മിനി ബഡ്ജറ്റിലെ മിക്കവാറും ഇളവുകൾ പുതിയ ചാൻസലർ റദ്ദാക്കി. ഇൻകം ടാക്സ് ബേസിക് റേറ്റ് 20 പെൻസായി തുടരും. സ്റ്റാമ്പ് ഡ്യൂട്ടി ഇളവിൽ മാറ്റമില്ല
സെപ്റ്റംബർ 23 ന് അന്നത്തെ ചാൻസലർ ക്വാസി കാർട്ടെംഗ് അവതരിപ്പിച്ച മിനി ബഡ്ജറ്റിലെ മിക്കവാറും ഇളവുകൾ പുതിയ ചാൻസലർ ജെറമി ഹണ്ട് റദ്ദാക്കി. ഇൻകം ടാക്സ് ബേസിക് റേറ്റ് 20 പെൻസായി തുടരും. ഇത് ഏപ്രിലിൽ മുതൽ 19 പെൻസായി കുറയ്ക്കാനുള്ള തീരുമാനം നടപ്പാക്കില്ല. വീടുകൾ വാങ്ങുമ്പോഴുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് തുടരും. നാഷണൽ ഇൻഷുറൻസ് പേയ്മെൻ്റിൽ വരുത്താൻ പദ്ധതിയിട്ട കുറവ് അതേപടി നടപ്പാക്കും. കോർപ്പറേഷൻ ടാക്സ് വർദ്ധന പിൻവലിയ്ക്കാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച പിൻവലിച്ചിരുന്നു.
എനർജി ബിൽ സപ്പോർട്ട് സ്കീം 2023 ഏപ്രിൽ വരെ തുടരും. ഇതിനു ശേഷം ഇക്കാര്യം റിവ്യൂ ചെയ്യും. ടൂറിസ്റ്റുകളായി യുകെയിലെത്തുന്നവർക്ക് നല്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വാറ്റ് ഫ്രീ ഷോപ്പിംഗ് റദ്ദാക്കി. ആൽക്കഹോളിൻ്റെ ഡ്യൂട്ടി മരവിപ്പിച്ചതും ചാൻസലർ പുനസ്ഥാപിച്ചു. ഡിവിഡൻ്റ് ടാക്സ് റേറ്റിൽ ഇളവ് നല്കില്ല. മുൻപ് പ്രഖ്യാപിച്ച 45 ബില്യൺ പൗണ്ടിൻ്റെ ടാക്സ് ഇളവുകളിൽ 32 ബില്യൺ പൗണ്ടിന് തുല്യമായ ഇളവുകൾ ഇതുവരെയും റദ്ദാക്കിയിട്ടുണ്ട്.
ടാക്സ് ഇളവുകൾ പിൻവലിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് ഫൈനാൻഷ്യൽ മാർക്കിൽ അനുകൂലമായ പ്രതികരണം ദൃശ്യമായി. പൗണ്ടിൻ്റെ വിനിമയമൂല്യം 1.13 ഡോളറായി ഉയർന്നു. മിനി ബഡ്ജറ്റിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് ചാൻസലർ ജറമി ഹണ്ട് ഹൗസ് ഓഫ് കോമൺസിൽ 15.30 ന് വിശദീകരണം നല്കും.