Wednesday, 22 January 2025

ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കുകൾ ഇന്ന് മുതൽ വർദ്ധിക്കും. ശരാശരി എനർജി ബില്ലുകൾ 27 ശതമാനം വർദ്ധിച്ച് £ 1,971 ൽ നിന്ന് £2,500 ആകും.

ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കുകൾ ഇന്ന് മുതൽ വർദ്ധിക്കും. പ്രൈസ് ക്യാപ്പുകളിൽ മാറ്റം വരുത്താൻ എനർജി റെഗുലേറ്ററായ ഓഫ്ജെം എനർജി കമ്പനികൾക്ക് അനുമതി നല്കിയതിനെ തുടർന്നാണിത്. കഴിഞ്ഞ ഏപ്രിലിലാണ് പ്രൈസ് ക്യാപ്പ് ആദ്യമായി ഉയർത്തിയത്. രണ്ടാം ഘട്ട വർദ്ധനവാണ് ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കുന്നത്. ഇതനുസരിച്ച് ശരാശരി ബില്ലുകൾ 27 ശതമാനം വർദ്ധിച്ച് £ 1,971 ൽ നിന്ന് £2,500 ആകും.

അന്താരാഷ്ട്ര മാർക്കറ്റിൽ ഗ്യാസ് വില വർദ്ധിച്ചതു മൂലമാണ് പ്രൈസ് ക്യാപ്പ് ഉയർത്തിയത്. യുക്രെയിൻ - റഷ്യ സംഘർഷത്തെ തുടർന്ന് യൂറോപ്പിലേയ്ക്കുള്ള ഗ്യാസ് സപ്ളൈ ഭാഗികമായി നിലച്ചതും വില ഉയരാൻ ഇടയാക്കി. ഹോൾസെയിൽ വിലയിലുണ്ടാകുന്ന വർദ്ധനയിൽ എത്രമാത്രം കസ്റ്റമർ നല്കണമെന്നത് ഒരു വർഷം നാലു തവണ യുകെ എനർജി റെഗുലേറ്ററായ ഓഫ് ജെം റിവ്യൂ ചെയ്താണ് തീരുമാനിക്കുന്നത്.

കിലോവാട്ട് അവറിലുള്ള  ഓരോ യൂണിറ്റ് എനർജി ഉപയോഗത്തിൻ്റെയും നിരക്കാണ് പ്രൈസ് ക്യാപ്പിലൂടെ നിയന്ത്രിക്കുന്നത്. ഓഫ് ജെം നല്കിയ അനുമതി പ്രകാരം ശരാശരി ബിൽ ഒരു വർഷം £3,549 ആയി ഉയരാമായിരുന്നു. എന്നാൽ എനർജി പ്രൈസ് ഗ്യാരണ്ടിയിലൂടെ ഗവൺമെൻ്റ് ഇത് £2,500 ആയി നിജപ്പെടുത്തുകയായിരുന്നു.

ഒക്ടോബർ ഒന്നുമുതൽ ഒരു കിലോ വാട്ട് അവർ ഇലക്ട്രിസിറ്റിയുടെ നിരക്ക് 28 പെൻസിൽ നിന്ന് 34 പെൻസായി ഉയരും. അതേപോലെ തന്നെ കിലോ വാട്ട് അവർ ഗ്യാസിൻ്റെ നിരക്ക് 7 പെൻസിൽ നിന്ന് 10.3 പെൻസായി വർദ്ധിക്കും. ഇലക്ട്രിസിറ്റിയുടെയും ഗ്യാസിൻ്റെയും സ്റ്റാൻഡിംഗ് ചാർജും നേരിയ തോതിൽ കൂടും. ഗ്യാസിനും ഇലക്ട്രിസിറ്റിയ്ക്കും ഓരോ പെൻസ് അധിക സ്റ്റാൻഡിംഗ് ചാർജായി നല്കേണ്ടി വരും.

എനർജി ഉപയോഗം ഓരോ വീടിനുമനുസരിച്ച് വ്യത്യാസപ്പെടും. വീടിൻ്റെ എനർജി എഫിഷ്യൻസി, എത്ര പേർ താമസിക്കുന്നു, ഏതു സമയത്താണ് കൂടുതൽ എനർജി ഉപയോഗിക്കുന്നത് എന്നതനുസരിച്ചാണ് ബിൽ നിശ്ചയിക്കപ്പെടുന്നത്. ശരാശരി ഫ്ളാറ്റുകൾ £1,750 ഉം മിഡ് ടെറസ് ഹൗസുകൾ £2,350 ഉം സെമി ഡിറ്റാച്ച്ഡ് ഹൗസുകൾ £ 2,650 ഉം ഡിറ്റാച്ച്ഡ് ഹൗസുകൾ  £3,300 ഉം ഓരോ വർഷവും ശരാശരി എനർജി ബിൽ ഇനത്തിൽ നല്കേണ്ടി വരുമെന്നാണ് ഗവൺമെൻ്റ് കണക്കാക്കുന്നത്.

Other News