Thursday, 21 November 2024

ക്യാൻസർ ചികിത്സയിൽ പുതിയ കണ്ടുപിടുത്തവുമായി ബ്രിട്ടീഷ് സയൻറിസ്റ്റുകൾ. മനുഷ്യരിലെ ആദ്യ പരീക്ഷണങ്ങൾ വിജയകരം.

ക്യാൻസർ ചികിത്സയിൽ പുതിയ കണ്ടുപിടുത്തവുമായി ബ്രിട്ടീഷ് സയൻറിസ്റ്റുകൾ. മനുഷ്യരിലെ ആദ്യ പരീക്ഷണങ്ങൾ വിജയകരമെന്നാണ് റിപ്പോർട്ട്. ക്യാൻസർ സെല്ലുകളെ നശിപ്പിക്കാനായി വൈറസിനെ ഉപയോഗിക്കുന്ന രീതിയാണ് നടപ്പാക്കുന്നത്. ഈ ചികിത്സയിലൂടെ ഒരു രോഗിയുടെ ക്യാൻസർ പൂർണമായും അപ്രത്യക്ഷമായി. മറ്റുള്ളവരിൽ ട്യൂമർ ചുരുങ്ങുവാനും പുതിയ ചികിത്സ സഹായിച്ചു. ഹെർപീസ് വൈറസിൻ്റെ ഒരു ദുർബലമായ വകഭേദത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത ഡ്രഗാണ് ഇതിനായി ഉപയോഗിച്ചത്. കോൾഡ് സോർ ഉണ്ടാകുന്നതിന് സമാനമായ വൈറസാണിത്. ഇക്കാര്യത്തിൽ വിപുലവും ദീർഘകാല പഠനവും നടത്തേണ്ടതുണ്ടെന്ന് സയൻറിസ്റ്റുകൾ പറയുന്നു. ക്യാൻസർ ഗുരുതരമായി ബാധിച്ചവർക്ക് പുതിയ ചികിത്സ രീതി പ്രതീക്ഷ നല്കുന്നതാണ്.

റോയൽ മാഴ്സ്ഡൻ എൻഎച്ച്എസ് ട്രസ്റ്റിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചാണ് പുതിയ ക്യാൻസർ തെറാപ്പി പരീക്ഷിച്ചത്. വെസ്റ്റ് ലണ്ടനിലെ ബിൽഡറായ 39 കാരൻ ക്രിസ്റ്റോ വോസ്കി തെറാപ്പിയുടെ സേഫ്റ്റി ട്രയലിൽ പങ്കെടുത്തു. 2017 ൽ ക്രിസ്റ്റോയുടെ സലൈവറി ഗ്ലാൻഡിന് ക്യാൻസർ ബാധിച്ചതായി കണ്ടെത്തിയിരുന്നു. സർജറിയും ചികിത്സകളും നടത്തിയെങ്കിലും ക്യാൻസർ വളർച്ച തുടർന്നു. സുഖപ്പെടുത്താനുള്ള വഴികളെല്ലാം അടഞ്ഞതായും ജീവിതത്തിൻ്റെ അവസാന നാളുകളിലേയ്ക്ക് അടുക്കുകയാണെന്നും അദ്ദേഹം മനസിലാക്കി. ഈ സമയത്താണ് പുതിയ ക്യാൻസർ തെറാപ്പി ട്രയലിൽ പങ്കെടുക്കാൻ ക്രിസ്റ്റോയ്ക്ക് അവസരം ലഭിച്ചത്.

ക്രിസ്റ്റോ ട്രയലിൽ പങ്കെടുത്ത് വൈറസ് തെറാപ്പിയുടെ ചെറിയ ഡോസ് സ്വീകരിച്ചു. അഞ്ചാഴ്ചയാണ് ക്രിസ്റ്റോയ്ക്ക് വൈറസ് ഇൻജക്ഷൻ നല്കിയത്. തുടർന്നുള്ള പരിശോധനയിൽ ക്യാൻസർ പൂർണമായും സുഖപ്പെട്ടതായി കണ്ടെത്തി. കഴിഞ്ഞ രണ്ടു വർഷമായി തൻ്റെ ശരീരത്തിൽ ക്യാൻസർ ഇല്ലെന്നും ഈ സുഖപ്പെടൽ അവിശ്വസനീയമാണെന്നും ക്രിസ്റ്റോ പറയുന്നു.

ഹെർപിസ് സിംപ്ളെക്സ് ഡ്രഗ് നേരിട്ട് ട്യൂമറിലേയ്ക്കാണ് കുത്തിവയ്ക്കുന്നത്. ഇത് ക്യാൻസർ സെല്ലുകളെ കീഴടക്കുകയും തകർക്കുകയും ചെയ്യും. ഇതേ തുടർന്ന് ഇമ്യൂൺ സിസ്റ്റം ഉത്തേജിപ്പിക്കപ്പെടും. 40 ലധികം പേർ ഈ ട്രയലിൽ പങ്കെടുത്തു. പാരിസിൽ നടന്ന മെഡിക്കൽ കോൺഫറൻസിൽ റിസർച്ചിൻ്റെ റിസൾട്ട് പുറത്തുവിട്ടു. കണ്ണിലെയും ഈസോഫാഗസിലെയും ക്യാൻസറിന് പുതിയ തെറാപ്പി പ്രയോജനപ്രദമെന്ന് കണ്ടെത്തിയതായി ലീഡ് റിസർച്ചർ പ്രൊഫസർ കെവിൻ ഹാരിംഗ്ടൺ പറഞ്ഞു. 

Other News