Monday, 23 December 2024

ലേബർ പാർട്ടിയ്ക്ക് ടോറികളേക്കാൾ അഭിപ്രായ സർവേയിൽ 17 പോയിൻ്റ് ലീഡ്... ടാക്സ് ഇളവിൽ രാഷ്ട്രീയ മാറ്റത്തിനൊരുങ്ങി ബ്രിട്ടൺ

ചാൻസലർ ക്വാസി കാർട്ടെംഗിൻ്റെ വെള്ളിയാഴ്ചത്തെ മിനി ബഡ്ജറ്റ് കൺസർവേറ്റീവുകൾക്ക് തിരിച്ചടിയാകുന്നു. പൗണ്ടിൻ്റെ വില കൂപ്പുകുത്തിയതോടെ ജനാഭിപ്രായം ഗവൺമെൻ്റിന് എതിരാവുകയാണ്. ലേബർ പാർട്ടിയ്ക്ക് ടോറികളേക്കാൾ അഭിപ്രായ സർവേയിൽ 17 പോയിൻ്റ് ലീഡാണ് ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് സർവേ ഫലം പുറത്തുവന്നത്. യുഗവ് ഒപീനിയൻ പോൾ ഏജൻസിയാണ് സർവേ നടത്തിയത്. 2001 ൽ ടോണി ബ്ളെയറുടെ നേതൃത്വത്തിൽ കൺസർവേറ്റീവിനെ ഇലക്ഷനിൽ തൂത്തെറിഞ്ഞതിനു സമാനമായ നിലയിലാണ് ലേബർ പാർട്ടിയിപ്പോൾ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും ശക്തമായ നിലയിലേയ്ക്കാണ് പാർട്ടി ലീഡർ കെയ്ർ സ്റ്റാമറുടെ നേതൃത്വത്തിൽ ലേബർ പാർട്ടി കുതിക്കുന്നത്.

അഭിപ്രായ സർവേയനുസരിച്ച് 48 ശതമാനം ജനങ്ങൾ ലേബർ പാർട്ടിയെയും 28 ശതമാനം പേർ കൺസർവേറ്റീവിനെയും പിന്തുണയ്ക്കുന്നു. ലിബറൽ ഡെമോക്രാറ്റുകൾക്ക് 8 ശതമാനം ജനപിന്തുണയാണ് സർവേ നല്കുന്നത്. ടാക്സ് ഇളവും പൗണ്ടിൻ്റെ തകർച്ചയും സംഭവിച്ച കഴിഞ്ഞ വീക്കെൻഡിലാണ് സർവേ നടന്നത്. ഞായറാഴ്ച മുതൽ ലേബർ പാർട്ടി കോൺഫറൻസ് ലിവർപൂളിൽ നടന്നുവരികയാണ് .

ജീവിതച്ചെലവു കൊണ്ട് സാധാരണ ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിൽ ഉയർന്ന വരുമാനക്കാരുടെ ടാക്സ് 5 ശതമാനം വെട്ടിക്കുറച്ച ടോറികൾക്കെതിരെ വൻതോതിലുള്ള രാഷ്ട്രീയ കടന്നാക്രമണമാണ് ലേബർ പാർട്ടി നടത്തിയത്. അധികാരത്തിൽ വന്നാൽ ടോപ്പ് ടാക്സ് ബാൻഡ് പുനസ്ഥാപിക്കുമെന്ന് ലേബർ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഇലക്ഷനിൽ ലേബർ പാർട്ടി അധികാരത്തിലെത്താമെന്ന സൂചനയാണ് സർവേ ഫലം നൽകുന്നത്.

Other News