Tuesday, 03 December 2024

ലോക കേരള സഭ കോൺഫറൻസിന് ലണ്ടൻ ഒരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും

ലോക കേരള സഭയുടെ യൂറോപ്പ് - യുകെ കോൺഫറൻസിന് ലണ്ടൻ ഒരുങ്ങി. ഒക്ടോബർ 9 ഞായറാഴ്ച നടക്കുന്ന കോൺഫറൻസിൽ  മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിലും പ്രവാസി പൊതു സമ്മേളനത്തിലും പങ്കെടുക്കുവാൻ വ്യവസായ മന്ത്രി പി.രാജീവ്, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരും എത്തിച്ചേരുന്നുണ്ട്. നോർക്ക റെസിഡൻ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരിയും ജനറൽ മാനേജർ അജിത് കൊളശേരി എന്നിവർ നേരത്തെ ലണ്ടനിലെത്തിയിരുന്നു. കോൺഫറൻസിൻ്റെ ചീഫ് കോർഡിനേറ്ററായ എസ്.ശ്രീകുമാർ, ജോയിൻ്റ് കോർഡിനേറ്റർ സി.എ ജോസഫ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സമ്മേളന വിജയത്തിനായി പ്രവർത്തിച്ചു വരികയാണ്.

കേരളത്തിൻ്റെ വികസന സ്വപ്നങ്ങളിൽ പങ്കാളികളാകാനും മുഖ്യമന്ത്രിയോട് നേരിട്ട് സംവദിക്കാനുമുളള അവസരമാണ് യുകെയിലെ മലയാളികൾക്ക് ലഭിക്കുന്നത്. യുകെയിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും കേരള ഗവൺമെൻ്റിൻ്റെ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളും മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കാൻ സമ്മേളനം ഉപകരിക്കും. യുകെയിലേയ്ക്ക് നിരവധി മലയാളികൾ കുടിയേറിക്കൊണ്ടിരിക്കുന്ന അവസരത്തിൽ നടക്കുന്ന ലോക കേരളസഭ കോൺഫറൻസ് അതീവ പ്രാധാന്യമുള്ളതാണ്. ബ്രെക്സിറ്റിനു ശേഷം ആയിരക്കണക്കിന് നഴ്സുമാരും സീനിയർ കെയറർമാരും മറ്റ് പ്രഫഷണലുകളും കേരളത്തിൽ നിന്ന്  യുകെയിൽ എത്തിക്കഴിഞ്ഞു. കൂടാതെ യുകെയിലെ യൂണിവേഴ്സിറ്റികളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും ഉപരിപഠനത്തിനായി എത്തുന്നത്. യുകെയിലെ ജീവിത പശ്ചാത്തലത്തിൽ പുതിയതായി കുടിയേറുന്നവർക്ക് കേരളാ ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്ന് ലഭ്യമാക്കേണ്ട പിന്തുണ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട അടിയന്തിര വിഷയങ്ങളും സഭയിൽ ചർച്ചയാകും.

സമ്മേളനത്തിൻ്റെ വിജയത്തിനായി വിവിധ സബ്  കമ്മിറ്റികൾ ഊർജിതമായി തയ്യാറെടുപ്പുകൾ നടത്തിവരികയാണ്.  കോൺഫറൻസിൻ്റെ ഭാഗമായി കേളീരവം സാംസ്കാരിക ഉത്സവവും അരങ്ങേറുന്നുണ്ട്. ലണ്ടനിലെ ഫെൽത്താമിലുള്ള റ്റുഡോർ പാർക്കാണ് ലോക കേരള സഭ കോൺഫറൻസിനുള്ള വേദിയാകുന്നത്. കോൺഫറൻസിന് പ്രവാസി മലയാളികളുടെ പൂർണ പിന്തുണ സംഘാടക സമിതി അഭ്യർത്ഥിച്ചു.

Other News