Monday, 13 January 2025

മോർട്ട്ഗേജ് പേയ്മെൻറ് അടയ്ക്കാൻ പ്രയാസപ്പെടുന്നവരുടെ എണ്ണം ഉയരുന്നു. വീടുകളുടെ വില്പനയിൽ കുറവു രേഖപ്പെടുത്തി

മോർട്ട്ഗേജ് പേയ്മെൻറ് അടയ്ക്കാൻ പ്രയാസപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേയ്ക്ക് ഇത് അടുക്കുകയാണ്. വീടുകളുടെ വില്പനയിലും സെപ്റ്റംബർ മാസത്തിൽ കുറവു രേഖപ്പെടുത്തി. കോവിഡ് ലോക്ക് ഡൗൺ സമയത്തേതിന് തുല്യമായ സ്ളോഡൗൺ പ്രോപ്പർട്ടി മാർക്കറ്റിൽ ഉണ്ടായിട്ടുള്ളതായി റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് സർവേയേഴ്സ് പറഞ്ഞു. മോർട്ട്ഗേജ് നിരക്കിലുണ്ടാകുന്ന വർദ്ധന വീടുകളുടെ വിലയിടിവിന് കാരണമാകും. മോർട്ട്ഗേജ് പേയ്മെൻറിന് ബുദ്ധിമുട്ടുന്നവരുടെ എണ്ണം അടുത്ത വർഷം കുത്തനെ ഉയരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കരുതുന്നത്.

വീടു വില്പന സംബന്ധിച്ച അന്വേഷണങ്ങളിലും കുറവുണ്ടായതായി എസ്റ്റേറ്റ് ഏജൻറുമാർ സൂചിപ്പിച്ചു. വില്പനയ്ക്കുള്ള വീടുകളുടെ എണ്ണത്തിൽ കുറവുണ്ടായതു മൂലം വിലയിൽ നേരിയ വർദ്ധന ഉണ്ടായെങ്കിലും ഇത് അധികകാലം നീണ്ടു നിൽക്കില്ലെന്ന് മാർക്കറ്റ് ട്രെൻഡ് വ്യക്തമാക്കുന്നു. മോർട്ട്ഗേജ് തിരിച്ചടയ്ക്കാതിരുന്നതു മൂലമുള്ള റീ പൊസഷൻ നിരക്ക് ഇപ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. എന്നാൽ ഇതും അടുത്ത വർഷം ഉയരുമെന്ന സൂചനയാണ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് സർവേയേഴ്സ് നൽകുന്നത്. ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയ്ക്ക് നൽകപ്പെട്ട മോർട്ട്ഗേജുകളുടെ എണ്ണത്തിലും കുറവുണ്ടായതായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ സർവേ വെളിപ്പെടുത്തി.

Other News