Thursday, 21 November 2024

ലണ്ടനിൽ ജനിച്ച ശശി തരൂർ... ഇന്ന് മത്സരത്തിനിറങ്ങുന്നത് കോൺഗ്രസ് പ്രസിഡൻ്റ് പദത്തിനായി... ആകാംക്ഷയോടെ യുകെ മലയാളികളും

ഒരേയൊരു സ്വപ്നവുമായി ആ പ്രതിഭാശാലി യുഎന്നിൽ നിന്നും ഇന്ത്യയിലേയ്ക്ക് മടങ്ങി... ഒരിക്കൽ റെഡ് ഫോർട്ടിൽ ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തുന്ന തലത്തിലേയ്ക്ക് വളരുക... പാണ്ഡിത്യം കൊണ്ടും വാക്ധോരണി കൊണ്ടും സദസുകളെ പിടിച്ചിരുത്തുന്ന മുൻ യുഎൻ അണ്ടർ സെക്രട്ടറി ഇന്ന് ഇന്ത്യൻ യുവത്വത്തിൻ്റെ ആവേശമാണ്... ഡിപ്ളോമാറ്റിൽ നിന്നും മുഴുസമയ രാഷ്ടീയക്കാരനിലേയ്ക്കുള്ള മാറ്റം... ആധുനിക ഇന്ത്യയെ നയിക്കാൻ തനിയ്ക്കാവുമെന്ന ആത്മവിശ്വാസത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റ് പദത്തിനായി സധൈര്യം അങ്കത്തട്ടിലേയ്ക്ക്..

ലണ്ടനിൽ ജനിച്ച ശശി തരൂർ ഇന്ന് നടക്കുന്ന കോൺഗ്രസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മുതിർന്ന നേതാവായ മല്ലികാർജുന ഖാർഗെയെ നേരിടും. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻ്റെ ചരിത്രം മുഴുവൻ ഇംഗ്ലണ്ടിലെ സദസുകളിൽ തലനാരിഴ കീറി വിവരിച്ച് ഒരു ദാക്ഷിണ്യവുമില്ലാതെ പൊതു വിചാരണ ചെയ്യുന്ന ശശി തരൂർ എന്നും ശ്രദ്ധിക്കപ്പെട്ടിരുന്ന വ്യക്തിത്വമാണ്. തെരഞ്ഞെടുപ്പിൽ ശശി തരൂർ എത്ര മാത്രം ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുമെന്നത് കാത്തിരിക്കുകയാണ് ബ്രിട്ടണിലെ മലയാളികൾ.

22 വർഷത്തിനു ശേഷം ആദ്യമായാണ് കോൺഗ്രസ് പ്രസിഡൻ്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യ തന്നെ ഉറ്റുനോക്കുന്ന മത്സരമായി ഇത് മാറിക്കഴിഞ്ഞു. ശക്തമായ പ്രചാരണവും സംസ്ഥാനങ്ങൾ തോറുമുള്ള പര്യടനവുമായി ശശി തരൂർ മുന്നേറിയപ്പോൾ പല പ്രവചനങ്ങളും തെറ്റി. ഒരു മത്സരത്തിൻ്റെ പ്രതീതി ഇല്ലാതെ തന്നെ ഖാർഗെ ജയിക്കുമെന്ന് കരുതിയവർ മാറിച്ചിന്തിച്ചു തുടങ്ങി. കോൺഗ്രസിൻ്റെ യുവനിരയിൽ നിന്ന് വൻ പിന്തുണയാണ് തരൂരിന് ലഭിക്കുന്നത്.

കോൺഗ്രസിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായുള്ള ശശി തരൂരിൻ്റെ ഉയർച്ച അത്ഭുതാവഹം തന്നെയാണ്. അറിവും കഴിവും ഡിപ്ളോമസിയുമുള്ള വിശ്വപൗരനെന്ന ലേബൽ തരൂരിന് തെരഞ്ഞെടുപ്പു രംഗത്ത് പെട്ടെന്ന് മുന്നേറാൻ സഹായകമായി. കോൺഗ്രസിൻ്റെ ഇലക്ടറൽ കോളജിൻ്റെ ആശീർവാദമുണ്ടായാൽ ശശി തരൂർ പ്രസിഡൻ്റ് പദവിയിലേയ്ക്ക് എത്തും. കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാരുടെ നിലപാടുകൾ പരിഗണിക്കുമ്പോൾ ഇതിന് സാധ്യത കുറവാണെങ്കിലും ഒരു അട്ടിമറി വിജയത്തിനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല.

വിവിധ സംസ്ഥാനങ്ങളിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനങ്ങളിലാണ് വോട്ടിംഗ് നടക്കുന്നത്. 9308 വോട്ടർമാരാണുള്ളത്. രാവിലെ പത്തുമുതൽ വൈകിട്ട് നാലു മണിവരെയാണ് തിരഞ്ഞെടുപ്പ്. ബുധനാഴ്ച ദില്ലിയിൽ വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തും.

Other News