Monday, 23 December 2024

കോർപറേഷൻ ടാക്സിലും യുടേൺ... പ്രധാനമന്ത്രി പദത്തിൽ തുടരുമെന്ന് ലിസ് ട്രസ്...  പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് നിക്കോള സ്റ്റർജൻ. ജെറമി ഹണ്ട് പുതിയ ചാൻസലർ

പ്രധാനമന്ത്രി പദത്തിൽ തുടരുമെന്ന് ലിസ് ട്രസ് വ്യക്തമാക്കി. ഇന്ന് നടന്ന പ്രസ് കോൺഫറൻസിൽ ലിസ് പ്രസ് ഇക്കാര്യം സ്ഥിരീകരിച്ചു. 38 ദിവസം മുമ്പ് നിയമിച്ച ചാൻസലറെ പദവിയിൽ നിന്ന് പുറത്താക്കിയതിനു ശേഷമാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത്. മിനി ബഡ്ജറ്റിലെ  കോർപറേഷൻ ടാക്സ് തീരുമാനം ഗവൺമെൻ്റ് പിൻവലിച്ചു. ടാക്സ് 20 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കാനുള്ള തീരുമാനമാണ് മിനി ബഡ്ജറ്റ് പ്രകാരം വേണ്ടെന്നു വച്ചത്. ഇത് നടപ്പാക്കില്ല. ജെറമി ഹണ്ടിനെ പുതിയ ചാൻസലറായി ലിസ് ട്രസ് നിയമിച്ചു. മുൻ ഹെൽത്ത് ആൻഡ് ഫോറിൻ സെക്രട്ടറിയാണ് ജെറമി ഹണ്ട്.

സ്വന്തം പ്രധാനമന്ത്രി പദം നിലനിർത്താനുള്ള പ്രധാന നീക്കമാണ് ലിസ് ട്രസ്, ചാൻസലറെ പുറത്താക്കിയതു വഴി നടത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പകരം നിയമിച്ച ജെറമി ഹണ്ട് കൺസർവേറ്റീവ് ലീഡർഷിപ്പ് തെരഞ്ഞെടുപ്പിൽ റിഷി സുനാക്കിനെയാണ് പിന്തുണച്ചിരുന്നത്. പാർട്ടിയിലെ പിന്തുണ ഉറപ്പിക്കുന്നതിനുള്ള ലിസിൻ്റെ ശ്രമമായാണ് ഇതിനെ കരുതുന്നത്.

പാർട്ടിയിൽ ലിസ് ട്രസിനെതിരായ നീക്കങ്ങൾ ശക്തമാണ്. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് വൻ പരാജയം നേരിടേണ്ടി വരുമെന്ന ആശങ്ക പാർട്ടി നേതാക്കളിലുണ്ട്. ലിസ് ട്രസിനെ പ്രധാനമന്ത്രി പദത്തിൽ നിന്ന് ഉടനെ മാറ്റാൻ പാർട്ടി ഭരണഘടന അനുവദിക്കുന്നില്ല. ഒരു വർഷത്തിനുള്ളിൽ മറ്റൊരു ലീഡർഷിപ്പ് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ല. പ്രധാനമന്ത്രി രാജിവച്ചാൽ മാത്രമേ നേതൃമാറ്റം വീണ്ടും സാധ്യമാകുകയുള്ളൂ. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിൻസ്റ്റർ നിക്കോള സ്റ്റർജൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Other News