Thursday, 21 November 2024

പേരിൽ മാത്രം പ്രധാനമന്ത്രി... ലിസ് ട്രസിനെതിരെ ജോർജ് ഓസ്ബോൺ... രാജിയാവശ്യപ്പെട്ട് കൂടുതൽ എം.പിമാർ

പ്രധാനമന്ത്രിയാകാൻ ലിസ് ട്രസ് മുന്നോട്ട് വച്ച വാഗ്ദാനങ്ങളെല്ലാം പുതിയ ചാൻസലർ ജെറമി ഹണ്ട് പിൻവലിച്ചതോടെ കൂടുതൽ എം.പിമാർ ലിസ് ട്രസിൻ്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തി. ടാക്സ് ഇളവുകൾ നൽകുമെന്ന പ്രഖ്യാപനവുമായി കൺസർവേറ്റീവ് പാർട്ടി ലീഡർഷിപ്പ് തിരഞ്ഞെടുപ്പിൽ ക്യാമ്പയിൻ നടത്തിയ ലിസ് ട്രസ് എല്ലാ വാഗ്ദാനങ്ങളും പ്രധാനമന്ത്രി പദം സംരക്ഷിക്കാൻ കാറ്റിൽ പറത്തിക്കഴിഞ്ഞു. മിനി ബഡ്ജറ്റ് അവതരിപ്പിച്ച ചാൻസലർ ക്വാസി കാർട്ടെംഗിനെ പുറത്താക്കിയ ലിസ് ട്രസ് പുതിയ ചാൻസലറെ നിയമിച്ച് മിനി ബഡ്ജറ്റ് തന്നെ ഇല്ലാതാക്കി.

പ്രധാനമന്ത്രിയ്ക്കെതിരെ കൂടുതൽ കൺസർവേറ്റീവ് പാർട്ടി നേതാക്കൾ രംഗത്തുവന്നതോടെ ലിസ്ട്രസ് മുതിർന്ന നേതാക്കളെ ഇന്നു വൈകുന്നേരം കാണുന്നുണ്ട്. 1922 കമ്മിറ്റിയുടെ ചെയർമാനായ സർ ഗ്രഹാം ബ്രേഡിയും പ്രധാനമന്ത്രിയെ സന്ദർശിക്കും. മുൻ ചാൻസലർ ജോർജ് ഓസ്ബോൺ പ്രധാനമന്ത്രി ലിസ് ട്രസിനെ 'പ്രൈം മിനിസ്റ്റർ ഇൻ നെയിം ഒൺലി' എന്നാണ് വിശേഷിപ്പിച്ചത്.

പുതിയ കൺസർവേറ്റീവ് പാർട്ടി ലീഡറെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ ഒരു വർഷത്തിനുള്ളിൽ പദവിയിൽ മാറ്റം വരുത്താൻ നിലവിലെ റൂളുകൾ അനുവദിക്കുന്നില്ല. ആയതിനാൽ ലിസ് ട്രസിനെ പുറത്താക്കുന്നതിനായി പാർട്ടി റൂളുകൾ മാറ്റിയെഴുതാനുള്ള ശ്രമവുമായി നൂറോളം പാർട്ടി നേതാക്കൾ രംഗത്തുണ്ട്. ഇതിലൂടെ ലിസ് ട്രസിനെതിരായി അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്.
 

Other News