Wednesday, 22 January 2025

അമേരിക്കയിൽ നിന്ന് വിളിച്ചു വരുത്തി... ബ്രിട്ടീഷ് ചാൻസലർ ക്വാസി കാർട്ടെംഗിനെ പ്രധാനമന്ത്രി ലിസ് ട്രസ് പുറത്താക്കി

ബ്രിട്ടീഷ് ചാൻസലർ ക്വാസി കാർട്ടെംഗിനെ പ്രധാനമന്ത്രി ലിസ് ട്രസ് പുറത്താക്കി. വാഷിംഗ്ടൺ ഡിസിയിൽ ഇൻ്റർനാഷണൽ ഫൈനാൻസ് മിനിസ്റ്റർമാരുടെ മീറ്റിംഗിൽ പങ്കെടുക്കാൻ പോയ ചാൻസലറെ അടിയന്തിരമായി ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. 38 ദിവസം മുമ്പാണ് പ്രധാനമന്ത്രി പുതിയ ചാൻസലറെ നിയമിച്ചത്.

സെപ്റ്റംബർ 23 ക്വാസി കാർട്ടെംഗ് അവതരിപ്പിച്ച മിനി ബഡ്ജറ്റ് ബ്രിട്ടീൻ്റെ സാമ്പത്തിക രംഗത്ത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. 45 ബില്യൺ പൗണ്ടിൻ്റെ ടാക്സ് ഇളവുകൾ പ്രഖ്യാപിച്ച ചാൻസലർ പകരം ഇത്രയും വരുമാനം കണ്ടെത്താനുള്ള മാർഗങ്ങൾ വിശദീകരിച്ചിരുന്നില്ല. മാർക്കറ്റിലെ ചലനങ്ങളെ തുടർന്ന് പൗണ്ടിൻ്റെ വിലയിടിയുകയും മോർട്ട്ഗേജ് മാർക്കറ്റിൽ നിന്ന് നിരവധി ഡീലുകൾ പിൻവലിക്കപ്പെടുകയും ചെയ്തു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തുമെന്ന ആശങ്കയും ശക്തമായിരുന്നു.

ടാക്സ് ഇളവിനെതിരെ പ്രതിപക്ഷത്തു നിന്നും കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും ശക്തമായ എതിർപ്പ് പ്രധാനമന്ത്രിയ്ക്കും ചാൻസലർക്കും നേരിടേണ്ടി വന്നു. ലിസ് ട്രസിൻ്റെ പ്രധാനമന്ത്രി പദവിയ്ക്ക് തന്നെ ഭീഷണിയുയർത്തുന്ന രീതിയിൽ കൺസർവേറ്റീവ് പാർട്ടിയിൽ നീക്കം നടക്കുന്നുണ്ട്. മിനി ബഡ്ജറ്റിലെ ചില പ്രഖ്യാപനങ്ങൾ ഡൗണിംഗ് സ്ട്രീറ്റ് തിരുത്തുമെന്നാണറിയുന്നത്. പ്രധാനമന്ത്രി ഇന്ന് പ്രസ് കോൺഫ്രൻസ് നടത്തുമെന്ന് സൂചനയുണ്ട്.

Other News