Monday, 23 December 2024

ഡോ. റിതേഷിനായി നിങ്ങൾക്കും രംഗത്തിറങ്ങാം... സ്റ്റെം സെൽ ഡോണേഷൻ അപ്പീലുമായി ഹള്ളിലെ കുടുംബം

ലിങ്കൺഷയറിലെ സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ രജിസ്ട്രാറായ ഡോ. റിതേഷിനെ സഹായിക്കുവാൻ ഹള്ളിലെ ഇന്ത്യൻ സമൂഹം രംഗത്ത്. ഹോഡ്കിൻ ലിംഫോമ ബാധിച്ച ഡോ. റിതേഷിന് സ്റ്റെം സെൽ ചികിത്സ ആവശ്യമാണ്. ചികിത്സയുടെ മറ്റു ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നോട്ട് പോവുകയാണ് ഡോ. റിതേഷും കുടുംബവും. ഹള്ളിലാണ് ഡോ. റിതേഷ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഡോ. റിതേഷിൻ്റെ ഭാര്യ ലീമ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. രണ്ടു പെൺകുട്ടികളുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുന്ന റിയയും നൈനയും.

ഡോ. റിതേഷിന് അടിയന്തിരമായി ആവശ്യമുള്ള സ്റ്റെം സെൽ ചികിത്സ താമസിയാതെ നടത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിൻ്റെ കുടുംബം. എന്നാൽ ഇതുവരെ യോജിച്ച ഒരു ഡോണറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള പരിശ്രമത്തിലാണ് ലീമയും സുഹൃത്തുക്കളും. ബ്ളഡ് ക്യാൻസർ പോലുള്ള നൂറിലധികം മാരക  രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ് സ്റ്റെം സെൽ മാറ്റിവയ്ക്കൽ ചികിത്സ. രക്തദാനം പോലെ തന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണ് സ്റ്റെം സെൽ ഡൊണേഷനും. രക്തദാനത്തിനു രക്ത ഗ്രൂപ്പ് സാമ്യം വേണ്ടതുപോലെ സ്റ്റെം സെൽ ഡൊണേഷന് ജനിതക സാമ്യം ആവശ്യമാണ്.

കുടുംബത്തിൽനിന്നോ സഹോദരങ്ങളിൽനിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25% മാത്രമാണ്. മിക്കപ്പോഴും കുടുംബത്തിനു പുറത്തുനിന്ന് ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നു. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച സ്റ്റെം സെൽ കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും.  18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള ആർക്കും സ്റ്റെം സെൽ ഡോണറായി രജിസ്റ്റർ ചെയ്യാം.

യുകെയിൽ നിരവധി പേർക്ക് സ്റ്റെം സെൽ ചികിത്സ ആവശ്യമായി വരുന്നുണ്ടെങ്കിലും ഏഷ്യൻ വംശജർ ഡോണേഷൻ ലിസ്റ്റിൽ വളരെ കുറവാണ്. ഏഷ്യൻ എത്നിക് ഒറിജിനിൽ ഉള്ളവർക്ക് അതേ വംശത്തിൽ നിന്നുള്ളവരുടെ സ്റ്റെം സെൽ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ. നിലവിൽ ഡോ. റിതേഷിന് പറ്റിയ ഒരു ഡോണർ യുകെ - യൂറോപ്പ് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിൽ ഇല്ല.

ഡോ. റിതേഷിനായി സ്റ്റെം സെൽ നൽകാൻ പറ്റിയ ദാതാവിനായുള്ള അന്വേഷണത്തിൽ നിങ്ങൾക്കും ഒരു കൈ സഹായിക്കാൻ കഴിയും. സമാനമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യൻ കമ്യൂണിറ്റികളുടെയോ വ്യക്തികളുടെയോ വിവരങ്ങൾ  കൈമാറാം. സ്റ്റെം സെൽ ഡൊണേഷനായുള്ള സ്വാബ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്നവരും ദയവായി ഈ നമ്പരുകളിൽ ബന്ധപ്പെടുക.

Leema Ritesh : 07828819837
Binoy Joseph : 07915660914

Other News