Wednesday, 22 January 2025

വാക്കൗട്ടിനു തയ്യാറെടുക്കുക... ബ്രിട്ടണിലെ മുഴുവൻ നഴ്സുമാരോടും സമര രംഗത്തിറങ്ങാൻ റോയൽ കോളജ് ഓഫ് നഴ്സിംഗിൻ്റെ ആഹ്വാനം

ബ്രിട്ടണിലെ മുഴുവൻ നഴ്സുമാരോടും സമര രംഗത്തിറങ്ങാൻ റോയൽ കോളജ് ഓഫ് നഴ്സിംഗ് ആഹ്വാനം ചെയ്തു. യൂണിയൻ്റെ 106 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇൻഡസ്ട്രിയൽ ആക്ഷനുള്ള ബാലറ്റ് റോയൽ കോളജ് ഓഫ് നഴ്സിംഗ് പ്രഖ്യാപിച്ചു. ഇതിൻ്റെ റിസൾട്ട് അടുത്ത മാസം പുറത്തു വരും. റോയൽ കോളജ് ഓഫ് നഴ്സിംഗിൻ്റെ 300,000 ഓളം വരുന്ന അംഗങ്ങൾക്കിടയിലാണ് സമര രംഗത്ത് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ബാലറ്റ് നടക്കുന്നത്. അംഗങ്ങൾ വാക്കൗട്ടിന് തയ്യാറാകണമെന്നാണ് റോയൽ കോളജ് ഓഫ് നഴ്സിംഗ് ആവശ്യപ്പെടുന്നത്.

അപര്യാപ്തമായ ശമ്പള വർദ്ധനയും സ്റ്റാഫ് ഷോർട്ടേജും ചൂണ്ടിക്കാട്ടിയാണ് റോയൽ കോളജ് ഓഫ് നഴ്സിംഗ് സമരമുഖം തുറക്കുന്നത്. സമരം എമർജൻസി കെയറിനെ ബാധിക്കില്ലെന്ന് യൂണിയൻ വ്യക്തമാക്കി. എന്നാൽ നോൺ അർജൻ്റ് സർവീസുകൾക്ക് തടസം നേരിടാം. സമരരംഗത്തിറങ്ങുന്ന നഴ്സുമാർ പേഷ്യൻ്റ് കെയറിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്ന് ഗവൺമെൻ്റ് ആവശ്യപ്പെട്ടു.

തൃപ്തികരമായ ശമ്പള വർദ്ധന മാത്രമേ യൂണിയൻ ആവശ്യപ്പെടുന്നുള്ളൂവെന്ന് റോയൽ കോളജ് ഓഫ് നഴ്സിംഗിഗിൻ്റെ ജനറൽ സെക്രട്ടറി പറഞ്ഞു. യുകെയിലെ ഇൻഫ്ളേഷൻ നിരക്കിനേക്കാളും 5% അധിക ശമ്പള വർദ്ധനയാണ് യൂണിയൻ ആവശ്യപ്പെടുന്നത്. നിലവിൽ 10.1% ആണ് ഇൻഫ്ളേഷൻ നിരക്ക്. ഇംഗ്ലണ്ടും വെയിൽസും അടക്കമുള്ള രാജ്യങ്ങളിൽ ഏകദേശം  4.75 % ശബള വർദ്ധനയാണ് എൻഎച്ച്എസ് സ്റ്റാഫിന് ലഭിച്ചത്. സ്കോട്ട്ലൻഡിൽ ഇത് 5 ശതമാനത്തോളമാണ്. നോർത്തേൺ അയർലണ്ടിൽ പേ അവാർഡ് നല്കിയിട്ടേയില്ല. പ്രൈവറ്റ് സെക്ടറിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ശമ്പള വർദ്ധനയാണ് എൻഎച്ച്എസ് നൽകുന്നത്.

നഴ്സുമാർ വാക്കൗട്ട് നടത്തുന്ന സാഹചര്യമുണ്ടായാൽ വിൻ്ററിലെ എൻഎച്ച്എസ് സർവീസുകളെ ഇത് രൂക്ഷമായി ബാധിക്കും. പൊതുജനങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും നഴ്സുമാരുടെ സമരത്തെ പിന്തുണയ്ക്കുന്നവരാണെന്ന് യുഗവ് സർവേ വെളിപ്പെടുത്തി. നഴ്സുമാർക്ക് തൃപ്തികരമായ ശമ്പള വർദ്ധന നല്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ലിസ് ട്രസിന് യൂണിയൻ കത്ത് നല്കുന്നുണ്ട്. ഇതിൽ പൊതുജനങ്ങൾക്കും ഒപ്പു രേഖപ്പെടുത്താൻ യൂണിയൻ അവസരമൊരുക്കുന്നുണ്ട്.

Other News