Wednesday, 25 December 2024

തെറ്റുപറ്റി... ക്ഷമ ചോദിച്ച് പ്രധാനമന്ത്രി. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ പാർട്ടിയെ താൻ നയിക്കുമെന്ന് ലിസ് ട്രസ്

തെറ്റു പറ്റിയെന്നും ഇതിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി ലിസ് ട്രസ്. മിനി ബഡ്ജറ്റിലെ നിർദ്ദേശങ്ങൾ സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതത്വത്തിൻ്റെ കാരണങ്ങൾ മനസിലാക്കുന്നുവെന്നും അത് തിരുത്തിക്കഴിഞ്ഞതായും ലിസ് ട്രസ് പറഞ്ഞു. പുതിയ ചാൻസലറെ നിയമിച്ച് രാജ്യത്ത് സാമ്പത്തിക സുസ്ഥിരത കൈവരിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയെ താൻ നയിക്കുമെന്ന് ലിസ് ട്രസ് വ്യക്തമാക്കി. 2019 ലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് കൺസർവേറ്റീവ് പാർട്ടി നല്കിയ വാഗ്ദാനങ്ങൾ നടപ്പാക്കിക്കൊണ്ട് ഗവൺമെൻ്റിനെ മുന്നോട്ട് നയിക്കുക എന്ന കർത്തവ്യം നിറവേറ്റുമെന്ന് ലിസ് ട്രസ് പറഞ്ഞു. പ്രധാനമന്ത്രി ലിസ് ട്രസിൻ്റെ രാജിയാവശ്യപ്പെട്ട് ഇതുവരെ അഞ്ചു കൺസർവേറ്റീവ് എം.പിമാർ രംഗത്തുവന്നു. മിനി ബഡ്ജറ്റിനെ തുടർന്നുണ്ടായ  ഫൈനാൻഷ്യൽ മാർക്കറ്റിലെ ദോഷകരമായ സംഭവ വികാസങ്ങളും ചാൻസലറുടെ പുറത്താക്കലും  ജനങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതായി അവർ കുറ്റപ്പെടുത്തി.

സെപ്റ്റംബർ 23 ന് അന്നത്തെ ചാൻസലർ  ക്വാസി കാർട്ടെംഗ് അവതരിപ്പിച്ച മിനി ബഡ്ജറ്റിലെ മിക്കവാറും ഇളവുകൾ പുതിയ ചാൻസലർ ജെറമി ഹണ്ട് ഇന്നലെ റദ്ദാക്കിയിരുന്നു. ഇതനുസരിച്ച് ഇൻകം ടാക്സ് ബേസിക് റേറ്റ് 20 പെൻസായി തുടരും. ഇത് ഏപ്രിലിൽ മുതൽ 19 പെൻസായി കുറയ്ക്കാനുള്ള തീരുമാനം നടപ്പാക്കില്ല. വീടുകൾ വാങ്ങുമ്പോഴുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് തുടരും. നാഷണൽ ഇൻഷുറൻസ് പേയ്മെൻ്റിൽ വരുത്താൻ പദ്ധതിയിട്ട കുറവ് അതേപടി നടപ്പാക്കും. കോർപ്പറേഷൻ ടാക്സ് വർദ്ധന പിൻവലിയ്ക്കാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച പിൻവലിച്ചിരുന്നു.

എനർജി ബിൽ സപ്പോർട്ട് സ്കീം 2023 ഏപ്രിൽ വരെ തുടരും. ഇതിനു ശേഷം ഇക്കാര്യം റിവ്യൂ ചെയ്യും. ടൂറിസ്റ്റുകളായി യുകെയിലെത്തുന്നവർക്ക് നല്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വാറ്റ് ഫ്രീ ഷോപ്പിംഗ് റദ്ദാക്കി. ആൽക്കഹോളിൻ്റെ ഡ്യൂട്ടി മരവിപ്പിച്ചതും ചാൻസലർ പുനസ്ഥാപിച്ചു. ഡിവിഡൻ്റ് ടാക്സ് റേറ്റിൽ ഇളവ് നല്കില്ല. മുൻപ് പ്രഖ്യാപിച്ച 45 ബില്യൺ പൗണ്ടിൻ്റെ ടാക്സ് ഇളവുകളിൽ 32 ബില്യൺ പൗണ്ടിന് തുല്യമായ ഇളവുകൾ ഇതുവരെയും റദ്ദാക്കിയിട്ടുണ്ട്. 

Other News