Wednesday, 22 January 2025

അഡ്വ. എബി സെബാസ്റ്റ്യന്‍ യുക്മ ദേശീയ വക്താവായി നിയമിതനായി

അലക്സ് വർഗ്ഗീസ്

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ ദേശീയ വക്താവായി അഡ്വ.എബി സെബാസ്റ്റ്യൻ നിയമിതനായി. മാറുന്ന കാലഘട്ടത്തിനൊപ്പം സഞ്ചരിക്കുന്ന യുക്മയെന്ന മഹാപ്രസ്ഥാനത്തിൻ്റെ നയവും അഭിപ്രായവുമെല്ലാം ദേശീയ സമിതി തീരുമാനപ്രകാരം പുറം ലോകത്തിന് എത്തിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് യുക്മ ദേശീയ സമിതി എബിയെ ഏല്പിച്ചിരിക്കുന്നത്. യുകെയിലെയും, നാട്ടിലേയും ടി വി ചാനലുകളിലും അഭിമുഖങ്ങളിലും പങ്കെടുക്കുകയും യുകെ മലയാളികളുടെ വികാരവിചാരങ്ങൾ യുക്മയ്ക്ക് വേണ്ടി അവിടങ്ങളിൽ പ്രകടിപ്പിക്കുക എന്നതാണ് യുക്മ വക്താവ് എന്ന നിലയിൽ എബിയുടെ ചുമതല. ഇതാദ്യമാണ് യുക്മയ്ക്ക് ഒരു ഔദ്യോഗിക വക്താവിനെ നിയമിക്കുന്നത്. യുക്മയുടെ ലണ്ടൻ കോർഡിനേറ്ററുടെ ചുമതലയും എബി തന്നെയായിരിക്കും നിർവ്വഹിക്കുക.

മനോജ് കുമാർ പിള്ള നേതൃത്വം നൽകിയ കഴിഞ്ഞ യുക്മ ദേശീയ സമിതിയിൽ വൈസ് പ്രസിഡൻ്റായി ചുമതല വഹിച്ചിരുന്നു എബി സെബാസ്റ്റ്യൻ. യുക്മയുടെ പ്രശസ്തി വാനോളുമുയര്‍ത്തിയ കഴിഞ്ഞ നാല് വർഷങ്ങളിലായി സംഘടിപ്പിച്ച് വരുന്ന "കേരളാ പൂരം"  വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ എന്നതിലൂടെ മാത്രം നമുക്ക് നിസ്സംശയം പറയാനാവും എബിയുടെ അതുല്യമായ സംഘാടകമികവ്. യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ ഡാര്‍ട്ട്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗമാണ് എബി സെബാസ്റ്റ്യൻ 

യുക്മയുടെ ആരംഭം മുതൽ  യുക്മയുടെ ഒരു സന്തതസഹചാരിയായ എബി യുക്മയുടെ പ്രഥമ കലാമേള മുതലാണ് സംഘടനയിലെ സജീവസാന്നിധ്യമാകുന്നത്. അസാധ്യമെന്ന് പലരും കരുതിയിരുന്ന ദേശീയ കലാമേള സംഘടിപ്പിക്കുന്നതിന് പിന്നണിയില്‍ ശക്തമായ പിന്തുണ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ യുക്മ ദേശീയ കലാമേളയുടെ വിജയികള്‍ക്കുള്ള എവര്‍റോളിങ് ട്രോഫി നല്‍കുന്നതിന് പ്രഥമ ദേശീയ ഭരണസമിതി അനുമതി നല്‍കുകയും ചെയ്തു.  എബി ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്ലി മലയാളം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംഘടനയ്ക്ക് മുഖപത്രം ഇല്ലാതിരുന്ന ആദ്യകാലഘട്ടങ്ങളില്‍ യുക്മയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ അളവറ്റതാണ്. 

കുറവിലങ്ങാട് ദേവമാതാ കോളേജ് യൂണിയന്‍ അംഗമായി പൊതുരംഗത്ത് തുടക്കം കുറിച്ച എബി, എറണാകുളം ഗവ. ലോ കോളേജില്‍ രണ്ട് വട്ടം സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ്.  സീറോ - മലബാർ സഭ  ഗ്രേറ്റ് ബ്രിട്ടൻ  രൂപതയുടെ പാസ്റ്ററൽ കൗൺസിൽ അംഗം കൂടിയായ എബി, ലണ്ടന്‍ ലൂയിഷാമിലെ  ജൂറിസ് മെട്രിക്സ്  സോളിസിറ്റേഴ്സില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു.

യുക്മ വക്താവായി നിയമിതനായ അഡ്വ.എബി സെബാസ്റ്റ്യനെ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് തുടങ്ങിയവർ അഭിനന്ദിച്ചു.

 

Other News