Wednesday, 22 January 2025

ബ്രിട്ടണിൽ ജനറൽ ഇലക്ഷൻ പ്രഖ്യാപിക്കണമെന്ന പെറ്റീഷനിൽ ഒപ്പുവച്ചവർ 600,000 കഴിഞ്ഞു. നാളെ വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്യും

ബ്രിട്ടണിൽ ജനറൽ ഇലക്ഷൻ പ്രഖ്യാപിക്കണമെന്ന പെറ്റീഷന് ജനപിന്തുണയേറുന്നു. ഇതുവരെ  600,000 ലേറെപ്പേർ പെറ്റീഷനിൽ ഒപ്പുവച്ചു കഴിഞ്ഞു.  പെറ്റീഷനിലെ ഒപ്പുകൾ 10,000 കഴിഞ്ഞപ്പോൾ ഗവൺമെൻ്റ് ഈ വിഷയത്തിൽ പ്രതികരണമറിയിച്ചിരുന്നു. 100,000 ഒപ്പുകൾ പെറ്റീഷന് ലഭിച്ചാൽ പാർലമെൻ്റിൽ ചർച്ച ചെയ്യണമെന്നാണ് ചട്ടം. ഇതനുസരിച്ച് ഇക്കാര്യം നാളെ പാർലമെൻ്റിൽ ചർച്ച ചെയ്യും. പ്രധാനമന്ത്രി ലിസ് ട്രസ് പദവി ഒഴിയണമെന്ന് കൺസർവേറ്റീവ് എം.പിയായ ക്രിസ്പിൻ ബ്ലൻ്റ് ആവശ്യപ്പെട്ടു. ആദ്യമായാണ് ഒരു കൺസർവേറ്റീവ് എം.പി ഇക്കാര്യം പരസ്യമായി ഉന്നയിക്കുന്നത്. ലിസ് ട്രസിൻ്റെ അവസരം കഴിഞ്ഞെന്നും പിൻഗാമിയാരെന്നത് കണ്ടെത്തുക എന്ന കാര്യമാണ് ഇനിയുള്ള പ്രധാന വിഷയമെന്നും ബ്ലൻ്റ് പറഞ്ഞു.

ബ്രിട്ടണിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെ തകർച്ച ഒഴിവാക്കാൻ ഇതിനിടെ ശ്രമമാരംഭിച്ചു. പ്രധാനമന്ത്രി ലിസ് ട്രസിനെ പുറത്താക്കി പാർട്ടിയെ സംരക്ഷിക്കാൻ സീനിയർ കൺസർവേറ്റീവുകൾ യോഗം വിളിച്ചിട്ടുണ്ട്. സീനിയർ എം.പിമാർ ഇതുമായി ബന്ധപ്പെട്ട് നാളെ യോഗം ചേരുമെന്നാണ് വിവരം. ലിസ് ട്രസിനെ ദിവസങ്ങൾക്കുള്ളിൽത്തന്നെ പുറത്താക്കണമെന്ന അഭിപ്രായമുള്ള എം.പിമാർ പാർട്ടിയിലുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലാണെങ്കിലും അതിൻ്റെ നിയന്ത്രണമില്ലാത്ത അവസ്ഥയാണ് ലിസ് ട്രസിനെന്ന് പാർട്ടി വൃത്തങ്ങൾ കരുതുന്നു. പാർട്ടിയുടെ നേതാവിനെ ഇത്രവേഗം മാറ്റിയാൽ അത് തെറ്റായ സന്ദേശം പൊതുജനങ്ങൾക്ക് നൽകുമെന്നും കൺസർവേറ്റീവ് പാർട്ടിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന സാഹചര്യം ഇതുമൂലം ഉണ്ടാകാമെന്നും പാർട്ടിയിലെ മിതവാദികൾ കരുതുന്നു. ലിസ് ട്രസിന് ക്യാബിനറ്റിലുള്ള പിന്തുണയും ദിനംപ്രതി കുറഞ്ഞു വരികയാണ്.

Other News