ബ്രിട്ടൻ്റെ പുതിയ ഹോം സെക്രട്ടറിയായി ഗ്രാൻ്റ് ഷാപ്പ്സിനെ പ്രധാനമന്ത്രി ലിസ് ട്രസ് നിയമിച്ചു.
ബ്രിട്ടൻ്റെ പുതിയ ഹോം സെക്രട്ടറിയായി ഗ്രാൻ്റ് ഷാപ്പ്സിനെ പ്രധാനമന്ത്രി ലിസ് ട്രസ് നിയമിച്ചു. മുൻ ട്രാൻസ്പോർട്ട് സെക്രട്ടറിയായ ഗ്രാൻ്റ് ഷാപ്പ്സ് നിലവിലെ ഹോം സെക്രട്ടറി സുവല്ല ബ്രേവർമാൻ രാജിവച്ചയൊഴിവിലാണ് നിയമിതനായത്. മിനിസ്റ്റീരിയൽ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചതിനെ തുടർന്നാന്നാണ് ബ്രേവർമാന് സ്ഥാനമൊഴിയേണ്ടി വന്നത്. കോൺഫിഡൻഷ്യൽ ഡാറ്റാ പ്രൊട്ടക്ഷൻ സംബന്ധിച്ച ഗൈഡു ലൈൻ രണ്ടു തവണ ലംഘിച്ചതായാണ് വിവരം. എന്നാൽ ലിസ് ട്രസ് ഗവൺമെൻ്റിനെ നയങ്ങളിൽ അതൃപ്തിയുള്ളതായും രാജിക്കത്തിൽ പരാമർശമുണ്ട്. ഗവൺമെൻ്റിൻ്റെ സെക്യൂരിറ്റി റൂൾസിനു വിരുദ്ധമായി അതീവ രഹസ്യ സ്വഭാവമുള്ള ഡോക്യുമെൻ്റ് സ്വകാര്യ ഫോണിൽ ഷെയർ ചെയ്തതിനെ തുടർന്നാണ് രാജിയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. 43 ദിവസം മുമ്പാണ് പ്രധാനമന്ത്രി ലിസ് ട്രസ്, സുവല്ല ബ്രേവർമാനെ ഹോം സെക്രട്ടറിയായി നിയമിച്ചത്. മിനി ബഡ്ജറ്റിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ മൂലം ചാൻസലർ ക്വാസി കാർട്ടെംഗിനെ 38 ആം ദിവസം ലിസ് ട്രസ് പുറത്താക്കിയിരുന്നു.
ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ലിസ് ട്രസ് ഗവൺമെൻ്റ് വീഴ്ച വരുത്തിയതായും സംഭവിച്ച തെറ്റുകൾ കണ്ടില്ലെന്നു നടിക്കുകയാണെന്നും സുവല്ല ബ്രേവർമാൻ രാജിക്കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗവൺമെൻ്റ് തകർന്നു കൊണ്ടിരിക്കുകയാണെന്ന് ലേബർ പാർട്ടി അഭിപ്രായപ്പെട്ടു. രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിൽ കൺസർവേറ്റീവ് പാർട്ടി വൻ പരാജയമാണെന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടി കുറ്റപ്പെടുത്തി. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ലിബറൽ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു.