Tuesday, 14 January 2025

ബ്രിട്ടൻ്റെ ടാക്സ് ഇളവു പ്ളാനിൽ ആശങ്കയമായി ഐഎംഎഫ്... സാമ്പത്തിക അച്ചടക്കം വേണമെന്ന് അമേരിക്ക... ഇളവ് പിൻവലിക്കണമെന്ന് ലേബർ പാർട്ടി

ബ്രിട്ടൻ്റെ ടാക്സ് ഇളവു പ്ളാനിൽ ആശങ്കയമായി ഐഎംഎഫ് രംഗത്തെത്തി. ടോപ്പ് ടാക്സ് ബാൻഡ് പിൻവലിച്ചത് അനാരോഗ്യകരമായ നയമാണെന്ന് ഇൻറർനാഷണൽ മോണിട്ടറി ഫണ്ട് പറഞ്ഞു. പാവപ്പെട്ടവരും സമ്പന്നരും തമ്മിലുള്ള സാമ്പത്തിക വ്യതിയാനം കൂടാനെ ഇതുപകരിക്കുകയുള്ളുവെന്ന് ഐഎംഎഫ് സൂചിപ്പിച്ചു. യുകെയുടെ മിനി ബഡ്ജറ്റിൽ അസാധാരണമായ ഇടപെടലാണ് ഐ എം എഫിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

ബ്രിട്ടൺ സാമ്പത്തിക കമ്മി നിയന്ത്രിക്കാൻ അച്ചടക്കത്തോടെയുള്ള നടപടികൾ  സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ബ്രിട്ടൻ്റെ സാമ്പത്തിക നയത്തെ വൈറ്റ് ഹൗസിൻ്റെ ഇക്കണോമിക് അഡ്വൈസർ നിശിതമായി വിമർശിച്ചു. ഇങ്ങനെയൊരു നയം മൂലം പൗണ്ടിൻ്റെ മൂല്യമിടിഞ്ഞതിൽ അത്ഭുതപ്പെടാനില്ലെന്ന് ബ്രയൻ ഡീസ് പറഞ്ഞു. മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ടിൻ്റെ മൂല്യം 1.03 യു എസ് ഡോളർ എന്ന താഴ്ന്ന നിലയിൽ എത്തിയിരുന്നു.

ടോപ്പ് ടാക്സ് ബാൻഡ് ചാൻസലർ തിരികെക്കൊണ്ടു വരുമെന്നാണ് വിശ്വസിക്കുന്നതെന്ന് ലേബർ പാർട്ടി ലീഡർ കെയ്ർ സ്റ്റാമർ പറഞ്ഞു. പൗണ്ടിൻ്റെ വില കൂപ്പുകുത്തിയതോടെ ജനാഭിപ്രായം ഗവൺമെൻ്റിന് എതിരാവുകയാണ്. ലേബർ പാർട്ടിയ്ക്ക് ടോറികളേക്കാൾ അഭിപ്രായ സർവേയിൽ 17 പോയിൻ്റ് ലീഡാണ് ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് സർവേ ഫലം പുറത്തുവന്നത്. യുഗവ് ഒപീനിയൻ പോൾ ഏജൻസിയാണ് സർവേ നടത്തിയത്. 2001 ൽ ടോണി ബ്ളെയറുടെ നേതൃത്വത്തിൽ കൺസർവേറ്റീവിനെ ഇലക്ഷനിൽ തൂത്തെറിഞ്ഞതിനു സമാനമായ നിലയിലാണ് ലേബർ പാർട്ടിയിപ്പോൾ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും ശക്തമായ നിലയിലേയ്ക്കാണ് പാർട്ടി ലീഡർ കെയ്ർ സ്റ്റാമറുടെ നേതൃത്വത്തിൽ ലേബർ പാർട്ടി കുതിക്കുന്നത്.

അഭിപ്രായ സർവേയനുസരിച്ച് 48 ശതമാനം ജനങ്ങൾ ലേബർ പാർട്ടിയെയും 28 ശതമാനം പേർ കൺസർവേറ്റീവിനെയും പിന്തുണയ്ക്കുന്നു. ലിബറൽ ഡെമോക്രാറ്റുകൾക്ക് 8 ശതമാനം ജനപിന്തുണയാണ് സർവേ നല്കുന്നത്. ടാക്സ് ഇളവും പൗണ്ടിൻ്റെ തകർച്ചയും സംഭവിച്ച കഴിഞ്ഞ വീക്കെൻഡിലാണ് സർവേ നടന്നത്. 

Other News