Wednesday, 22 January 2025

കിംഗ് ചാൾസിൻ്റെ കിരീടധാരണം അടുത്ത വർഷം മെയ് 6 ന്

കിംഗ് ചാൾസ് മൂന്നാമൻ്റെ കിരീടധാരണം അടുത്ത വർഷം മെയ് 6 ന് നടക്കും. ബക്കിംഗാം പാലസ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നു നടത്തി. ലണ്ടൻ വെസ്റ്റ്മിൻസ്റ്റർ ആബേയിൽ കാൻ്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ മുഖ്യ കാർമ്മികത്വത്തിലായിരിക്കും മതപരമായ ചടങ്ങുകൾ നടക്കുന്നത്. ക്വീൻ കൺസോർട്ട് കാമില്ലയുടെ കിരീടധാരണവും ഇതോടൊപ്പമുണ്ടാവും.

ക്വീൻ എലിസബത്ത് II ൻ്റെ മരണത്തെ തുടർന്ന് കിംഗ് ചാൾസ് രാജസിംഹാസനാധികാരം ഏറ്റെടുത്തിരുന്നു. രാജ ഭരണാധികാരം ഔദ്യോഗികമായി തുടങ്ങിയതിൻ്റെ പ്രതീകാത്മക ചടങ്ങാണ് കിരീടധാരണത്തിലൂടെ അരങ്ങേറുന്നത്. കിംഗ് ചാൾസിനെ കിരീടമണിയിക്കുകയും  രാജ്യത്തിൻ്റെ പരമാധികാരിയായി അവരോധിക്കുകയും ചെയ്യും. 70 വർഷങ്ങൾക്കു ശേഷമാണ് ബ്രിട്ടണിൽ ഒരു കിരീടധാരണം നടക്കുന്നത്. 1953 ജൂണിൽ നടന്ന ക്വീൻ എലിസബത്ത് II ൻ്റെ മൂന്നു മണിക്കൂർ നീണ്ട കിരീടധാരണ ചടങ്ങിൽ 8,000 വിശിഷ്ടാതിഥികൾ പങ്കെടുത്തിരുന്നു.

ബ്രിട്ടൻ്റെ ചരിത്രത്തിൽ കിരീടധാരണം ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കൂടിയ രാജകുടുംബാംഗമാണ് 74 കാരനായ ചാൾസ് III.  പാരമ്പര്യ രീതികളോടൊപ്പം ആധുനികത്തനിമയും കൂടിച്ചേർന്ന ഒരു മണിക്കൂർ നീണ്ട കിരീടധാരണ ചടങ്ങാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞ 900 വർഷങ്ങളായി വെസ്റ്റ് മിൻസ്റ്റർ ആബേയാണ് ഈ ചടങ്ങിന് വേദിയാകുന്നത്.

Other News