Thursday, 07 November 2024

പൗണ്ടിൻ്റെ മൂല്യം മിനി ബഡ്ജറ്റിൻ്റെ മുമ്പത്തെ നിലയിലേയ്ക്ക് തിരിച്ചെത്തി... ഈ വർഷത്തെ രണ്ടാം ക്വാർട്ടറിൽ ബ്രിട്ടീഷ് ഇക്കോണമി നേരിയ വളർച്ച രേഖപ്പെടുത്തിയതായി പുതിയ ഡാറ്റാ

പൗണ്ടിൻ്റെ മൂല്യം മിനി ബഡ്ജറ്റിൻ്റെ മുമ്പത്തെ നിലയിലേയ്ക്ക് തിരിച്ചെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചാൻസലർ ക്വാസി കാർട്ടെംഗ് അവതരിപ്പിച്ച എമർജൻസി ബഡ്ജറ്റിനെ തുടർന്ന് ഡോളറുമായുള്ള പൗണ്ടിൻ്റെ വിനിമയമൂല്യം ഇടിഞ്ഞിരുന്നു. ഒരു പൗണ്ടിന് 1.03 ഡോളർ എന്ന നിലയിലേയ്ക്ക് കുറഞ്ഞ മൂല്യം വീണ്ടും 1.12 ഡോളറായി ഉയർന്നിട്ടുണ്ട്. ബ്രിട്ടീഷ് ഫൈനാൻഷ്യൽ മാർക്കറ്റിലുണ്ടായ അനിശ്ചിതത്വത്തെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടായിരുന്നു. അടിസ്ഥാന പലിശ നിരക്ക് ഉയർത്തുമെന്ന കണക്കുകൂട്ടലിനെ തുടർന്ന് നിരവധി മോർട്ട്ഗേജ് പ്രൊവൈഡർമാർ മിക്ക ഡീലുകളും തത്കാലികമായി പിൻവലിച്ചിരുന്നു.

പ്രധാനമന്ത്രിയും ചാൻസലറും ബ്രിട്ടൻ്റെ ഇൻഡിപെൻഡൻ്റ് ഫൈനാൻഷ്യൽ ഫോർകാസ്റ്ററുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിലാണ് യോഗം നടന്നത്. സാധാരണ നിലയിൽ ചാൻസലറുമായാണ് ഇൻഡിപെൻഡൻ്റ് ഫൈനാൻഷ്യൽ ഫോർകാസ്റ്റർ ചർച്ചകൾ നടത്താറുള്ളത്. പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുത്തത് അസാധാരണ നടപടിയായി കണക്കാക്കുന്നു.

ബ്രിട്ടണിലെ പ്രധാന ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂഷനുകളെ ഗവൺമെൻ്റ് മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് മുൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണി അഭിപ്രായപ്പെട്ടിരുന്നു. മിനി ബഡ്ജറ്റ് സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതത്വം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മിനി ബഡ്ജറ്റിനു മുമ്പ് ഇക്കണോമിക് ഫോർകാസ്റ്റ് പ്രസിദ്ധപ്പെടുത്താൻ ട്രഷറി വിസമ്മതിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി തയ്യാറാക്കിയ ഫോർകാസ്റ്റിലെ വിവരങ്ങൾ ഫൈനാൻഷ്യൽ മാർക്കറ്റിന് ഗുണം ചെയ്യുമായിരുന്നുവെന്ന് കാർണി ഇന്നലെ സൂചിപ്പിച്ചിരുന്നു.

ഈ വർഷത്തെ രണ്ടാം ക്വാർട്ടറിൽ ബ്രിട്ടീഷ് ഇക്കോണമി നേരിയ വളർച്ച രേഖപ്പെടുത്തിയതായാണ് പുതിയ ഡാറ്റാ വ്യക്തമാക്കുന്നത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുകയാണെന്നും സമ്പദ് വ്യവസ്ഥ ചുരുങ്ങിയെന്നുമുള്ള ആശങ്ക തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

അഭിപ്രായ സർവേകളിൽ കൺസർവേറ്റീവ് പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മിനി ബഡ്ജറ്റിനു ശേഷം നടന്ന മൂന്ന് സർവേകളിലും ലേബർ പാർട്ടി ബഹുദൂരം മുന്നിലാണ്. യുഗവ് സർവേയിൽ ലേബറിന് 33 പോയിൻ്റ് ലീഡ് കൺസർവേറ്റീവിനു മേൽ ഉണ്ട്.

Other News