മുഖ്യമന്ത്രി പിണറായി വിജയൻ്റെ യുകെ സന്ദർശനം ഒക്ടോബറിൽ... കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾ പ്രവാസികളുമായി ലോക കേരള സഭയിൽ ചർച്ച ചെയ്യും

ബിനോയി ജോസഫ്

കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുകെ സന്ദർശനം നടത്തും. യൂറോപ്പ് സന്ദർശനത്തിൻ്റെ ഭാഗമായെത്തുന്ന മുഖ്യമന്ത്രി ഒക്ടോബർ 9  ഞായറാഴ്ച ലണ്ടനിൽ നടക്കുന്ന ലോക കേരള സഭ കോൺഫറൻസിൽ പങ്കെടുക്കും. ധനമന്ത്രി പി.രാജീവ്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, നോർക്ക റെസിഡൻഷ്യൽ വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരും മുഖ്യമന്ത്രിയൊടൊപ്പമുണ്ടാവും. യുകെ - യൂറോപ്പ് ലോക കേരളസഭ റീജീയണൽ കോൺഫ്രൻസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കേരളത്തിൻ്റെ വികസന സ്വപ്നങ്ങളിൽ പങ്കാളികളാകാനും മുഖ്യമന്ത്രിയോട് നേരിട്ട് സംവദിക്കാനുമുളള അവസരമാണ് യുകെയിലെ മലയാളികൾക്ക് ലഭിക്കുന്നത്. യുകെയിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും കേരള ഗവൺമെൻ്റിൻ്റെ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളും മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്.

യുകെയിലേയ്ക്ക് നിരവധി മലയാളികൾ കുടിയേറിക്കൊണ്ടിരിക്കുന്ന അവസരത്തിൽ നടക്കുന്ന ലോക കേരളസഭ കോൺഫറൻസ് അതീവ പ്രാധാന്യമുള്ളതാണ്. ബ്രെക്സിറ്റിനു ശേഷം ആയിരക്കണക്കിന് നഴ്സുമാരും സീനിയർ കെയറർമാരും മറ്റ് പ്രഫഷണലുകളും കേരളത്തിൽ നിന്ന്  യുകെയിൽ എത്തിക്കഴിഞ്ഞു. കൂടാതെ യുകെയിലെ യൂണിവേഴ്സിറ്റികളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും ഉപരിപഠനത്തിനായി എത്തുന്നത്. യുകെയിലെ ജീവിത പശ്ചാത്തലത്തിൽ പുതിയതായി കുടിയേറുന്നവർക്ക് കേരളാ ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്ന് ലഭ്യമാക്കേണ്ട പിന്തുണ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട അടിയന്തിര വിഷയങ്ങളും സഭയിൽ ചർച്ചയാകും.

ഒക്ടോബർ 9 ന് ലണ്ടനിലെ ഫെൽതാം ട്യൂഡോർ പാർക്കിലാണ് ലോക കേരളാ സഭ കോൺഫറൻസ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം നാലു മുതൽ ഒൻപതു വരെ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. പ്രവാസി സമ്മേളനവും കലാസന്ധ്യയും ഇതോടൊപ്പം നടക്കും. ഉച്ചയ്ക്ക് മുൻപ് ലോക കേരള സഭാഗംങ്ങൾ, യുകെയിലെ വിവിധ സംഘടനകളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും പ്രതിനിധികൾ, വ്യവസായികൾ, പൗരപ്രമുഖർ, കലാ സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന സമ്മേളനം നടക്കും.

കോൺഫറൻസിൻ്റെ വിജയത്തിനായി ലോക കേരളാ സഭാ മെമ്പർമാരായ എസ്.ശ്രീകുമാർ ചീഫ് കോർഡിനേറ്ററും സി.എ ജോസഫ് ജോയിൻ്റ് കോർഡിനേറ്ററുമായ ഓർഗനൈസിംഗ് കമ്മിറ്റി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. യുക്മ പ്രസിഡൻ്റായ ഡോ. ബിജു പെരിങ്ങത്തറയാണ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ. വിവിധ സബ് കമ്മിറ്റികളും പ്രവർത്തനം ഊർജ്ജിതമാക്കിക്കഴിഞ്ഞു.  സമ്മേളനത്തിൻ്റെ വിജയത്തിന് യുകെയിലെ മലയാളികളുടെ പൂർണ പിന്തുണ ഓർഗനൈസിംഗ് കമ്മിറ്റി അഭ്യർത്ഥിച്ചു.
 

Other News