Friday, 10 January 2025

കൂടുതൽ മോർട്ട്ഗേജ് ഡീലുകൾ മാർക്കറ്റിൽ... ശരാശരി പലിശ നിരക്ക് 6.3%... വരുമാനത്തിൻ്റെ 27 ശതമാനവും മോർട്ട്ഗേജ് ഇനത്തിൽ ചെലവാകുന്നു

കൂടുതൽ മോർട്ട്ഗേജ് ഡീലുകൾ മാർക്കറ്റിൽ വീണ്ടും ലഭ്യമായി തുടങ്ങി. മിനി ബഡ്ജറ്റിനെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തെ തുടർന്ന് നിരവധി ഡീലുകൾ മാർക്കറ്റിൽ നിന്ന് പിൻവലിക്കപ്പെട്ടിരുന്നു. ഹാലിഫാക്സും നേഷൻ വൈഡും അടക്കമുള്ള മോർട്ട്ഗേജ് പ്രൊവൈഡേഴ്സ് പുതുക്കിയ ഡീലുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. മാർക്കറ്റിലുള്ള ഫിക്സ്ഡ് ടേം മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് 6.3 ശതമാനമാണിപ്പോൾ. അഞ്ചു വർഷത്തെ ഫിക്സ്ഡ് ടേം ഡീലുകളുടെ ശരാശരി പലിശ നിരക്ക് 6.19 ശതമാനമായി ഉയർന്നു. മിനി ബഡ്ജറ്റ് അവതരിപ്പിക്കപ്പെട്ട സെപ്റ്റംബർ 23ന് രണ്ടു മുതൽ അഞ്ച് വർഷം വരെയുള്ള ഡീലുകളുടെ ശരാശരി പലിശ നിരക്ക് 4.75 ആയിരുന്നു. തുടർന്നുള്ള ആഴ്ചകളിൽ നിരക്ക് കുത്തനെ ഉയർന്നു.

കുടുംബങ്ങൾക്ക് വരുമാനത്തിൻ്റെ 27 ശതമാനവും മോർട്ട്ഗേജ് ഇനത്തിൽ ഇപ്പോൾ ചെലവാകുന്ന സ്ഥിതിയാണുള്ളത്. 1989 നു ശേഷം ആദ്യമായാണ് മോർട്ട്ഗേജ് പേയ്മെൻ്റ് ഇത്രയും ഉയരുന്നത്. ഇൻഫ്ളേഷനെ നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് വീണ്ടുമുയർത്തുമെന്ന അനുമാനത്തെ തുടർന്നാണ് മോർട്ട്ഗേജ് പ്രൊവൈഡർമാർ വിവിധ മോർട്ട്ഗേജ് ഡീലുകളുടെ നിരക്ക് ഉയർത്തിയത്. മിനി ബഡ്ജറ്റു ദിവസം 3,961 മോർട്ട്ഗേജ് ഡീലുകൾ മാർക്കറ്റിൽ ലഭ്യമായിരുന്നു. എന്നാൽ ഇന്നത്തെ കണക്കനുസരിച്ച് 2,905 ഡീലുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.

മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ടിൻ്റെ വിനിമയ മൂല്യം 1.03 യുഎസ് ഡോളറിലേയ്ക്ക് താഴ്ന്നെങ്കിലും കഴിഞ്ഞയാഴ്ച 1.15 ഡോളർ എന്ന നിലയിലേയ്ക്ക് മെച്ചപ്പെട്ടിരുന്നു. ഇന്നു രാവിലെ 1.10 ഡോളർ എന്ന നിരക്കിലാണ് വിനിമയം നടന്നത്.

Other News