Thursday, 26 December 2024

ടാക്സ് വർദ്ധിപ്പിക്കും... മിനി ബഡ്ജറ്റിൽ തെറ്റുപറ്റിയെന്ന് ചാൻസലർ. കൂടിയ നിരക്കിലുള്ള  അടിസ്ഥാന പലിശ വർദ്ധന ആവശ്യമായി വന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും

മിനി ബഡ്ജറ്റിൽ തെറ്റുപറ്റിയെന്ന്  പുതിയ ചാൻസലർ ജെറമി ഹണ്ട് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ലിസ് ട്രസിൻ്റെയും പുറത്താക്കപ്പെട്ട ചാൻസലർ ക്വാസി കാർട്ടെംഗിൻ്റെയും സാമ്പത്തികനയ സമീപനങ്ങൾ ദോഷകരമായി മാറിയതായി അദ്ദേഹം പറഞ്ഞു. ടാക്സുകൾ കുറച്ച് കൊണ്ട് രാജ്യത്തിന് മുന്നോട്ട് പോകാനാവില്ല. ചില ടാക്സുകളെങ്കിലും വർദ്ധിപ്പിക്കേണ്ടി വരും. കൂടാതെ പൊതു ചിലവിലും കുറവു വരുത്തേണ്ടതുണ്ട്. ബ്രിട്ടൻ്റെ ഫൈനാൻഷ്യൽ മാർക്കറ്റിൽ സ്ഥിരത കൈവരുത്താനുള്ള നടപടികളുണ്ടാകുമെന്ന് ചാൻസലർ പറഞ്ഞു.

എന്നാൽ പുതിയ ചാൻസലറുടെ നിയമനവും കോർപ്പറേഷൻ ടാക്സിലെ യുടേണും മാർക്കറ്റിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ല. പ്രധാനമന്ത്രി പദവിയുണ്ടെങ്കിലും കൺസർവേറ്റീവ് പാർട്ടിയെ നിയന്ത്രിക്കുന്നതിൽ ലിസ് ട്രസ് ദുർബലയാണെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ലിസ് ട്രസിൻ്റെ പ്രധാനമന്ത്രി പദം എത്ര നാളത്തേയ്ക്ക് എന്ന ചോദ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. പുതിയ ചാൻസലർ ജെറമി ഹണ്ട് പ്രധാനമന്ത്രിയേക്കാൾ ശക്തമായ അധികാര കേന്ദ്രമായി മാറുമെന്ന സൂചനയാണുള്ളത്. പ്രധാനമന്ത്രിയ്ക്കൊപ്പം ഒരു കെയർടേക്കർ പ്രധാനമന്ത്രിയും രാജ്യത്തുള്ള സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

കൂടിയ നിരക്കിലുള്ള  അടിസ്ഥാന പലിശ വർദ്ധന ആവശ്യമായി വന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചിപ്പിച്ചു.  നേരത്തെ കരുതിയിരുന്നതിലും കൂടിയ നിരക്ക് വർദ്ധന ഇക്കാര്യത്തിൽ ഉണ്ടാകാനാണ് സാധ്യതയെന്ന് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു. നാണ്യപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ ലക്ഷ്യത്തിലെത്താനുള്ള നടപടിയുണ്ടാവുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ മോണിട്ടറി പോളിസി കമ്മിറ്റിയുടെ അടുത്ത യോഗം നവംബർ 3 നാണ്. 0.75 മുതൽ ഒരു ശതമാനം വരെ വർദ്ധന പലിശ നിരക്കിൽ ഉണ്ടാകാമെന്നാണ് മാർക്കറ്റ് കരുതുന്നത്.  ഗവൺമെൻ്റിൻ്റെ ഇക്കണോമിക് പ്ളാൻ ഒക്ടോബർ 31 ന് പ്രസിദ്ധീകരിക്കും. 

Other News