Sunday, 06 October 2024

ലോക കേരളസഭ  യുകെ - യൂറോപ്പ് കോൺഫറൻസ് ഇന്ന് ലണ്ടനിൽ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ലോക കേരളസഭ യുകെ-യൂറോപ്പ് മേഖലാ കോൺഫറൻസ് ഇന്ന് ലണ്ടനിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്നലെ മുഖ്യമന്ത്രി ലണ്ടനിൽ എത്തിച്ചേർന്നു. കോൺഫറൻസിൻ്റെ ചീഫ് കോർഡിനേറ്റർ എസ്. ശ്രീകുമാറിൻ്റെയും ജോയിൻ്റ് കോർഡിനേറ്റർ സി.എ ജോസഫ്, മറ്റ് സമ്മേളന പ്രതിനിധികൾ, നോർക്ക ഒഫീഷ്യൽസ് എന്നിവരുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം മന്ത്രിമാരായ പി രാജീവ്, വീണ ജോർജ്, വി ശിവൻകുട്ടി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. നോർവേ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് മുഖ്യമന്ത്രി ലണ്ടനിൽ എത്തിയത്. ഇന്ന് രാവിലെ സെൻട്രൽ ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ നടക്കുന്ന ലോക കേരളസഭ യുകെ- യൂറോപ്പ് മേഖലാ സമ്മേളനവും വൈകിട്ട് ലണ്ടനിലെ ടുഡോർ പാർക്കിൽ നടക്കുന്ന പ്രവാസി സംഗമവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ലോക കേരള സഭ പ്രതിനിധി സമ്മേളനത്തിന്റെയും പൊതുസമ്മേളനത്തിന്റെയും പൊതുവായ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മുന്നൊരുക്കങ്ങൾ നടത്തുന്നതിനുമായി നോർക്ക റസിഡൻറ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, സി ഇ ഒ  ഹരികൃഷ്ണൻ നമ്പൂതിരി,  ജനറൽ മാനേജർ അജിത് കൊളശ്ശേരി അടക്കമുള്ള നോർക്ക പ്രതിനിധികൾ നേരത്തെ തന്നെ ലണ്ടനിൽ എത്തിയിരുന്നു. കൂടാതെ നോർക്ക വൈസ് ചെയർമാൻ എം എ യൂസഫലി, നോർക്ക ഡയറക്ടർമാരായ രവി പിള്ള, ആസാദ് മൂപ്പൻ തുടങ്ങിയ വ്യവസായ രംഗത്തെ പ്രമുഖരും യുകെയിലെത്തിയിട്ടുണ്ട്.

യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ലോകകേരള സഭാംഗങ്ങളെകൂടാതെ  വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ വ്യക്തികളും സാംസ്കാരിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികളുമുൾപ്പെടെ  പരമാവധി 125 പേരെയാണ് ലണ്ടനിൽ നടക്കുന്ന പ്രതിനിധിസമ്മേളനത്തിലേക്ക് പ്രതിനിധികളായി ക്ഷണിക്കപ്പെട്ടിട്ടുള്ളത്.

ദേശീയ ഗാനത്തോടെയാണ്  രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്.  തുടർന്ന് ചീഫ് സെക്രട്ടറി വി പി ജോയി ലോകകേരളസഭ യുകെ-യൂറോപ്പ് മേഖലാ സമ്മേളന പ്രഖ്യാപനം നടത്തും. പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐ എ എസ് മൂന്നാം ലോക കേരള സഭയുടെ സംഷിപ്ത അവലോകനം നടത്തും. ആശംസ പ്രസംഗങ്ങൾക്ക് ശേഷം വൈജ്ഞാനിക സമൂഹ നിർമ്മിതിയും പ്രവാസ ലോകവും;  ലോകകേരളസഭ പ്രവാസി സമൂഹവും സംഘടനകളും; നവകേരള നിർമ്മാണം പ്രതീക്ഷകളും- സാധ്യതകളും, പ്രവാസികളുടെ പങ്കും; യൂറോപ്യൻ കുടിയേറ്റം- അനുഭവങ്ങളും വെല്ലുവിളികളും; എന്നീ വിഷയങ്ങളെക്കുറിച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ  വിശദമായ ചർച്ചകൾ നടത്തും.

കേരള വികസനത്തിനുതകുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചു വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാവും. നവകേരള നിര്‍മ്മാണത്തില്‍ പ്രവാസികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യത്തെപ്പറ്റിയും, പ്രവാസി സമൂഹവും സംഘടനകളുമുള്‍പ്പടെ വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ നടക്കും. രാവിലെ നടക്കുന്ന ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ കേരള വികസനത്തിന് നാഴികക്കല്ലായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

പൊതു പ്രതികരണങ്ങൾക്കും മന്ത്രിമാരുടെ വിശദീകരണങ്ങൾക്കും ശേഷം മുഖ്യമന്ത്രി മറുപടിപ്രസംഗം നടത്തും. ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും ലോകകേരളസഭ അംഗവുമായിരുന്ന അന്തരിച്ച ടി ഹരിദാസിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരദാനവും മുഖ്യമന്ത്രി നിർവ്വഹിക്കും. സ്പീക്കറിന്റെ സമാപന  സന്ദേശത്തോടെയാണ് രാവിലത്തെ പ്രതിനിധി സമ്മേളനം സമാപിക്കുന്നത്

വൈകിട്ട് നാലു മണിക്ക് ലണ്ടനിലെ ഫെൽത്താം ടുഡോർ പാർക്കിൽ നടക്കുന്ന 'കേളീരവം' എന്ന പേരിൽ നടത്തുന്ന സാംസ്കാരിക പരിപാടികളോടെയാണ് പൊതുസമ്മേളനത്തിന് തുടക്കം കുറിക്കുന്നത് . ബഹു മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രവാസി സംഗമത്തിൽ മന്ത്രിമാർ, നോർക്ക റൂട്ട്സ് പ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും. തുടർന്നും അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളോടെ പൊതുസമ്മേളനവും പ്രവാസി സംഗമവും സമാപിക്കും. പൊതു സമ്മേളനത്തിന് എത്തുന്നവര്‍ക്ക് സൗജന്യ കാര്‍പാര്‍ക്കിംഗ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
 

Other News