Tuesday, 03 December 2024

ഫ്രീ ചൈൽഡ് കെയർ സംവിധാനത്തിൽ മാറ്റം വരുത്താൻ നീക്കം. തുല്യമായ തുക പേരൻ്റ്സിന് നേരിട്ടു നൽകുന്ന കാര്യം ഗവൺമെൻ്റ് പരിഗണനയിൽ

ഫ്രീ ചൈൽഡ് കെയർ സംവിധാനത്തിൽ മാറ്റം വരുത്തുന്ന കാര്യം ഗവൺമെൻ്റ് പരിഗണിയ്ക്കുന്നു. തുല്യമായ തുക പേരൻ്റ്സിന് നേരിട്ടു നൽകുന്നതിനുള്ള നിർദ്ദേശമാണ്  ഗവൺമെൻ്റ് ആലോചിക്കുന്നത്. മൂന്നിനും നാല് വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് ലഭ്യമായ ആഴ്ചയിൽ 15 മുതൽ 30 മണിക്കൂർ വരെയുള്ള ഫ്രീ നഴ്സറി അവേഴ്സ് സംവിധാനം പരിഷ്കരണത്തിൻ്റെ പരിധിയിൽ വരുമെന്നാണ് അറിയുന്നത്. ഈ ചൈൽഡ് സപ്പോർട്ട് സ്കീം പിൻവലിയ്ക്കുകയല്ലെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തുക മാത്രമേ ചെയ്യുകയുള്ളുവെന്നുമാണ് അനുമാനിക്കുന്നത്.

സൗജന്യ ചൈൽഡ് കെയറിനു തത്തുല്യമായ ഫണ്ട് പേരൻ്റ്സിനു നേരിട്ടു നല്കുന്നതു വഴി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും പേരൻറ്സിന് ജോലിയിലേയ്ക്ക് മടങ്ങാനും സഹായിക്കുന്ന സ്ഥിതി സംജാതമാവുമെന്നും ഗവൺമെൻ്റ് കരുതുന്നു. നിലവിൽ ചൈൽഡ് കെയർ സബ്സിഡി നഴ്സറികൾക്കും ചൈൽഡ് മൈൻഡേഴ്സിനും നേരിട്ടാണ് ഗവൺമെൻ്റ് നല്കുന്നത്. പുതിയ പ്രൊപ്പോസൽ പ്രകാരം നേരിട്ട് നല്കപ്പെടുന്ന സബ്സിഡി തുക പേരൻ്റ്സിന് ഇഷ്ടമുള്ളതുപോലെ ചെലവഴിക്കാം. കുട്ടികളുടെ കെയർ, ഗ്രാൻറ് പേരൻ്റ്സ് ആണ് ചെയ്യുന്നതെങ്കിൽ അവർക്കും ഈ തുക നല്കാം.

പുതിയ നിർദ്ദേശത്തിൽ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് എഡ്യൂക്കേഷൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് ശരിയായ ദിശയിലുള്ള നീക്കമല്ലെന്ന് ഷാഡോ എഡ്യൂക്കേഷൻ സെക്രട്ടറി ബ്രിജറ്റ് ഫില്പ്സൺ കുറ്റപ്പെടുത്തി.

Other News