Thursday, 07 November 2024

നഴ്സുമാർക്കുള്ള ഇംഗ്ലീഷ് ലാംഗ്വേജ് മാനദണ്ഡത്തിൽ രണ്ടു സുപ്രധാന മാറ്റങ്ങൾ എൻഎംസി പരിഗണിക്കുന്നു. കൺസൾട്ടേഷൻ ഫലപ്രാപ്തിയിലേയ്ക്കെന്ന് സൂചന

നഴ്സുമാർക്കുള്ള ഇംഗ്ലീഷ് ലാംഗ്വേജ് മാന ദണ്ഡത്തിൽ രണ്ടു സുപ്രധാന മാറ്റങ്ങൾ എൻഎംസി പരിഗണിക്കുന്നു. ഹെൽത്ത് സെക്ടറിൽ ജോലി ചെയ്യുന്ന പ്രഫഷണലുകൾക്ക് സുരക്ഷിതമായും ഫലപ്രദമായും ആശയ വിനിമയം നടത്തുവാൻ കഴിയുന്ന ഭാഷാപരിചയം ഉണ്ടെന്ന് ഉറപ്പു വരുത്താൻ ഉതകുന്ന നയം ഇംഗ്ലീഷ് പ്രാവീണ്യ വിഷയത്തിൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൺസൾട്ടേഷൻ എൻഎംസി നടത്തിയിരുന്നു.

ഓവർസീസിൽ നിന്നും നഴ്സിംഗ് പാസായി ബ്രിട്ടണിലെത്തി നിരവധി വർഷങ്ങൾ ജോലി ചെയ്തിട്ടും എൻഎംസിയുടെ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡമനുസരിച്ചുള്ള ക്വാളിഫിക്കേഷൻ നേടാൻ കഴിയാത്ത സാഹചര്യവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഉയർന്നിരുന്നു. ഇക്കാരണത്താൽ ഹെൽത്ത് കെയർ പോസ്റ്റിൽ തുടരേണ്ടി വരുന്നവരുടെ അവസ്ഥ എൻഎംസി യിൽ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടു. യുകെയിലെ നിരവധി സംഘടനകളും സാമൂഹിക പ്രവർത്തകരും ഹെൽത്ത് കെയർ പ്രഫഷണൽസും ഇക്കാര്യം എൻ എം സിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്നാണ് എൻ എം സി കൺസൾട്ടേഷൻ പ്രഖ്യാപിച്ചത്.

എട്ടാഴ്ച നീണ്ടു നിന്ന കൺസൾട്ടേഷനിൽ 34,000 പേരാണ് പങ്കെടുത്തത്. കഴിഞ്ഞ പത്തു വർഷങ്ങളിൽ നടന്ന എൻ എം സി കൺസൾട്ടേഷനിലെ ഏറ്റവും ഉയർന്ന പങ്കാളിത്തമായിരുന്നു ഇത്. ഇതിലെ രണ്ടു പ്രൊപ്പോസലുകൾ അടുത്തയാഴ്ച നടക്കുന്ന ഗവേണിംഗ് കൗൺസിൽ മീറ്റിംഗിൽ പരിഗണിക്കും. രണ്ട് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകൾ കംബയിൻ ചെയ്യുമ്പോൾ മിനിമം സ്കോർ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളത് ആദ്യ പ്രൊപ്പോസൽ. സ്കോറുകൾ കംബയിൻ ചെയ്യാനുള്ള സമയപരിധി 6 മാസത്തിൽ നിന്ന് 12 മാസമായി നിശ്ചയിക്കുന്നതും ഇതിൽ ഉൾപ്പെടും.

ഇംഗ്ലീഷ് ഭാഷ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ നിന്നും ക്വാളിഫൈഡ് ആയവർക്കും ഇംഗ്ലീഷ് ടെസ്റ്റുകൾ നേരിയ വ്യത്യാസത്തിൽ നേടാൻ കഴിയാത്തവർക്കും നിലവിൽ ജോലി ചെയ്യുന്ന എംപ്ളോയർ നല്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിൻ്റെ തെളിവ് സംബസിച്ചുള്ളതാണ് രണ്ടാമത്തെ പ്രൊപ്പോസൽ. ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ മേഖലയിൽ ജോലി ചെയ്യുന്നവർ ഇംഗ്ലീഷ് ഭാഷ ഫലപ്രദമായി ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് കാണിക്കുന്ന വ്യക്തമായ ഡോക്യുമെൻറഡ് എവിഡൻസ് നൽകാൻ എംപ്ളോയർമാർക്ക് ഇത് അനുമതി നൽകും.

യുകെയിലെത്തിയതിനു ശേഷം ഇംഗ്ലീഷിൽ പഠിച്ച് എക്സാം പാസായി പോസ്റ്റ് ഗ്രഡ്ജുവേറ്റ് യോഗ്യത നേടിയത് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിൻ്റെ തെളിവായി സ്വീകരിക്കണമെന്ന പ്രൊപ്പോസൽ ഗവേണിംഗ് കൗൺസിൽ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഈ പ്രൊപ്പോസലിന് സമാനമായ പിന്തുണ കൺസൾട്ടേഷനിൽ ലഭിച്ചെങ്കിലും മുന്നോട്ട് ഇക്കാര്യം പരിഗണിക്കുന്നതിൽ തടസങ്ങൾ ഉണ്ടായതിനാൽ ഒഴിവാക്കുകയാണെന്ന് എൻ എം സി സൂചിപ്പിച്ചു.

പരിഗണിക്കുന്ന രണ്ടു പ്രധാന പ്രൊപ്പോസലുകൾ സെപ്റ്റംബർ 28 ലെ കൗൺസിൽ മീറ്റിംഗ് അംഗീകരിക്കുകയാണെങ്കിൽ 2023 ജനുവരി മുതൽ നടപ്പാക്കാനാണ് എൻ എം സി ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നിന്നും നഴ്സിംഗ് ക്വാളിഫൈഡ് ആയി യുകെയിൽ എത്തിയെങ്കിലും പിൻ നമ്പർ ലഭിക്കാതെ ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരായി വർഷങ്ങളായി ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ നിരവധിയാണ്. ഇവർക്ക് എൻ എം സി രജിസ്ട്രേഷൻ ലഭ്യമാകാൻ വഴി തുറക്കുന്ന നടപടിയിലേയ്ക്ക് നയിക്കുന്നതാകും കൺസൾട്ടേഷൻ പ്രൊപ്പോസലുകൾക്ക് എൻ എം സി ഗവേണിംഗ് കൗൺസിൽ നൽകുന്ന അഗീകാരം.

Other News