Sunday, 06 October 2024

ലണ്ടനിലെ താഴ്ന്ന വരുമാനക്കാരായ ട്രാൻസ്പോർട്ട് വർക്കേഴ്സിന് ഫ്രീ ട്രാവലൊരുക്കണമെന്ന മേയർ സാദിഖ് ഖാൻ്റെ ആവശ്യം ട്രാൻസ് പോർട്ട് ഫോർ ലണ്ടൻ അംഗീകരിച്ചു.

ലണ്ടനിലെ താഴ്ന്ന വരുമാനക്കാരായ ട്രാൻസ്പോർട്ട് വർക്കേഴ്സിന് ലണ്ടനിൽ  സൗജന്യമായി യാത്ര ചെയ്യാം. ലണ്ടൻ മേയർ സാദിഖ് ഖാൻ്റെ ഇടപെടലിലൂടെയാണ് ഫ്രീ ട്രാവൽ നടപ്പാക്കപ്പെടുന്നത്. ലണ്ടനിലെ 5,000 ത്തോളം ട്രാൻസ്പോർട്ട് വർക്കേഴ്സിന് ഇതിൻ്റെ പ്രയോജനം ലഭിക്കും. ക്ളീനിംഗ്‌, കേറ്ററിംഗ്, സെക്യൂരിറ്റി സ്റ്റാഫ് എന്നീ വിഭാഗങ്ങളിലുള്ളവർക്കും ഫ്രീ ട്രാവൽ ലഭിക്കും. ജീവിതച്ചിലവ് ദിനംപ്രതി ഉയരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് മേയറുടെ ഇടപെടലുണ്ടായത്.

ട്രാൻസ് പോർട്ട് ഫോർ ലണ്ടനിൽ നേരിട്ട് നിയമിക്കപ്പെട്ടിരിക്കുന്നവർക്ക് ഫ്രീ ട്രാവൽ നിലവിൽ ലഭ്യമാണ്. ട്രാൻസ് പോർട്ട് ഫോർ ലണ്ടനാണ് ട്യൂബ് ട്രെയിൻ, സിറ്റി ട്രാൻസ്പോർട്ട് നെറ്റ്വർക്ക് എന്നിവയുടെ ചുമതല. ബസ് ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും ഓയിസ്റ്റർ കാർഡ് സൗജന്യമായി ട്രാൻസ് പോർട്ട് ഫോർ ലണ്ടൻ നല്കുന്നുണ്ട്.

താഴ്ന്ന വരുമാനക്കാർക്ക് സിക്ക് പേ നൽകുന്ന കാര്യവും പരിഗണിക്കണമെന്ന ആവശ്യം മേയർ ട്രാൻസ് പോർട്ട് ഫോർ ലണ്ടൻ്റെ മുമ്പാകെ വച്ചിട്ടുണ്ട്. ക്ളീനിംഗ് സർവീസ് ട്രാൻസ് പോർട്ട് ഫോർ ലണ്ടൻ നേരിട്ട് നടത്തുന്ന കാര്യവും ചർച്ചയിലുണ്ട്. പുതിയ സൗജന്യങ്ങൾ ഏപ്രിലിൽ മുതൽ നടപ്പാക്കും.

Other News