Wednesday, 22 January 2025

ബ്രിട്ടീഷ് ട്രഷറിയും സെൻട്രൽ ബാങ്കും നീങ്ങുന്നത് എതിർദിശയിലാണെന്ന് ഐഎംഎഫ്. ടാക്സ് പോളിസിയിൽ മാറ്റം വരുത്തണമെന്ന്  ലിസ് ട്രസിനോടാവശ്യപ്പെട്ടു

ബ്രിട്ടീഷ് ട്രഷറിയും സെൻട്രൽ ബാങ്കും നീങ്ങുന്നത് എതിർദിശയിലാണെന്ന് ഇൻ്റർനാഷണൽ മോണിട്ടറി ഫണ്ട് അഭിപ്രായപ്പെട്ടു. ഒരേ കാർ ഒരേ സമയം എതിർദിശയിലേയ്ക്ക് ഓടിക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് ബ്രിട്ടണിലെന്നാണ്  ഐഎംഎഫ് പറയുന്നത്. ഗവൺമെൻ്റിൻ്റെ ചിലവുകൾക്കുള്ള വരുമാനത്തിൽ കുറവു വരുകയും ടാക്സ് കുറയ്ക്കുകയും ചെയ്യുന്ന നടപടി രാജ്യത്ത് സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് ഐഎംഎഫ് സൂചിപ്പിച്ചു. ടാക്സ് പോളിസിയിൽ മാറ്റം വരുത്തുന്നതാണ് അഭികാമ്യമെന്ന്  ഐഎംഎഫ് ലിസ് ട്രസിനെ അറിയിച്ചിട്ടുണ്ട്.

ക്വാസി കാർട്ടെംഗ് അവതരിപ്പിച്ച മിനി ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ ഇടക്കാലത്തേയ്ക്ക് നേരിയ സാമ്പത്തിക വളർച്ച നൽകുമെങ്കിലും വിലക്കയറ്റം രൂക്ഷമാക്കുമെന്നാണ് ഐഎംഎഫിൻ്റെ കാഴ്ചപ്പാട്. അടുത്ത വർഷം അവസാനത്തോടെ യുകെയിലെ നാണ്യപ്പെരുപ്പ നിരക്ക് 11.3 ശതമാനമായേക്കുമെന്ന് ഐഎംഎഫ് സൂചിപ്പിച്ചു. അടുത്ത രണ്ടു വർഷങ്ങളിൽ കുറഞ്ഞത് 9 ശതമാനം ശരാശരി വില വർദ്ധന നേരിടേണ്ടി വരും. നാണ്യപ്പെരുപ്പം 2 ശതമാനത്തിൽ നിലനിർത്തണമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ലക്ഷ്യത്തിൻ്റെ അടുത്തെങ്ങുമല്ല നിലവിലെ നിരക്ക്.

ബ്രിട്ടീഷ് പ്രോപ്പർട്ടി മാർക്കറ്റിൽ കൂടുതൽ മോർട്ട്ഗേജ് ഡീലുകൾ വീണ്ടും ലഭ്യമായി തുടങ്ങി. മിനി ബഡ്ജറ്റിനെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തെ തുടർന്ന് നിരവധി ഡീലുകൾ മാർക്കറ്റിൽ നിന്ന് പിൻവലിക്കപ്പെട്ടിരുന്നു. ഹാലിഫാക്സും നേഷൻ വൈഡും അടക്കമുള്ള മോർട്ട്ഗേജ് പ്രൊവൈഡേഴ്സ് പുതുക്കിയ ഡീലുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. മാർക്കറ്റിലുള്ള ഫിക്സ്ഡ് ടേം മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് 6.3 ശതമാനമാണിപ്പോൾ. അഞ്ചു വർഷത്തെ ഫിക്സ്ഡ് ടേം ഡീലുകളുടെ ശരാശരി പലിശ നിരക്ക് 6.19 ശതമാനമായി ഉയർന്നു. മിനി ബഡ്ജറ്റ് അവതരിപ്പിക്കപ്പെട്ട സെപ്റ്റംബർ 23ന് രണ്ടു മുതൽ അഞ്ച് വർഷം വരെയുള്ള ഡീലുകളുടെ ശരാശരി പലിശ നിരക്ക് 4.75 ആയിരുന്നു. തുടർന്നുള്ള ആഴ്ചകളിൽ നിരക്ക് കുത്തനെ ഉയർന്നു.

കുടുംബങ്ങൾക്ക് വരുമാനത്തിൻ്റെ 27 ശതമാനവും മോർട്ട്ഗേജ് ഇനത്തിൽ ഇപ്പോൾ ചെലവാകുന്ന സ്ഥിതിയാണുള്ളത്. 1989 നു ശേഷം ആദ്യമായാണ് മോർട്ട്ഗേജ് പേയ്മെൻ്റ് ഇത്രയും ഉയരുന്നത്. ഇൻഫ്ളേഷനെ നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് വീണ്ടുമുയർത്തുമെന്ന അനുമാനത്തെ തുടർന്നാണ് മോർട്ട്ഗേജ് പ്രൊവൈഡർമാർ വിവിധ മോർട്ട്ഗേജ് ഡീലുകളുടെ നിരക്ക് ഉയർത്തിയത്. മിനി ബഡ്ജറ്റു ദിവസം 3,961 മോർട്ട്ഗേജ് ഡീലുകൾ മാർക്കറ്റിൽ ലഭ്യമായിരുന്നു. എന്നാൽ ഇന്നത്തെ കണക്കനുസരിച്ച് 2,905 ഡീലുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.
 

Other News