Sunday, 06 October 2024

ടോപ്പ് റേറ്റ് ടാക്സ് ഇളവ് ചാൻസലറുടെ തീരുമാനമെന്ന് പ്രധാനമന്ത്രി. ലിസ് ട്രസിന് കൺസർവേറ്റീവ് പാർട്ടിയെ വിജയത്തിലേയ്ക്ക് നയിക്കാൻ പറ്റുമോയെന്ന കാര്യത്തിൽ സംശയമെന്ന് നേതാക്കൾ

അടുത്ത പൊതു തെരഞ്ഞെടുപ്പിൽ  ലിസ് ട്രസിന് കൺസർവേറ്റീവ് പാർട്ടിയെ വിജയത്തിലേയ്ക്ക് നയിക്കാൻ പറ്റുമോയെന്ന കാര്യത്തിൽ പാർട്ടി നേതാക്കൾ സംശയം പ്രകടിപ്പിച്ചു തുടങ്ങി. പ്രധാനമന്ത്രി പദമേറ്റിട്ട് ഒരു മാസമാകുന്നതിനു മുമ്പെ പ്രധാനമന്ത്രിയ്ക്കെതിരെ പടയൊരുക്കം ആരംഭിച്ചു. മിനി ബഡ്ജറ്റിനെ തുടർന്ന് ഫൈനാൻഷ്യൽ മാർക്കറ്റിൽ ഉണ്ടായ പ്രതിസന്ധിയാണ് ലിസ് ട്രസിന് ദോഷകരമാകുന്നത്.  ടോപ്പ് റേറ്റ് ടാക്സ് ഇളവ് അനാവശ്യമായ നടപടിയായിരുന്നെന്നും പാർലമെൻ്റിൽ ഇതിനെതിരെ വോട്ട് ചെയ്യുമെന്നും കൺസർവേറ്റീവ് നേതാവായ മൈക്കൽ ഗോവ് പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പന്നരെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് കൺസർവേറ്റീവ് എന്ന പ്രതീതി സൃഷ്ടിക്കുന്ന നടപടിയാണ് ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മൈക്കൽ ഗോവ് പറഞ്ഞു.

ടോപ്പ് റേറ്റ് ടാക്സ് ഇളവ് ചാൻസലറുടെ തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്യാബിനറ്റിൽ ഇക്കാര്യം പൂർണമായും ചർച്ച ചെയ്തിരുന്നില്ലെന്നും ലിസ് ട്രസ് സൂചിപ്പിച്ചു. ടോപ്പ് റേറ്റ് ടാക്സ് ഇളവിൽ പ്രതിപക്ഷ പാർട്ടികൾ വൻ പ്രതിഷേധമാണ് ഉയർത്തിയത്. കൺസർവേറ്റീവ് പാർട്ടിയ്ക്കുള്ളിലും എതിർപ്പ് ശക്തമാണ്. മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ടിൻ്റെ ഡോളറുമായുള്ള മൂല്യത്തിൽ വൻ ഇടിവ് സംഭവിച്ചിരുന്നു.

ബ്രിട്ടൻ്റെ ഫൈനാൻഷ്യൽ മാർക്കറ്റിലുണ്ടായ അനിശ്ചിതത്വത്തെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് 65 ബില്യൺ പൗണ്ടിൻ്റെ ബോണ്ട് പർച്ചേസ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ അടിസ്ഥാന പലിശ നിരക്ക് ആവശ്യമെങ്കിൽ ഉയർത്തുമെന്ന് ബാങ്ക് സൂചിപ്പിച്ചു. ഇതേത്തുടർന്ന് നിരവധി മോർട്ട്ഗേജ് പ്രൊവൈഡർമാർ തങ്ങളുടെ ഡീലുകൾ താത്കാലികമായി നിറുത്തിവച്ചു. 1,000 ലധികം ഡീലുകൾ ഇതോടെ വിപണിയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

Other News