Wednesday, 22 January 2025

വാർഷിക എനർജി ബിൽ ശരാശരി 4,347 പൗണ്ടായേക്കും. രണ്ടു വർഷത്തെ എനർജി പ്രൈസ് ക്യാപ്പ് ആറുമാസ കാലയളവായി കുറച്ചത് കുടുംബ ബഡ്ജറ്റുകൾ തകർക്കും

രണ്ടു വർഷത്തെ എനർജി പ്രൈസ് ക്യാപ്പ് ആറുമാസമായി കുറച്ച ഗവൺമെൻ്റ് തീരുമാനം കുടുംബ ബഡ്ജറ്റുകൾ തകർക്കും. നേരത്തെ പ്രഖ്യാപിച്ചതിൽ നിന്നും വ്യതിചലിച്ചു കൊണ്ടുള്ള പുതിയ ചാൻസലർ ജെറമി ഹണ്ടിൻ്റെ നയം പൊതുജനങ്ങൾക്ക് വൻ സാമ്പത്തിക ഭാരം വരുത്തി വയ്ക്കും. ഓരോ വീടുകൾക്കും 400 പൗണ്ട് എനർജി സപ്പോർട്ട് സ്കീമിൻ്റെ ഭാഗമായി നൽകുമെന്നും അധികാരമേറ്റയുടൻ പ്രധാനമന്ത്രി ലിസ് ട്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2023 ഏപ്രിലിൽ എനർജി പ്രൈസ് ക്യാപ്പ് ഗ്യാരണ്ടി അവസാനിപ്പിക്കുമെന്നും ഇത് തുടരണമോയെന്നത് റിവ്യൂ നടത്തി തീരുമാനിക്കുമെന്നാണ് ജെറമി ഹണ്ട് സൂചിപ്പിച്ചത്. ഇങ്ങനെ സംഭവിച്ചാൽ വാർഷിക എനർജി ബിൽ ശരാശരി 4,347 പൗണ്ടായി ഉയരും. എനർജി ബിൽ റിലീഫ് സ്കീമിൻ്റെ ഭാഗമായി ബിസിനസുകൾക്കുള്ള കോർപ്പറേറ്റ് എനർജി ബിൽ ക്യാപ്പും 2023 ഏപ്രിലിൽ അവസാനിക്കുമെന്ന് ഗവൺമെൻ്റ് സൂചിപ്പിച്ചു.

വീടുകളുടെ ശരാശരി എനർജി ബിൽ 2,500 പൗണ്ടിൽ പരിമിതപ്പെടുത്തണമെന്ന നിർദ്ദേശമാണ്  ലിസ് ട്രസ് ഗവൺമെൻറ് നൽകിയിരുന്നത്. ഒക്ടോബർ മുതൽ എനർജി റെഗുലേറ്ററായ ഓഫ്ജെം എനർജി പ്രൈസ് ക്യാപ്പ് 3,549 പൗണ്ടായി ഉയർത്തിയിരുന്നു. ഇതേത്തുടർന്നാണ് ഗവൺമെൻ്റ് ഇടപെട്ടതും എനർജി പ്രൈസ് ഗ്യാരണ്ടി സ്കീം പ്രഖ്യാപിച്ചതും. ഇതു പ്രകാരം നൽകുന്ന 400 പൗണ്ട് ഒക്ടോബർ മുതലുള്ള എനർജി ബില്ലുകളിൽ  ആറ് തുല്യ തവണകളായി കുറവു വരുത്താൻ ഉപയോഗിക്കും.

അന്താരാഷ്ട്ര മാർക്കറ്റിൽ ഗ്യാസിൻ്റെയും ഓയിലിൻ്റെയും വില വർദ്ധിച്ചതിനെ തുടർന്നാണ് എനർജി പ്രൈസ് ക്യാപ്പ് ഉയർത്താൻ എനർജി റെഗുലേറ്ററായ ഓഫ്ജെം എനർജി കമ്പനികൾക്ക് അനുമതി നല്കിയത്. ഇതേത്തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ 54 ശതമാനം നിരക്ക് വർദ്ധന നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ട നിരക്ക് വർദ്ധനയാണ് ഒക്ടോബർ മുതൽ നിലവിൽ വന്നത്. 

Other News