്, ടർക്കി എന്നീ രാജ്യങ്ങൾക്കും യൂറോപ്യൻ  പൊളിറ്റിക്കൽ കമ്മ്യൂണിറ്റിയിലേയ്ക്ക് ക്ഷണമുണ്ട്. ഒക്ടോബർ ആറിനാണ് ചെക്ക് റിപ്പബ്ളിക് യൂറോപ്യൻ  പൊളിറ്റിക്കൽ കമ്മ്യൂണിറ്റിയുടെ ഉദ്ഘാടന സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. യൂറോപ്യൻ കൗൺസിലിൻ്റെ നിലവിലെ പ്രസിഡൻ്റ് പദവി ചെക്ക് റിപ്പബ്ലിക്കിനാണ്.

Other News