Monday, 23 December 2024

ജീവിതച്ചിലവ് ഉയരുന്നു... ഭൂരിപക്ഷം യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

ദിവസേന വർദ്ധിക്കുന്ന ജീവിതച്ചെലവുകൾ യൂണിവേഴ്സിറ്റി സ്റ്റുഡൻ്റുകളുടെ ബഡ്ജറ്റിനെ താളം തെറ്റിക്കുന്നു. അത്യാവശ്യ കാര്യങ്ങൾക്കു പോലും കൈയിലുള്ള പണം തികയാതെ വരുന്ന സ്ഥിതിയാണിപ്പോൾ. പത്തിൽ എട്ട് സ്റ്റുഡൻ്റുകളും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരാണെന്ന് സർവേ വെളിപ്പെടുത്തി. ഇത് സ്റ്റുഡൻ്റുകളെ മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ട്. സേവ് ദി സ്റ്റുഡൻ്റ് എന്ന വെബ് സൈറ്റാണ് സർവേ സംഘടിപ്പിച്ചത്. അഞ്ചിൽ നാല് സ്റ്റുഡൻ്റും യൂണിവേഴ്സിറ്റി പഠനം ഉപേക്ഷിക്കുന്ന കാര്യം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

ഇതാദ്യമായാണ് ഇത്രയുമധികം സ്റ്റുഡൻ്റുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന അവസ്ഥ സർവേയിൽ കാണപ്പെട്ടതെന്ന് സേവ് ദി സ്റ്റുഡൻ്റ് സർവേ ടീം പറയുന്നു. അക്കോമഡേഷൻ്റെ വാടകയാണ് സ്റ്റുഡൻ്റിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ചിലവ്. ഭക്ഷ്യവസ്തുക്കൾക്കുള്ള തുക വേറെയും കണ്ടെത്തണം. കഴിഞ്ഞ വർഷത്തെ സർവേയ്ക്ക് ശേഷം ജീവിതച്ചിലവ് 14 ശതമാനം ഉയർന്നു. ശരാശരി 924 പൗണ്ടാണ് സ്റ്റുഡൻ്റിന് ഒരു മാസം ചെലവിനത്തിൽ ആവശ്യമായി വരുന്നത്.

സ്റ്റുഡൻറുകളുടെ ശരാശരി മാസച്ചിലവിലുണ്ടായ വർദ്ധന നിലവിലെ നാണ്യപ്പെരുപ്പ നിരക്കിനേക്കാളും അധികമാണ്. നാണ്യപ്പെരുപ്പം 9.9 ശതമാനമാണ് ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഓരോ മാസവും 439 പൗണ്ടിൻ്റെ കുറവ് മെയിൻറനൻസ് ലോണിൽ ഇംഗ്ലണ്ടിലെ ഓരോ യൂണിവേഴ്സിറ്റി സ്റ്റുഡൻ്റും നേരിടുന്നുണ്ട്. പല സ്റ്റുഡൻറുകളും പേരൻ്റ്സിനെ ആശ്രയിച്ചാണ് ജീവിക്കാനുള്ള തുക കരസ്ഥമാക്കുന്നത്. ചിലർ പാർട്ട് ടൈം ജോബുകൾ ചെയ്തും പണം കണ്ടെത്തുന്നു. ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വന്ന സ്റ്റുഡൻ്റുകളും നിരവധിയാണ്.
 

Other News