യുകെയിൽ കോവിഡ് ഇൻഫെക്ഷൻ നിരക്കിൽ വർദ്ധന. പ്രായമായവർക്ക് പ്രത്യേക സംരക്ഷണം നല്കണമെന്ന് മുന്നറിയിപ്പ്
യുകെയിൽ കോവിഡ് ഇൻഫെക്ഷൻ നിരക്കിൽ വർദ്ധന രേഖപ്പെടുത്തി. പ്രായമായവർക്ക് പ്രത്യേക സംരക്ഷണം നല്കണമെന്ന് ഹെൽത്ത് അതോറിറ്റി മുന്നറിയിപ്പ് നല്കി. ഏകദേശം 1.5 മില്യൺ അതായത് അമ്പതിലൊരാൾക്ക് കോവിഡ് ബാധിച്ചിട്ടുള്ളതായാണ് കണക്ക്. പ്രത്യേകിച്ച് 70 വയസിനു മുകളിൽ പ്രായമുള്ളവരിൽ ഇൻഫെക്ഷൻ നിരക്ക് ഉയർന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
വിൻ്ററർ മാസങ്ങളിൽ യുകെയിൽ ഫ്ളു പടരുന്നതും കോവിഡ് നിരക്ക് ഉയരുന്നതും ഗവൺമെൻ്റ് മോണിട്ടർ ചെയ്ത് വരികയാണ്. ഫ്ളു വാക്സിന് യോഗ്യതയുള്ള എല്ലാവരും അവസരം പ്രയോജനപ്പെടുത്തണമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അഭ്യർത്ഥിച്ചു. റിസ്ക് ഗ്രൂപ്പിലുള്ള 6 മില്യണാളുകൾക്ക് ഇതു സംബന്ധിച്ച അറിയിപ്പ് അടുത്തയാഴ്ചകളിൽ ലഭ്യമാകും.
രണ്ടാഴ്ച മുൻപ് യുകെയിലെമ്പാടും ആയിരക്കണക്കിനാളുകളിൽ കോവിഡ് ടെസ്റ്റ് നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ഇൻഫെക്ഷൻ നിരക്ക് കണക്കാക്കിയത്. ഹോസ്പിറ്റൽ അഡ്മിഷൻ നിരക്കിലും വർദ്ധന ഉണ്ടായിട്ടുണ്ട്. ഇത് 85 വയസിനു മുകളിൽ പ്രായമുള്ളവരിലാണ് കൂടുതൽ കാണപ്പെട്ടത്. ഈ കാറ്റഗറിയിൽ 100,000 ന് 132.3 എന്നതാണ് നിരക്ക്. ജൂലൈയിൽ 80.1 ആയിരുന്ന നിരക്കാണ് ഇത്രയും വർദ്ധിച്ചത്.
ഹോളിഡേ കഴിഞ്ഞ് ആളുകൾ മടങ്ങിയെത്തിയതും സ്കൂളുകൾ തുറന്നതും മൂലം കോവിഡ് ഇൻഫെക്ഷൻ നിരക്ക് വർദ്ധന പ്രതീക്ഷിച്ചിരുന്നതാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സൂചിപ്പിച്ചു. ഒമിക്രോൺ വേരിയൻ്റാണ് ഇപ്പോഴത്തെ ഇൻഫെക്ഷന് കാരണമായി കണക്കാക്കുന്നത്.